നാട്ടിൻപുറങ്ങളിൽ ‘കുട്ടിവനങ്ങൾ’, ഒപ്പം മൃഗങ്ങളും
Mail This Article
റാന്നി ∙ ടൗണുകളിലും നാട്ടിൻപുറങ്ങളിലുമെല്ലാം കുട്ടി വനങ്ങൾ രൂപപ്പെട്ടതോടെ കാടുവിട്ട് നാട്ടിലെത്തുന്ന മൃഗങ്ങളുടെ എണ്ണം വർധിച്ചു. ടാപ്പിങ് നടത്താതെ കിടക്കുന്ന റബർ തോട്ടങ്ങളാണ് അവയുടെ താവളങ്ങൾ.റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, വടശേരിക്കര, ചെറുകോൽ, അയിരൂർ എന്നീ പഞ്ചായത്തുകളിൽ ചെറുതും വലുതുമായ ഒട്ടേറെ റബർ തോട്ടങ്ങളുണ്ട്. റബറിനു വില കുറഞ്ഞതോടെ ഭൂരിപക്ഷം തോട്ടങ്ങളിലും വർഷങ്ങളായി ടാപ്പിങ് നടക്കുന്നില്ല. അവ കാടു മൂടിക്കിടക്കുകയാണ്. വെട്ടിയൊഴിഞ്ഞ തോട്ടങ്ങളും കാടു മൂടിക്കിടപ്പുണ്ട്.മുൻപ് വനാതിർത്തി കടന്നെത്തുന്നത് കാട്ടുപന്നികൾ മാത്രമായിരുന്നു.
എന്നാൽ ഇപ്പോൾ കേഴ, കാട്ടുപൂച്ച, മ്ലാവ്, കുറുനരി എന്നിവയെല്ലാം തോട്ടങ്ങളിൽ താമസമാക്കിയിരിക്കുന്നു. ടൗണുകളിലും മയിലുകൾ വിഹരിക്കുന്നു. കുരങ്ങുകളുടെ ശല്യം മൂലം കൃഷിയിറക്കാനാകാതെ കർഷകർ വലയുകയാണ്. ഇതിനു പുറമേ ഇടയ്ക്കിടെ കാട്ടാനകളും കാട്ടുപോത്തുകളും കടുവയും പുലിയുമൊക്കെ നാട്ടിൻപുറങ്ങളിലെത്തുന്നു. ജനവാസ കേന്ദ്രങ്ങളും വനമാണെന്ന പ്രതീതിയാണ് വന്യജീവികൾക്ക്. കാടുപോലെ റബർ തോട്ടങ്ങൾ കിടക്കുമ്പോൾ അവയ്ക്കു വിഹരിക്കാൻ കഴിയും. തീറ്റയും സുലഭം. പഞ്ചായത്തുകൾ ഇടപെട്ട് ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ നാട്ടിൻപുറങ്ങളിൽ കാടിന്റെ വിസ്തൃതി വർധിക്കും.