പത്തനം–തിട്ടയിടിഞ്ഞ്; ഇഴയുന്ന മേൽപ്പാല നിർമാണത്തിൽ കുരുങ്ങി ജില്ലാ ആസ്ഥാനം
Mail This Article
പത്തനംതിട്ട ∙ അബാൻ മേൽപാലത്തിന്റെ നിർമാണ ജോലികൾക്കായി ഏർപ്പെടുത്തിയ ഗതാഗത പരിഷ്കരണം നഗരത്തിൽ ഗതാഗത തടസ്സം രൂക്ഷമാക്കുന്നു. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിലുള്ള റോഡ് തകർന്നതും ഇതുവഴിയുള്ള ഗതാഗതം ദുരിതപൂർണമായതും അബാനിലും മിനി സിവിൽ സ്റ്റേഷനു മുന്നിലും സെൻട്രൽ ജംക്‌ഷനിലും ഗതാഗത തടസ്സത്തിനു കാരണമാവുകയാണ്. മേൽപാലത്തിന്റെ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കി ഗതാഗതം ക്രമീകരിച്ചാൽ മാത്രമേ അബാൻ, മിനി സിവിൽ സ്റ്റേഷനു മുൻവശത്തെ റോഡ്, സെൻട്രൽ ജംക്‌ഷൻ എന്നിവിടങ്ങളിലെ ഗതാഗത തടസ്സം പരിഹരിക്കാനാകൂ.റോഡ് തകർന്നു കിടക്കുന്നതിനാൽ, മിക്ക വാഹനങ്ങളും മിനി സിവിൽ സ്റ്റേഷൻവഴിയാണ് എസ്പി ഓഫിസ്, കെഎസ്ആർടിസി സ്റ്റാൻഡ്, മൈലപ്ര റോഡ് എന്നിവിടങ്ങളിലേക്ക് പോകുന്നത്.
ഇത് മിനി സിവിൽ സ്റ്റേഷനു മുന്നിലൂടെ കെഎസ്ആർടിസി സ്റ്റാൻഡ് വഴി പോകുന്ന റോഡിൽ ഗതാഗത തടസ്സമുണ്ടാക്കുന്നു. അബാൻ ജംക്‌ഷൻ മുതൽ മിനി സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്തെ അനധികൃത പാർക്കിങ് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. ഇതുവഴിയുള്ള വാഹനത്തിരക്ക് വർധിക്കുന്നതിൽ അനധികൃത പാർക്കിങ്ങിനും പങ്കുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലേക്കും മറ്റുമുള്ള വാഹനങ്ങൾ റോഡിലേക്കിറക്കിയാണ് പാർക്ക് ചെയ്യുന്നത്. റിങ് റോഡ് അടച്ചതിനാൽ, മൈലപ്ര ഭാഗത്തുനിന്ന് അബാനിലേക്ക് പോകേണ്ട വാഹനങ്ങൾ ഇപ്പോൾ മിനി സിവിൽ സ്റ്റേഷൻ–മൈലപ്ര റോഡിലൂടെയാണ് എത്തുന്നത്. ഇത് കെഎസ്ആർടിസി സ്റ്റാൻഡിന് മുൻവശത്ത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. അബാൻ ജംക്‌ഷനിൽ നിന്ന് റിങ് റോഡിലൂടെ കാൽനടക്കാർ കഷ്ടിച്ചാണ് ബസും മറ്റും ഇടിക്കാതെ നടന്നു പോകുന്നത്.
റോഡിൽ ദുരിതയാത്ര
നിർമാണം ആരംഭിച്ച് 2 വർഷം പിന്നിട്ടിട്ടും മേൽപാലത്തിന്റെ ജോലികൾ എങ്ങുമെത്തിയിട്ടില്ല. പാലം നിർമാണം പൂർത്തിയായാൽ മാത്രമേ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമാന്തരമായുള്ള സർവീസ് റോഡുകൾ പൂർണതോതിൽ പ്രവർത്തനയോഗ്യമാക്കാൻ സാധിക്കൂ. ബസ് സ്റ്റാൻഡിന്റെ മുൻപിലുള്ള സ്ഥലത്ത്, മേൽപാലത്തിനപ്പുറം സംരക്ഷണഭിത്തി നിർമിച്ച് സർവീസ് റോഡ് പൂർത്തിയാക്കുന്നതിനുള്ള ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഈ സർവീസ് റോഡ് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നാണ് കെആർഎഫ്ബി അധികൃതർ പറയുന്നത്. സംരക്ഷണഭിത്തി നിർമാണംകൂടി പൂർത്തിയായാൽ ഈ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടാൻ സാധിക്കും. സിവിൽ സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ പരിഹരിക്കാൻ ഇത് സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്.