ADVERTISEMENT

പന്തളം ∙ വീണ്ടും ചോരക്കളമായി എംസി റോഡ്. ഏനാത്ത് ജംക്​ഷനു സമീപം സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് കുളനട സ്വദേശി അനൂപിനു ജീവൻ നഷ്ടമായത് ഇന്നലെ പുലർച്ചെ. എംസി റോഡ് ജില്ലയിലൂടെ കടന്നുപോകുന്ന മാന്തുക മുതൽ ഏനാത്ത് പാലം വരെയുള്ള പ്രദേശങ്ങളിൽ അപകടം വിട്ടൊഴിയുന്നില്ലെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.

അതിൽത്തന്നെ മാന്തുക മുതൽ കൂരമ്പാല ജം‌ക്‌ഷൻ വരെയുള്ള 9.5 കിലോമീറ്റർ ദൂരത്തിനിടെയാണ് അപകടം ഏറ്റവും കൂടുതലെന്നു കണക്കുകൾ പറയുന്നു. എംസി റോഡിലെ മാന്തുക മുതൽ കൂരമ്പാല വരെയുള്ള പ്രദേശങ്ങളിലെ അപകടം വിട്ടൊഴിയാത്ത പ്രധാന ഹോട്സ്പോട്ടുകൾ ഇതാ,

മാന്തുക ജംക്​ഷൻ
കൊടുംവളവിനു ശേഷം 300 മീറ്ററോളം ദൂരം വളവോ തിരിവോ ഇല്ലാത്ത നേർപ്പാത. ആലപ്പുഴ ജില്ലാ അതിർത്തിയായ കാരയ്ക്കാടിനു ശേഷമുള്ള ജില്ലയിലെ ആദ്യ ജം‌ക്ഷൻ. വഴിയോരത്തെ കടകൾക്കും വീടുകളുടെ മതിലുകൾക്കും വാഹനാപകടങ്ങളിൽ നാശം സംഭവിച്ചതു പലതവണ.

pathanamthitta-medical-missiopn-junction
തിരക്കേറിയ മെഡിക്കൽ മിഷൻ ജംക്‌ഷൻ.

മെഡിക്കൽ മിഷൻ ജംക്​ഷൻ
എംസി റോഡിൽനിന്നു കായംകുളത്തേക്കുള്ള റോഡിലേക്കു തിരിയുന്ന ഭാഗം. ട്രാഫിക് സിഗ്നൽ ഇല്ലാത്തതാണ് ഇവിടെയും പ്രശ്നം. ജംക്‌ഷനിലെ ഹോട്ടലിൽനിന്നു ഭക്ഷണം വാങ്ങി ഇരുചക്ര വാഹനത്തിൽ കായംകുളം ഭാഗത്തേക്കു തിരിയുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് 2 അതിഥിത്തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞത് മാസങ്ങൾക്കു മുൻപ്.

pathanamthitta-chithra-hospital
ചിത്ര ആശുപത്രി ജംക്​ഷൻ

ചിത്ര ആശുപത്രി ജംക്​ഷൻ
300 മീറ്ററോളം നേർപ്പാത. വാഹനങ്ങളുടെ അമിത വേഗമാണ് ഇവിടെ പ്രശ്നം. പല വാഹനാപകടങ്ങളിലായി വഴിയോരത്തെ കടകൾക്ക് അടക്കം നാശം സംഭവിച്ചത് പല തവണ.

ഇടയാടി ജം‌ക്ഷൻ പരിസരം
ഇടയാടി ഗവ. എൽപി സ്കൂളിനോടു ചേർന്നുള്ള കൊടുംവളവ്. സ്കൂളിനോടു ചേർന്ന പ്രദേശമായതിനാൽ റോഡിന് ഇരുവശത്തും വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടുള്ള മുന്നറിയിപ്പു ബോർഡുകൾ പൊലീസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചീറിപ്പായുന്ന വാഹനങ്ങൾ ഗൗനിക്കുന്നില്ല. ഇവിടെ സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് യുവാവിനു ജീവൻ നഷ്ടമായത് 5 ദിവസങ്ങൾക്കു മുൻപാണ്.

pathanamthitta-koorombala
പല തവണ അപകടങ്ങൾ നടന്ന കുരമ്പാല ഇടയാടിയിൽ ഭാഗം.

കൂരമ്പാല ജംക്​ഷൻ
എംസി റോഡിൽനിന്നു കീരുകുഴി ഭാഗത്തേക്കു തിരിയുന്ന റോഡും പരിസരത്തുള്ള ബസ് സ്റ്റോപ്പുമാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വാഹനങ്ങൾ വളരെക്കൂടുതലാണെങ്കിലും ഇവിടെയും സിഗ്നൽ സംവിധാനമില്ല. ഇവിടെ റോഡരികിലുള്ള ഓടയ്ക്ക് പല ഇടങ്ങളിലും മൂടികളില്ല. മൂടിയില്ലാതെ കിടക്കുന്ന ഓടകളിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു പതിവ്.

