അപകടത്തിലേക്ക് വീണ്ടുമൊരു വീഴ്ച: പ്രദേശം അണക്കെട്ട് സുരക്ഷാ വിഭാഗത്തിന്റെ അധീനതയിൽ
Mail This Article
സീതത്തോട് ∙ കക്കി അണക്കെട്ടിനോടു ചേർന്ന് സംരക്ഷണ ഭിത്തി ഇടിഞ്ഞതിന്റെ വ്യാപ്തി വീണ്ടും വർധിച്ചു. അണക്കെട്ടിലെ ജല നിരപ്പ് താഴാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ. ഇടിഞ്ഞ സ്ഥലത്തിനോടു ചേർന്ന ഭാഗത്ത് നിർമിച്ചിട്ടുള്ള കെട്ടിടവും അപകട ഭീഷണിയിൽ. ആദ്യം ചെറിയ തോതിൽ ഇടിഞ്ഞിരുന്ന ഭാഗം അടുത്ത സമയത്തെ മഴയിൽ വീണ്ടും കൂടുതലായി ഇടിഞ്ഞ് മാറി. അണക്കെട്ടിന്റെ നിർമാണഘട്ടത്തിൽ ചെറിയ പാറക്കല്ലുകളും മക്കും ഉപയോഗിച്ച് നികത്തി എത്തുന്ന ഭാഗമാണിത്.
അണക്കെട്ടിലെ ജല നിരപ്പ് എടുക്കുന്ന കരാറുകാർക്കും വൈദ്യുതി ബോർഡ് ജീവനക്കാർക്കു താമസിക്കുന്നതിനായി ഏതാനും മാസം മുൻപാണ് അപകട ഭീഷണി നേരിടുന്ന കെട്ടിടം നിർമിക്കുന്നത്.
കെട്ടിടത്തിന്റെ അടിത്തറയിൽ നിന്ന് ഏകദേശം 5 അടി അകലെ മാറിയാണ് തീരം ഇടിഞ്ഞിരിക്കുന്നത്. അണക്കെട്ട് സുരക്ഷാ വിഭാഗത്തിന്റെ അധീനതയിലാണ് ഈ പ്രദേശം. ഇടിഞ്ഞ ഭാഗത്ത് മഴ വെള്ളം വീഴാതിരിക്കാൻ ടാർപ്പോളിൻ ഷീറ്റ് വിരിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ അടിഭാഗത്തു നിന്ന് സംരക്ഷണ ഭിത്തി കെട്ടിയെങ്കിൽ മാത്രമേ ബാക്കി ഭാഗങ്ങൾ ഇടിയാതെ സംരക്ഷിക്കാനാവൂ.