കടുവ– കാട്ടാന സംരക്ഷണ പദ്ധതികൾ ലയിപ്പിച്ചു; കഷ്ടത്തിലാകുമോ ആനകൾ!
Mail This Article
പത്തനംതിട്ട ∙ മറ്റൊരു ലോക ഗജദിനം കൂടി കടന്നുപോകുമ്പോൾ കേരളത്തിലെ കാട്ടാനകളുടെ സംരക്ഷണത്തിനായുള്ള കേന്ദ്രഫണ്ട് ഇനിയും കുറയാൻ സാധ്യത.കടുവകളുടെയും ആനകളുടെയും സംരക്ഷണത്തിനായുള്ള വ്യത്യസ്ത പദ്ധതികൾ ഒരുമിച്ചാക്കി ഒന്നരമാസം മുൻപ് വന്ന ഉത്തരവാണ് ഈ രാജകീയ വന്യജീവി പദ്ധതികൾക്കു വെല്ലുവിളി ഉയർത്താൻ പോകുന്നത്.50 വർഷം പിന്നിടുന്ന പ്രോജക്ട് ടൈഗറും 31 വർഷം പിന്നിട്ട പ്രോജക്ട് എലിഫന്റും ചേർത്ത് പ്രോജക്ട് ടൈഗർ ആൻഡ് എലിഫന്റ് എന്നു പേരുമാറ്റിയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.
2019 ൽ കേന്ദ്രം 350 കോടി അനുവദിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം 188 കോടിയാണ് കടുവ സംരക്ഷണത്തിന് അനുവദിച്ചത്. പ്രോജക്ട് എലിഫന്റിന് വെറും 28 കോടി രൂപയും. ആനകൾക്ക് 4 സംരക്ഷിത വനങ്ങളുള്ള കേരളത്തിന് ഈ വർഷം 84 ലക്ഷം രൂപമാത്രമാണ് ലഭിച്ചത്. സംസ്ഥാന ഫണ്ട് ലഭിക്കുന്നതാണ് ഏക ആശ്വാസം.
കൃഷിയിടങ്ങളിലേക്കു കാട്ടാന കയറിവരുന്ന സംഭവങ്ങൾ കേരളത്തിൽ ഉൾപ്പെടെ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇവയെ സംരക്ഷിത– നിയന്ത്രണത്തിലാക്കാൻ കൂടുതൽ നടപടികളും തുകയും വേണ്ടി വരുന്ന സാഹചര്യത്തിൽ ഈ പദ്ധതികളെ ഒരുമിപ്പിച്ചത് രണ്ടും അവഗണിക്കപ്പെടാൻ കാരണമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
എന്നാൽ ആനകളും കടുവകളും സസ്യ– മാംസ ഭക്ഷ്യശൃംഖലയിലെ ഉയർന്ന ഇനങ്ങളായതിനാൽ ഇവ തമ്മിൽ ഏറ്റുമുട്ടലില്ലെന്നു മാത്രമല്ല, ഇവയ്ക്കു രണ്ടിനും ഒരേ സംരക്ഷണ തന്ത്രം മതിയാകുമെന്ന വാദമാണ് പരിസ്ഥിതി മന്ത്രാലയം ഉന്നയിക്കുന്നത്. രാജ്യത്തെ ആകെ ആനകളുടെ എണ്ണം 29964 ആണെന്നാണ് 2017 ലെ കണക്ക്. 2021–22 കാലത്ത് 535 പേർ ആനകളുടെയും 106 പേർ കടുവകളുടെയും ആക്രമണത്തിൽ രാജ്യത്തു മരിച്ചതായും കണക്കുകൾ പറയുന്നു.