ADVERTISEMENT

പത്തനംതിട്ട ∙ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി മുൻ എസ്ഡിപിഐ നേതാവിനെ തിരഞ്ഞെടുത്തു. മേൽകമ്മിറ്റി പ്രതിനിധിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്രാഞ്ച് സമ്മേളന പ്രതിനിധികൾ ഇറങ്ങിപ്പോയി. സിപിഎം പത്തനംതിട്ട നോർത്ത് ലോക്കൽ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ചിലാണു കഴിഞ്ഞ ദിവസം പ്രതിഷേധവും ഇറങ്ങിപ്പോക്കുമുണ്ടായത്. 

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥിയായിരുന്ന വ്യക്തിയെയാണ് ഇപ്പോൾ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എന്നാൽ ഇയാൾ സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ആളാണെന്നാണ് എതിർവാദം. പാർട്ടിയിലെ അംഗത്വം, ഭാരവാഹിത്വം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ പരിശോധനകൾ നടക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്. 

സിപിഎമ്മിലെ പല പ്രവർത്തകരും തീരുമാനത്തിൽ അമർഷത്തിലാണെന്നാണു സൂചന. തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്രാഞ്ച് അംഗവും പോഷക സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗവുമായ വ്യക്തി ഉൾപ്പെടെ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി. പത്തനംതിട്ട ഏരിയ സെക്രട്ടറിയാണു ഈ ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം കുറവായിരുന്നെന്ന വിഷയം അവലോകന യോഗത്തിൽ പാർട്ടി പരിശോധിക്കുമെന്നാണു സൂചന.

ജില്ലാ നേതൃത്വം അനാവശ്യ ഇടപെടൽ നടത്തുന്നെന്ന് 
സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം കടുപ്പിച്ച് പാർട്ടി പ്രവർത്തകർ. ലോക്കൽ, ഏരിയ കമ്മിറ്റികളിൽ ചർച്ച ചെയ്ത് തീർക്കേണ്ട പല വിഷയങ്ങളും സെക്രട്ടറി നേരിട്ടെത്തി പരിഹരിക്കുന്ന സമീപനവും സെക്രട്ടറി നിർദേശിക്കുന്നയാൾക്ക് നിയമന ഉത്തരവുകൾ നൽകുന്ന നിലപാടും അംഗീകരിക്കാനാവില്ലെന്ന രീതിയിൽ ചർച്ചയുണ്ടായെന്നാണു സൂചന.

പാർട്ടി പ്രവർത്തനം നടത്തി അർഹതയോടെ വരുന്നവരെ തഴഞ്ഞ് മറ്റു താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കു ദോഷം ചെയ്യുമെന്നും വിമർശനമുണ്ടായി. അനർഹർക്കു പരിഗണന ലഭിക്കുന്നതിൽ സാധാരണ പ്രവർത്തകർ അസംതൃപ്തരാണെന്നും വിലയിരുത്തലുകളുണ്ട്. 

സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലെ വിഷയങ്ങളിൽ ജില്ലാ സെക്രട്ടറി പലപ്പോഴും അനാവശ്യമായ ഇടപെടൽ നടത്തിയെന്ന ആരോപണവും സമ്മേളനങ്ങളിൽ ഉയർന്നു. കൊടുമൺ പഞ്ചായത്തിലെ ഏഴംകുളം–കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗമായ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന് തീരാവുന്ന ഒരു വിഷയം സംസ്ഥാന തലത്തിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി മാറ്റിയത് ജില്ലാ സെക്രട്ടറിയാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. 

ജില്ലാ കമ്മിറ്റിയംഗത്തിന്റെ വാക്കിന് ഇത്രയും വിലയാണ് സെക്രട്ടറി നൽകുന്നതെങ്കിൽ സാധാരണ പ്രവർത്തകന്റെ വാക്കിന് എന്തു വില നൽകുമെന്ന് പ്രവർത്തകർ ചോദിക്കുന്നു. കൂടാതെ റോഡിന്റെ ഓട നിർമാണം പോലും ജില്ലാ സെക്രട്ടറി നേരിട്ടെത്തി നിർദേശം നൽകിയത് പാർട്ടിയുടെ അന്തസ്സ് ഇല്ലാതാക്കിയെന്ന ആരോപണവും യോഗങ്ങളിലുണ്ടായി. ജില്ലാ നേതൃത്വത്തിനു താൽപര്യമുള്ളവരെ മാത്രം സംരക്ഷിക്കുന്ന നിലപാട് പാർട്ടിയുടെ ചട്ടക്കൂടിനെ ബാധിക്കുമെന്ന അഭിപ്രായവും സമ്മേളനങ്ങളിലുണ്ടായി. 

English Summary:

A CPM branch in Pathanamthitta, Kerala, has sparked controversy by electing a former SDPI leader as its secretary. This decision led to strong protests and a walkout by delegates during the branch meeting.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com