EXTRA PAGE-Pathanamthitta-Manorama-First-A-18082023-2.sla
കുളനട- ആറന്മുള റോഡും കുളനട-ഓമല്ലൂർ റോഡും സംഗമിക്കുന്ന കുളനട ടിബി ജംക്​ഷൻ. ചിത്രങ്ങൾ:മനോരമ

കുളനട ടിബി ജം‌ക്​ഷൻ
കുളനട– ആറന്മുള റോഡ് എംഡി റോഡിൽ സംഗമിക്കുന്ന ജംക്​ഷൻ. ട്രാഫിക് സിഗ്നൽ ഇല്ലാത്തതിനാൽ രണ്ടു റോഡുകളിലേക്കും വാഹനങ്ങൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് തോന്നിയ പടി. ഇതോടൊപ്പം ജം‌ക്ഷനു സമീപമാണു പഞ്ചായത്ത് ഓഫിസ്. നിത്യേന ഇവിടേയ്ക്കും ഒട്ടേറെ വാഹനങ്ങളെത്തുന്നു.അപകട മരണങ്ങൾ കുറവാണെങ്കിലും അപകടം നിത്യസംഭവമാണിവിടെ.

pathanamthitta-valiyapalam
പന്തളം വലിയ പാലത്തിന് സമീപം കൈപ്പുഴ ക്ഷേത്ര റോഡ് എംസി റോഡിൽ ചേരുന്ന ഭാഗം

പന്തളം വലിയ പാലത്തിനു സമീപമുള്ള പ്രദേശം
കഴിഞ്ഞ 6 വർഷത്തിനിടെ സംഭവിച്ചതു 2 മരണം. കൊടുംവളവിൽ കൈപ്പുഴ ഭാഗത്തേക്കുള്ള ഇടറോഡാണ് ഇവിടെ അപകടം ക്ഷണിച്ചു വരുത്തുന്നത്. പന്തളം ഭാഗത്തുനിന്നു വരുന്ന വരുന്ന വാഹനങ്ങൾ എതിർദിശയിലുള്ള ഇടറോഡിലേക്കു തിരിയുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. പന്തളം പൊലീസ് സ്റ്റേഷൻ ജംക്‌ഷന് സമീപം പാലത്തിനു സമീപമുള്ള പന്തളം വില്ലേജ് ഓഫിസ്,, പോസ്റ്റ് ഓഫിസ് കെട്ടിടം എന്നിവയുടെ മതിലുകൾ വാഹനാപകടത്തിൽ തകർന്നു കിടക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി.

ഒരു മാസത്തിനുള്ളിൽ നാല് മരണം കൂടി 
പന്തളം ∙ എംസി റോഡിൽ പറന്തലിനും മാന്തുകയ്ക്കുമിടയിലുള്ള അപകടമരണക്കണക്ക് കഴിഞ്ഞ 15ന് മനോരമ പ്രസിദ്ധീകരിച്ചത് 144 ആയിരുന്നു. ഒരു മാസം തികയുമ്പോൾ ഇത് 148 ആയി ഉയർന്നു. വെള്ളിയാഴ്ച രാത്രി ഏഴോടെ, കുരമ്പാല ഇടയാടിയിൽ ജംക്‌ഷന് സമീപം ടിപ്പർ ലോറി സ്കൂട്ടറിലിടിച്ചതാണ് ഒടുവിൽ നടന്ന അപകടം.

സ്കൂട്ടർ യാത്രികനായ അടൂർ മണക്കാല കളീക്കൽ രാജേഷാണ് അപകടത്തിൽ തൽക്ഷണം മരിച്ചത്. 9.5 കിലോമീറ്റർ ദൂരത്തിനിടയിൽ ഇത്രയധികം അപകടങ്ങളും മരണങ്ങളും നടന്നിട്ടും പരിശോധനമോ പഠനമോ നടത്താൻ അധികൃതർ തയാറാകുന്നില്ല. ഒരു നടപടിയുണ്ടാകാൻ ഇനി എത്ര പേരുടെ രക്തം ചിന്തണമെന്നാണ് നാട്ടുകാരുടെ ചോദ്യം.

രഞ്ജിത്ത് കുളനട,(വ്യാപാരി)
തിരക്കേറിയ ജംക്‌ഷനാണെന്ന ഒരു പരിഗണനയുമില്ലാതെയാണ് വാഹനങ്ങൾ ടിബി ജംക്‌ഷനിലൂടെ ഓടുന്നത്. വേഗം നിയന്ത്രിക്കാറില്ല. കൃത്യമായ സൂചനാബോർഡുകളുടെ അഭാവവമുണ്ട്. അപകടങ്ങൾ ഇത്രയേറെ ആവർത്തിച്ചിട്ടും ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ വാഹനമോടിക്കുന്നവർ അശ്രദ്ധ കാട്ടുന്നതും പ്രധാന കാരണമാണ്. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതും പ്രശ്നമാണ്.

ബിനു കുളങ്ങര,(പ്രദേശവാസി)
തിരക്കേറിയ കുരമ്പാല ജംക്‌ഷനിൽ ഉൾപ്പെടെ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കേണ്ടതാണ്. പല ഭാഗങ്ങളിലും ഓടയ്ക്ക് മൂടിയില്ല. അപകടങ്ങളാവർത്തിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ പരിശോധന നടത്തി കാരണങ്ങൾ കണ്ടെത്തണം. രാത്രികാലങ്ങളിൽ എംസി റോഡിൽ പല ഭാഗങ്ങളിലും വെളിച്ചമില്ല. നവീകരണ പദ്ധതി നടപ്പാക്കിയ ശേഷവും വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കാൻ നടപടിയില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com