സന്നിധാനത്ത് ഭീതി പരത്തി പാമ്പ്; പിടികൂടി വനപാലകർ
Mail This Article
ശബരിമല∙ മുകളിൽ തല ഉയർത്തി നോക്കുന്ന പാമ്പ് ഇതൊന്നും അറിയാതെ താഴെ ശരണം വിളിച്ചു നീങ്ങുന്ന തീർഥാടകർ. സന്നിധാനത്ത് ഇന്നലെ രാവിലെ 9ന് ആയിരുന്നു പാമ്പിനെ കണ്ടത്. മഹാ കാണിക്കയുടെ സമീപത്തു കൂടി അപ്പം, അരവണ കൗണ്ടറിലേക്കു പോകുന്ന വഴിയിൽ ബാരിക്കേഡിനു മുകളിലാണ് വലിയ നീളമുള്ള പാമ്പ് സ്ഥാനം പിടിച്ചത്. സംഭവം പൊലീസിന്റെ ശ്രദ്ധയിൽപെട്ടതോടെ തീർഥാടകരുടെ യാത്ര തടഞ്ഞു. ഉടൻ തന്നെ വനപാലകരെ വിവരം അറിയിച്ചു. അവർ എത്തി പിടികൂടാൻ ശ്രമിക്കുമ്പോൾ പാമ്പ് ബാരിക്കേഡിൽ നിന്നു താഴേക്ക് ചാടി. 20 മിനിറ്റ് നീണ്ട പരിശ്രമത്തിലൂടെ പിടികൂടിയ പാമ്പിനെ ഉൾവനത്തിൽ തുറന്നു വിട്ടു.
പിടികൂടിയത് 33 പാമ്പുകളെ
ശബരിമല∙ തീർഥാടനം തുടങ്ങിയ ശേഷം സന്നിധാനത്തു നിന്ന് ഇതുവരെ 33 പാമ്പുകളെ വനം വകുപ്പ് പിടികൂടി ഉൾവനത്തിൽ വിട്ടു. 5 അണലി, 14 കാട്ടുപാമ്പ് എന്നിവയെ ഉൾപ്പെടെയാണ് പിടികൂടിയത്. തീർഥാടന കാലം സുരക്ഷിതമാക്കാൻ വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.പരമ്പരാഗത പാതകളിൽ അപകടാവസ്ഥയിൽ നിന്ന മരച്ചില്ലകൾ മുറിച്ചു നീക്കി. കല്ലുകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്തു. സന്നിധാനത്തു നിന്നു മാത്രം 93 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടു.
അംഗീകൃത പാമ്പ് പിടിത്തക്കാരും എലിഫന്റ് സ്ക്വാഡും ഉണ്ട്. കുറുക്ക് വഴികളിലൂടെ യാത്ര ചെയ്യുന്നത് അപകടസാധ്യതകൾ ഉണ്ടാക്കും. ആദിവാസി വിഭാഗത്തിലുള്ളവർ ഉൾപ്പെടുന്ന വനംവകുപ്പിന്റെ എക്കോ ഗാർഡുകളും തീർഥാടകർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്. പമ്പയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള സ്പെഷൽ കൺട്രോൾ റൂമാണ് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.