ശബരിമല തീർഥാടനം: പരമ്പരാഗത പാതയിലെ കാട് തെളിക്കാൻ നടപടിയില്ല
Mail This Article
ശബരിമല ∙ കാനനവാസനെ തേടിയുള്ള ഭക്തരുടെ യാത്ര തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. കാടും മേടും കടന്നു കല്ലും മുള്ളും താണ്ടി വേണം ഇത്തവണ ശരണ വഴികളിലൂടെ യാത്ര ചെയ്യാൻ. പരമ്പരാഗത നീലിമല പാതയിലൂടെ മലകയറുന്ന ഭക്തരെ കാത്ത് കാടുകയറിയ വിശ്രമ സ്ഥാനങ്ങളാണുള്ളത്.
കാടുകയറിയ കോൺക്രീറ്റ് ബെഞ്ചുകൾ
കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ എല്ലാ മാസപൂജയ്ക്കും ശബരിമലയിൽ തീർഥാടകരുടെ തിരക്കുണ്ട്. ആയിരക്കണക്കിനു തീർഥാടകർ എല്ലാ മാസവും എത്തിയിട്ടും പരമ്പരാഗത പാതയിലെ കാട് തെളിക്കാൻ അധികൃതർ തയാറായിട്ടില്ല. കാട്ടുമൃഗങ്ങൾ ഏറെയുള്ള സമയം. തീർഥാടകർ വിശ്രമിക്കാൻ ഉപയോഗിക്കുന്ന കോൺക്രീറ്റ് ബെഞ്ചുകൾ വരെ കാടും പടലും കയറി കാണാൻ പറ്റാത്ത വിധത്തിലാണു നീലിമലയിൽ. പരമ്പരാഗത പാതയിൽ നീലിമലയിലും അപ്പാച്ചിമേട്ടിലുമാണ് കഠിനമായ കയറ്റം. കുത്തനെയുള്ള നീലിമല ഒറ്റയടിക്കു കയറാൻ പറ്റില്ല.
ഇടയ്ക്കിടെ ഇരുന്നു വിശ്രമിച്ചു കയറിയില്ലെങ്കിൽ ഹൃദ്രോഗ ബാധ ഉണ്ടാകുമെന്നു ഡോക്ടർമാർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നു നിലപാടാണ് ദേവസ്വം ബോർഡും വനം വകുപ്പും സ്വീകരിച്ചിട്ടുള്ളത്. നീലിമല പാത തെളിക്കാൻ മുൻകൈ എടുക്കേണ്ടത് ദേവസ്വം ബോർഡാണ്. വനം വകുപ്പ് അവർക്കു വേണ്ട സഹായങ്ങൾ നൽകുകയും വേണം. മുഖ്യമന്ത്രി,ദേവസ്വം മന്ത്രി എന്നിവരുടെ യോഗങ്ങളിൽ കാനന പാതകൾ തെളിക്കുമെന്നു വനം വകുപ്പ് അറിയിച്ചതാണ്. എന്നാൽ നീലിമല പാതയിൽ ഇനിയും പണി തുടങ്ങിയിട്ടില്ല.
ആശുപത്രികൾ
തീർഥാടകർ എത്തും മുൻപേ സന്നിധാനം, പമ്പ, ശരണ വഴികൾ എന്നിവിടങ്ങളിലെ ആശുപത്രികൾ ഒരുങ്ങണം. നിലയ്ക്കൽ മുതൽ സന്നിധാനം വരെ 6 ആശുപത്രികളാണു തീർഥാടന കാലത്ത് ഉള്ളത്. ആട്ടത്തിരുന്നാൾ കഴിഞ്ഞ് 25ന് രാത്രി നട അടയ്ക്കുമ്പോൾ ആശുപത്രിയും പൂട്ടും. തീർഥാടന ഒരുക്കങ്ങൾക്കായി ഇപ്പോൾ ഇരുനൂറിലേറെ തൊഴിലാളികൾ സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ ഉണ്ട്. ഇവർക്ക് അടിയന്തര ചികിത്സ വേണമെങ്കിൽ പത്തനംതിട്ട വരെ എത്തണം. ഇതിനു പരിഹാരമായി സന്നിധാനം, പമ്പ ഡിസ്പൻസറികൾ തുലാമാസ പൂജകൾക്ക് ശേഷം സ്ഥിരമായി പ്രവർത്തിക്കണമെന്നാണ് ആവശ്യം. എന്നാൽ ആരോഗ്യ വകുപ്പ് ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല. സന്നിധാനം, പമ്പ ആശുപത്രികൾ നവംബർ ഒന്നു മുതൽ തുറന്നു പ്രവർത്തിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.
നീലിമല പാത, സ്വാമി അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ 15 അടിയന്തര പ്രഥമ ശുശ്രൂഷ കേന്ദ്രങ്ങൾ തുടങ്ങാനാണ് തീരുമാനം. ഇതിനുളള സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കി നൽകണം. കരിമല പാതയിൽ ജനുവരി ഒന്ന് മുതൽ പ്രഥമ ശുശ്രൂഷാ കേന്ദ്രം തുടങ്ങുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. മണ്ഡല കാലത്ത് ഇതുവരെ വരുന്ന തീർഥാടകർക്ക് അടിയന്തര ചികിത്സ വേണ്ടി വന്നാൽ പ്രഥമ ശുശ്രൂഷ പോലും നൽകാൻ കഴിയാതെ വരും. മുൻവർഷങ്ങളിലെ പോലെ പമ്പ- നിലയ്ക്കൽ റൂട്ടിൽ സഞ്ചരിക്കുന്ന ആശുപത്രി സൗകര്യം ഒരുക്കുന്നുണ്ട്.
മാലിന്യ സംസ്കരണം
ശുചിമുറി മാലിന്യങ്ങൾ സംസ്കരിക്കാൻ പമ്പയിൽ ഇപ്പോഴുള്ള സംവിധാനം അപര്യാപ്തമാണ്. 2018ലെ പ്രളയത്തിൽ വെള്ളം കയറി നശിച്ചതാണ്. അതിനുശേഷം താൽക്കാലിക സൗകര്യങ്ങൾ ഒരുക്കിയാണ് ഇത് പ്രവർത്തിപ്പിച്ചത്. കോവിഡ് കാരണം രണ്ട് വർഷം വലിയ തിരക്ക് ഇല്ലായിരുന്നു. തീർഥാടകർ കുറവായതിനാൽ ചെറിയ സംവിധാനം മതി. ഇത്തവണ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ശുചിമുറി മാലിന്യ സംസ്കരണം ഇതുവരെ അവലോകന യോഗങ്ങളിൽ കാര്യമായി ചർച്ച ചെയ്തിട്ടില്ല.