സന്നിധാനത്ത് സുരക്ഷയൊരുക്കാൻ കാക്കിക്കുള്ളിലെ താരങ്ങൾ
Mail This Article
ശബരിമല∙കാക്കിയുടെ കരുത്തും കലാബോധത്തിന്റെ കരുതലുമായി സന്നിധാനത്തെ പൊലീസ്. സിനിമ–സീരിയൽ താരം സദാനന്ദൻ ചേപ്പറമ്പ്, ശരീര സൗന്ദര്യ മത്സരത്തിലെ മിസ്റ്റർ സൗത്ത് ഇന്ത്യ ദയാലാൽ എന്നിവർ ഇവിടെ ഭക്തജന സേവനത്തിനെത്തിയ പൊലീസിലെ താരങ്ങളാണ്.കണ്ണൂർ ജില്ലയിലെ ആലക്കോട് സ്റ്റേഷനിൽ എഎസ്ഐയാണു സദാനന്ദൻ ചേപ്പറമ്പ്. കെഎപി ഒന്നാം ബറ്റാലിയൻ (തൃപ്പൂണിത്തുറ) സേനാംഗമാണ് ദയാലാൽ. സോപാനത്ത് ഭക്തരെ നിയന്ത്രിച്ചു കടത്തിവിട്ട് സുഖ ദർശനം ഒരുക്കുന്ന തിരക്കിലാണ് സദാനന്ദൻ. തീർഥാടകരെ പതിനെട്ടാംപടി കയറ്റാൻ സഹായിക്കുന്ന ജോലിയാണ് ദയാലാലിന്. വലിയ തിരക്കിനിടയിലും തീർഥാടകർ രണ്ടു പേരെയും തിരിച്ചറിയുന്നു. കുശലാന്വേഷണങ്ങൾ നടത്തുന്നു.
പാൽത്തൂ ജാൻവർ, പൊറാട്ട് നാടകം, പഞ്ചവർണ്ണ തത്ത, കിഷ്കിന്ധാകാണ്ഡം, തൊണ്ടിമുതലും ദൃക്സാക്ഷിയും കായംകുളം കൊച്ചുണ്ണി , സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, നേർച്ചപ്പെട്ടി,സ്റ്റേറ്റ് ബസ്, പടവെട്ട്, ചൂട്, ചാവേർ, അൻപോട് കൺമണി തുടങ്ങി പല സിനിമകളിലും സദാനന്ദനുണ്ട്. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും സദാനന്ദൻ ചേപ്പറമ്പ് നല്ലൊരു പൊലീസുകാരനാണ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയിൽ കള്ളനു പിന്നാലെ ഓടുന്ന പൊലീസുകാരൻ പ്രേക്ഷകരെ നന്നായി ചിരിപ്പിച്ചയാളാണ്. 40 സിനിമകളിൽ വേഷമിട്ട സദാനന്ദൻ നാടകത്തിലും ഷോർട്ട്ഫിലിമിലും സീരിയലിലും താരമാണ്. 24 തവണ ഇരുമുടിക്കെട്ടുമായി മല ചവിട്ടി അയ്യപ്പ ദർശനം നടത്തിയ ഇദ്ദേഹം ഇത്തവണ ഡ്യൂട്ടിക്ക് എത്തിയതും ഇരുമുടിക്കെട്ടുമായിട്ടാണ്.അതുപോലെ പതിനെട്ടാം പടിയിൽ തീർഥാടകരെ കൈപിടിച്ചു കയറ്റുന്ന കരുത്തനായ പൊലീസുകാരനെ കണ്ടാൽ ആരുമൊന്നു നോക്കും.
യുഎസിൽ നടക്കുന്ന പൊലീസുകാരുടെ രാജ്യാന്തര ബോഡി ബിൽഡിങ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പോകുന്നതിനിടെയാണു അയ്യപ്പ സന്നിധിയിലെ സേവനം ദയാലാലിനെ തേടി എത്തിയത്. പൊലീസ് സേനയുടെ ഭാഗമായിട്ട് 5 വർഷമായി. ആദ്യമായാണു ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. പതിനെട്ടാംപടി കയറാൻ ഭക്തരെ സഹായിക്കാൻ പ്രത്യേകമായി നിയോഗിച്ച സംഘത്തിലെ അംഗമാണ്. ബോഡി ബിൽഡിങ് തുടങ്ങിയിട്ട് 16 വർഷമായി. 4 വർഷം മിസ്റ്റർ കേരള പൊലീസ് പട്ടം. എറണാകുളം പച്ചാളം ലാൽ നിവാസിൽ ദേവദാസിന്റെയും രാജത്തിന്റെയും 3 മക്കളിൽ രണ്ടാമത്തേതാണ് ദയാലാൽ. അഭിഭാഷകയായ രേണുകയാണു ഭാര്യ. ഒരു വയസ്സുള്ള രുദ്രയാണ് മകൾ.