ആടിയുലയുന്നു ഈ സ്കൂൾക്കെട്ടിടം; ക്ലാസ് നിർത്തി, ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കി
Mail This Article
കിളിമാനൂർ∙ സദാ സമയവും ആടിയുലഞ്ഞ് കിളിമാനൂർ ഗവ.എച്ച്എസ്എസിലെ ആറു ക്ലാസ് മുറികളുള്ള ഇരുനിലക്കെട്ടിടം. തറയിൽ നിന്നു നോക്കിയാൽ കെട്ടിടത്തിന്റെ ഒരു ഭാഗം ഉലയുന്നതു വ്യക്തമായി കാണാം. ഒന്നാം നിലയിൽ കയറി നിന്നാലും കെട്ടിടത്തിന്റെ ആട്ടം അനുഭവപ്പെടും. എന്നാൽ ഭിത്തിക്ക് വിളളലോ പൊട്ടലോ ഇല്ലെന്നു സ്ഥലം സന്ദർശിച്ച ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം അധികൃതർ പറഞ്ഞു. മൈനിങ് ആൻഡ് ജിയോളജി വിഭാഗം പരിശോധന നടത്തിയ ശേഷം എന്ത് നടപടി എടുക്കണം എന്ന് തീരുമാനിക്കും.
കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇന്നലെ റദ്ദാക്കി. ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ മറ്റ് കെട്ടിടങ്ങളിലേക്കു മാറ്റി. കെട്ടിട്ടം കയർ കെട്ടി അടച്ചു. വെള്ളി വൈകിട്ട് സംസ്ഥാന സബ്ജൂനിയർ ഹാൻഡ്ബോൾ മത്സരത്തിന് എത്തിയവരാണ് കെട്ടിടത്തിന്റെ മുകൾ ഭാഗം ആടുന്നതു ആദ്യം കാണുന്നത്. ചാംപ്യൻഷിപ്പിന് എത്തിയവർക്ക് ഈ കെട്ടിടത്തിൽ താമസ സൗകര്യം ഒരുക്കിയിരുന്നു. ഇവർ സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വരെ ഈ കെട്ടിടത്തിൽ ക്ലാസ് പ്രവർത്തിച്ചിട്ടും അധ്യാപകരോ വിദ്യാർഥികളോ ഈ പ്രതിഭാസം എന്തുകൊണ്ട് തിരിച്ചിറഞ്ഞില്ല എന്നതും അത്ഭുതം. അതോ രണ്ടു ദിവസത്തിനകം ഉണ്ടായ മാറ്റമാണോ എന്നതും കണ്ടെത്തേണ്ടതുണ്ട്. ജില്ലാ പഞ്ചായത്ത് 2004–05 വർഷത്തിൽ ആണ് ഒന്നാം നില നിർമിച്ചത്. രണ്ടാം നില നിർമിക്കുന്നത് 4 വർഷം കഴിഞ്ഞും. വെള്ളക്കെട്ട് ഉള്ള പ്രദേശമാണിത്. മണ്ണിന് ഉറപ്പ് കുറവാണ്. മണ്ണിനടിയിൽ വെള്ളം കെട്ടി നിൽക്കുന്നതാണ് കെട്ടിടം ഉലയാൻ കാരണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.