പരിമിതി മറന്ന് മനു വരയ്ക്കും; മനസ്സിലെന്നും അയ്യൻ
Mail This Article
ശബരിമല∙ അഭയമായി അയ്യനുള്ളപ്പോൾ പരിമിതി മനുവിന് പ്രശ്നമായില്ല. ഇടംകൈയിൽ വിരിഞ്ഞത് അയ്യപ്പ ചരിത്രം പറയുന്ന മനോഹരമായ ചിത്രങ്ങൾ. മാളികപ്പുറത്തെ അന്നദാന മണ്ഡപത്തിന്റെ ചുവരിലാണു ജന്മനാ വലതുകൈ മുട്ടിനു താഴെ ഇല്ലാത്ത മനു ചിത്രരചന നടത്തുന്നത്. മണികണ്ഠനെ കാട്ടിൽ നിന്ന് കണ്ടെടുത്തതു മുതലുള്ള വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ആക്രിലിക് പെയ്ന്റ് ഉപയോഗിച്ച് വരയ്ക്കുന്നത്. നാലു ചിത്രങ്ങൾ പൂർത്തിയാക്കി. ദിവസം ഒന്നെന്ന നിലയിൽ 25 ചിത്രങ്ങളാണ് വരയ്ക്കുന്നത്. ചെറുപ്പം മുതലേ ചിത്രങ്ങൾ വരയ്ക്കുന്ന മനു കൊട്ടാരക്കരയിലെ രവി വർമ ഇൻസ്റ്റിറ്റ്യൂട്ടിലാണു ചിത്രരചന പഠിച്ചത്. പിന്നീട് ജീവിത മാർഗമായി വാഹനങ്ങൾക്ക് നമ്പർ എഴുതി നൽകുന്ന ജോലി തുടങ്ങി.
ജീവിത പ്രതിസന്ധിയിൽ പെട്ട് കഷ്ടപ്പെടുമ്പോഴാണ് പിടവൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ചുവരിൽ ചിത്രം വരയ്ക്കാൻ അവസരം ലഭിച്ചത്. ഇതു വഴിത്തിരിവായി. ഇതിനിടെ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ചിത്രം വരയ്ക്കുന്നത് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് കാണാൻ ഇടയായി. അദ്ദേഹത്തിന് പ്രോത്സാഹനമായി കൂടുതൽ ക്ഷേത്രങ്ങളിൽ ചുവർ ചിത്രങ്ങൾ വരയ്ക്കാൻ അവസരം നൽകി.
പന്തളം കൊട്ടാരത്തിൽ ഉൾപ്പെടെ ചിത്രം വരച്ച മനു ബ്രഷും നിറക്കൂട്ടുകളുമായി മല കയറിയതോടെ അയ്യപ്പ ഭക്തരുടെ മനസ്സിലും ഇടം പിടിച്ചു. ആദ്യമായി മല കയറി സന്നിധാനത്ത് എത്തിയത് അയ്യപ്പ സ്വാമി ഏൽപിച്ച നിയോഗം പൂർത്തിയാക്കാൻ. പന്തളം കൊട്ടാരത്തിൽ മണികണ്ഠൻ എത്തിയത് മുതലുള്ള ഭാഗങ്ങൾ വരച്ചു .അയ്യപ്പൻ പുലിപ്പുറത്ത് എത്തുന്ന ചിത്രമാണ് ഇന്ന് വരയ്ക്കുക. പത്തനാപുരം സ്വദേശിയാണ്.