പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു; സംസ്കരിക്കാൻ സംവിധാനമില്ല
Mail This Article
വടശേരിക്കര ∙ ശബരിമല തീർഥാടനം തുടങ്ങിയപ്പോൾ തന്നെ മാലിന്യം കത്തിച്ചു സംസ്കരണം തുടങ്ങി. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുള്ള ദുർഗന്ധം ടൗണിലെത്തുന്നവർക്ക് അസഹ്യമായി. കല്ലാറിനോടു ചേർന്ന് വടശേരിക്കര ചന്തയിലിട്ടാണു മാലിന്യം കത്തിക്കുന്നത്. ശബരിമല തീർഥാടനത്തിന്റെ ഭാഗമായി ഇടത്താവളവും ടൗണും ശുചീകരിക്കുന്നതിന് 34 തൊഴിലാളികളെ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്. അവർ വാരിക്കൂട്ടുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം സംസ്കരിക്കാൻ പഞ്ചായത്തിൽ സംവിധാനങ്ങളില്ല. ചെളിയും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കലർന്ന മാലിന്യമായതിനാൽ എംസിഎഫിൽ സൂക്ഷിച്ച ശേഷം ക്ലീൻ കേരള കമ്പനിക്കു കൈമാറാനും കഴിയില്ല.
ഇതുമൂലം പഞ്ചായത്തിന്റെ വാഹനത്തിൽ എത്തിക്കുന്ന മാലിന്യം ചന്തയിലെ കുഴിയിൽ നിക്ഷേപിക്കുകയാണ്. മാലിന്യത്തിന്റെ തോത് കൂടുമ്പോൾ കത്തിക്കും. പൊതു സ്ഥലത്തിട്ട് മാലിന്യം കത്തിച്ചാൽ പൊതുജനാരോഗ്യ നിയമ പ്രകാരം കേസെടുക്കാം. എന്നാൽ ഇവിടെ വേലി തന്നെ വിളവു തിന്നുന്നതിനാൽ ആര് കേസെടുക്കുമെന്നാണ് ചോദ്യം. പ്ലാസ്റ്റിക് മാലിന്യം നീറി പുകഞ്ഞാണു കത്തുന്നത്. നീറുമ്പോൾ വൻതോതിൽ പുക അന്തരീക്ഷത്തിൽ നിറയും. ടൗണിലെ വ്യാപാരികളും യാത്രക്കാരും സ്കൂൾ വിദ്യാർഥികളുമെല്ലാം ദുർഗന്ധം കലർന്ന പുക ശ്വസിക്കേണ്ട സ്ഥിതിയാണ്.