തോടിന് സംരക്ഷണഭിത്തിയില്ല;വെള്ളപ്പൊക്ക ഭീഷണിയിൽ 30 കർഷകർ
Mail This Article
കൂടൽ∙ കൃഷിയിടത്തിനു സമീപമുള്ള തോടിന് സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ വെള്ളപ്പൊക്ക ഭീഷണിയിൽ 30 കൃഷിക്കാർ. നെല്ലിമുരുപ്പ് മണ്ണുപ്പടി ഏലായിൽ വാഴ, ചീനി, പച്ചക്കറികൾ, മുല്ല എന്നിങ്ങനെ 75 ഏക്കറിൽ ചെറുതും വലുതുമായി കൃഷി ചെയ്യുന്ന കർഷകർക്കാണ് ഈ ദുരിതം. പഞ്ചായത്തിലും കലക്ടറേറ്റിലും മുതൽ നവകേരളസദസ്സ് വരെയുള്ള വാതിലുകൾ മുട്ടിയിട്ടും ഇവരുടെ കാത്തിരിപ്പിന് ഇനിയും അവസാനമില്ല.
ഇവരുടെ കൃഷിസ്ഥലത്തിന് സമീപത്ത് കൂടി ഒഴുകുന്ന തോടിന്റെ സംരക്ഷണഭിത്തി പലയിടത്തും ഇടിഞ്ഞ് പോയിട്ടുണ്ട്. മണ്ണും ചീനിക്കമ്പുകളും ഉപയോഗിച്ചാണ് താൽക്കാലിക പ്രതിരോധം തീർത്തിട്ടുള്ളത്. 15,000 രൂപ ചെലവാക്കിയാണ് ഈയടുത്ത് വലിയൊരു ഭാഗത്ത് തടയണ കെട്ടിയതെന്ന് കർഷകന്മാരായ ആർ. സുരേഷ്കുമാർ, സി. സുരേന്ദ്രൻ നായർ എന്നിവർ പറഞ്ഞു. ഇപ്പോൾ നിർമിച്ചത് ശാശ്വതപരിഹാരമല്ല എന്നും അടുത്ത കനത്തമഴയിൽ ഇത് തകരാൻ സാധ്യതയുണ്ട് എന്ന് ഇവർ കൂട്ടിച്ചേർത്തു.
2018 ലെ വെള്ളപ്പൊക്കത്തിൽ ഈ പ്രദേശത്തെല്ലാം വെള്ളം കയറിയതാണെന്നും അന്ന് 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിരുന്നതായി പ്രദേശത്തെ കർഷകർ പറഞ്ഞു. അന്നത്തെ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല എന്നും അതിന് ശേഷം ഈ വർഷമാണ് വീണ്ടും കൃഷിയിറക്കിയത് എന്നും ഇവർ കൂട്ടിച്ചേർത്തു. പരിസരത്തുള്ളവർ റബർ അടക്കമുള്ള നാണ്യവിളകളിലേക്കു തിരിഞ്ഞെങ്കിലും കൃഷിയെ ഇന്നും ചേർത്തുപിടിച്ച കർഷകർക്കാണ് ഈ ദുരവസ്ഥ.പന്നി ശല്യം രൂക്ഷമായതിനാൽ ഓരോ കൃഷിക്കാരനും സൗര വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ട്.
കനത്തമഴയിൽ വെള്ളം കയറുന്നതോടെ വൈദ്യുതവേലി നശിക്കുമ്പോൾ 40,000 രൂപയാണ് കർഷകന് നഷ്ടം വരിക. വെള്ളം കയറി കൃഷിക്കുള്ള നഷ്ടം കൂടിയായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമാണ് ഇവരെ കുഴക്കുന്നത്. സംരക്ഷണഭിത്തി നിർമിക്കാനുള്ള എസ്റ്റിമേറ്റ് തയാറായി എന്നുള്ള മറുപടിയിൽ അധികൃതർ മൗനം പാലിക്കുമ്പോൾ ഓരോ തവണ മാനം കറക്കുമ്പോൾ ഈ കർഷകരുടെ മനസ്സിൽ നിറയുന്നത് ആശങ്കയുടെ ഇരുട്ടാണ്.