നാളെ നവംബർ 1 : പാഠം 1
Mail This Article
കല്ലമ്പലം∙ ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓൺ ലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് ഉത്സാഹത്തോടെ എത്തിച്ചേരുന്ന കുരുന്നുകൾക്ക് പുതുമ ഏറിയ അനുഭവങ്ങൾ നൽകി വരവേൽക്കാൻ ഒരുങ്ങി കെടിസിടി ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ പൂർണമായും ഉൾക്കൊണ്ടാണ് സ്കൂൾ തുറക്കുന്നത്. സ്കൂൾ പരിസരം പൂർണമായും ശുചീകരിച്ചു. ക്ലാസ് മുറികൾക്ക് പുതിയ മുഖഛായ പകർന്നും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും കുട്ടികൾക്കുള്ള പ്രത്യേക മാർഗ നിർദേശങ്ങൾ സ്ഥാപിച്ചും രക്ഷിതാക്കളുടെ യോഗം വിളിച്ചും ആണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.
കൂടാതെ പ്രവേശന കവാടം മുതൽ വിസ്മയ കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സാങ്കേതികമായ അറിവുകളെ ശരിയായ പാതയിലൂടെ വളർത്താൻ ലക്ഷ്യമിട്ട് തയാറാക്കിയ അടൽട്ട് ടിങ്കറിങ് ലാബും ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എൽപി, യുപി, എച്ച്എസ് വിഭാഗങ്ങളിൽ നിന്ന് 25 ശതമാനം കുട്ടികളാണ് ഒരു ദിവസം സ്കൂളിൽ എത്തിച്ചേരുന്നത്. എൽപി വിഭാഗം തിങ്കൾ, ചൊവ്വ യുപി വിഭാഗം ബുധൻ, വ്യാഴം എച്ച്എസ് വിഭാഗം വെള്ളി, ശനി എന്നീ ദിവസങ്ങളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്.
15ൽ അധികം വാഹനങ്ങൾ വിദ്യാർഥികളെ കൊണ്ടു വരാനും പോകാനും തയാറാക്കിയിട്ടുണ്ട്. മുഴുവൻ ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കി. സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്, ചെയർമാൻ എ.നഹാസ്, കൺവീനർ യു.അബ്ദുൽകലാം, എച്ച്എസ്എസ് പ്രിൻസിപ്പൽ എം.എസ്.ബിജോയ്, എച്ച്എസ് പ്രിൻസിപ്പൽ എം.എൻ.മീര എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകളുടെ ക്രമീകരണങ്ങൾ നടക്കുന്നത്.
സ്വാഗതഗാനവുമായി വരവേൽക്കാനൊരുങ്ങി തോന്നയ്ക്കൽ സ്കൂൾ
ചിറയിൻകീഴ്∙ സ്കൂൾ മുറ്റങ്ങളെ സജീവമാക്കി പഠന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്ന നാളെ വിദ്യാർഥികളെ വരവേല്‍ക്കാന്‍ സ്വാഗതഗാനമൊരുക്കി അധ്യാപകരും പിടിഎ പ്രതിനിധികളുമടക്കം പൂർവവിദ്യാർഥിക്കൂട്ടായ്മ രംഗത്ത്. തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലാണു കോവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വലിയൊരിടവേള പിന്നിട്ടെത്തുന്ന വിദ്യാർഥികള്‍ക്കായി സ്വാഗതഗാനം തയാറാക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുൻ ഡപ്യൂട്ടി സ്പീക്കർ വി.ശശി.എംഎൽഎ പ്രകാശനം നിർവഹിച്ചു. പുലരിദിനം... ഇതു കേരളപ്പിറവിദിനം എന്നു തുടങ്ങുന്ന പ്രവേശനോത്സവ ഗാനത്തിന്റെ രചന നിർവഹിച്ചത് സ്കൂളിലെ മലയാളം അധ്യാപകനായ എ.ഷാജിയും സംഗീതസംവിധാനം പൂർവവിദ്യാർഥിയും സംഗീതജ്ഞയുമായ ലൗലി ജനാർദനനുമാണ്.
അധ്യാപികയായ ബിന്ദു.വി.ആർ, പൂർവവിദ്യാർഥികളായ അനീഷ് തോന്നയ്ക്കൽ, സിനു.ബി, രാഗേഷ്.ആർ.ജി, അർജുൻ ഗോപൻ എന്നിവരുടെ കൂട്ടായ്മയിൽ ഏഴര മിനിറ്റിലധികം ദൈർഘ്യത്തിൽ വിഡിയോ ചിത്രീകരണവും പൂർത്തിയാക്കിക്കഴിഞ്ഞു. തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകവും സ്കൂൾ അങ്കണവും തോന്നയ്ക്കലിന്റെ പ്രകൃതിഭംഗിയും ഗാനത്തിലും ചിത്രീകരണത്തിലും മികവുപുലർത്തുന്നു. സ്കൂളിലെ തന്നെ വിദ്യാർഥികളും അധ്യാപകരുമാണു അഭിനേതാക്കളായി വേഷമിട്ടിട്ടുള്ളത്.