ADVERTISEMENT

മാരാമൺ ∙ പരസ്പരം കൈകൾ കോർത്ത് ദൈവത്തിന്റെ സൗധം പടുത്തുയർത്തണമെന്നും സഭകൾ അതിനായി ഒന്നിക്കണമെന്നും ഷംഷാബാദ് രൂപത ബിഷപ് മാർ റാഫേൽ തട്ടിൽ. മാരാമൺ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൗമ്യത വലിയ ശക്തിയാണ്. നമ്മുടെ സംസാരങ്ങൾ കേൾക്കുമ്പോൾ പലരും മൗനം പാലിക്കുന്നത് ഒന്നും അറിയാഞ്ഞിട്ടല്ല, ബുദ്ധിയുള്ളവരായിട്ടാണ്. കേൾക്കുന്ന പാതിയിൽ മറുപടി പറയുന്നവർ പലപ്പോഴും ബുദ്ധിഹീനരായി മാറുന്നു.

മറ്റുള്ളവരെ കേൾക്കുകയെന്നത് വലിയ കാര്യമാണ്. വലിയവന്റെയും ചെറിയവന്റെയും വാക്കുകൾക്ക് നമ്മൾ ചെവികൊടുക്കണം. അവരുടെ പ്രശ്‌നങ്ങൾ ക്ഷമയോടെ കേൾക്കാൻ സാധിക്കണം. ഇത് അവരെ ചേർത്തുപിടിക്കുന്നതിന് തുല്യമാണ്. അപരനെ കരുതുകയെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആത്മാവിൽ ദരിദ്രരായിരിക്കുന്നവർ ഭാഗ്യവാന്മാരെന്നും ദൈവരാജ്യം അവരുടെതെന്നും സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. എന്റെ കയ്യിലുള്ളത് എന്റെ സഹോദരന്റെ ആവശ്യങ്ങൾക്കുകൂടി കൊടുക്കാനുള്ളതാണെന്ന ബോധ്യം നമുക്ക് ഉണ്ടാകണം.

ഡോ.ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ് പ്രസ്താവന നടത്തി. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ.യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്, ഡോ.ഐസക്ക് മാർ പീലക്‌സിനോസ്, ഡോ.എബ്രഹാം മാർ പൗലോസ്, ഡോ.മാത്യൂസ് മാർ മക്കാറിയോസ്, ഡോ.തോമസ് മാർ തീത്തോസ് എന്നിവർ പങ്കെടുത്തു.

ഡോ.ശശി തരൂർ പ്രസംഗിക്കും

മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ മാരാമൺ കൺവൻഷൻ പന്തലിൽ ഇന്ന് 2.30ന് നടക്കുന്ന യുവവേദി യോഗത്തിൽ ഡോ.ശശി തരൂർ എംപി പ്രഭാഷണം നടത്തും. യുവജനസഖ്യം പ്രസിഡന്റ് ഡോ.തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിക്കും.

മാരാമണ്ണിൽ ഇന്ന്

∙7.30 കുട്ടികളുടെ യോഗം - കുട്ടിപ്പന്തലിൽ, ബൈബിൾ ക്ലാസ്- റവ.മോത്തി വർക്കി.
∙9.30 മിഷണറി യോഗം. വചന ശുശ്രൂഷ: റവ.മാർക്ക് ഡി.ചാപ്മാൻ..
∙2.30 - യുവവേദി. പ്രഭാഷണം : ഡോ.ശശി തരൂർ എംപി
∙05.00 - പൊതുയോഗം. വചന ശുശ്രൂഷ: ഡോ.മാത്യൂസ് മാർ മക്കാറിയോസ്.
∙7.00– കന്നട മേഖല വിശ്വാസികളുടെ സംഗമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com