ADVERTISEMENT

ആറ്റിങ്ങൽ∙ബൈപാസ് നിർമാണത്തിന്റെ ഭാഗമായി തിരുവാറാട്ട് കാവ് ക്ഷേത്രത്തിലെ ഭൂമിയിൽ കടന്ന് നിർമാണ പ്രവർത്തനം നടത്തിയെന്നു പരാതി. ക്ഷേത്ര ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണിതെന്നാണ് ആരോപണം. കേസിൽ അന്തിമ വിധി വന്നിട്ടില്ല.   ഭൂമി ഇടിച്ചു നിരത്തുകയും മരങ്ങൾ മുറിച്ച്  മാറ്റുകയും ചെയ്തതിനെതിരെ  പ്രതിഷേധം ശക്തമാണ് . ഭൂമിയിലെ  തെങ്ങുകൾ മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ട് മരം മുറി തടയുകയായിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പരദേവതാ സ്‌ഥാനമാണ് തിരുവാറാട്ട് കാവിനുള്ളത്. 716 വർഷത്തെ എഴുതപ്പെട്ട ചരിത്രമുള്ള ക്ഷേത്രത്തിന്റെ പല പ്രധാന ഭാഗങ്ങളും നിലവിലെ അലൈൻമെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ ഇടിക്കേണ്ടി വരുമെന്ന് പ്രതിഷേധക്കാർ പറയുന്നു.

പാട്ടുപുര, മതിൽ, ശീവേലിപ്പാത, പ്രദിക്ഷണ വഴി എന്നിവ ഇതിൽ ഉൾപ്പെടും.. ക്ഷേത്രത്തിന് കോട്ടം വരാത്ത വിധത്തിൽ ബൈപാസ് നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കണമെന്നാണ് ഭക്തരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി നിലവിലെ രൂപ രേഖയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ്  ദേവസ്വം ബോർഡ് കോടതിയെ സമീപിച്ചത്. തിരുവിതാംകൂർ രാജകുടുംബവും, നാട്ടുകാരും കോടതിയെ സമീപിച്ചിട്ടുണ്ട് .കേന്ദ്ര ഉപരിതല ഗതാഗത  മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് പ്രദേശവാസികളുടെ ഭാഗം കൂടി കേട്ട് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഓഗസ്റ്റിൽ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇതുവരെയും റിപ്പോർട്ട്‌ സമർപ്പിച്ചിട്ടില്ലെന്നും  പ്രദേശവാസികൾ പറഞ്ഞു. 

കാവിന്റെ ചരിത്ര പ്രാധാന്യം പരിശോധിക്കുന്നതിന് ആർക്കിയോളജിക്കൽ സർവേ  ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ   സ്ഥലം സന്ദർശിക്കുകയും  ദേശീയ പാത വിഭാഗത്തിന് കത്ത് നൽകുകയും ചെയ്തതായും ഇവർ പറയുന്നു. വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്ന്  കരാർ കമ്പനിയിലെ ജീവനക്കാരോട് പറഞ്ഞിരുന്നതായി  ദേവസ്വം അധികൃതർ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം ക്ഷേത്ര നട അടച്ച ശേഷമാണ്  മരങ്ങൾ മുറിച്ചതും മണ്ണിടിച്ചതും . ആറ്റിങ്ങൽ പൊലീസിലും സ്പെഷൽ തഹസിൽദാർക്കും പരാതി നൽകി എന്ന് സബ്ഗ്രൂപ്പ് ഓഫിസർ കെ.വി വൈശാഖ് പറഞ്ഞു.

പ്രതിഷേധ യോഗം 

ആറ്റിങ്ങൽ∙ തിരുവാറാട്ട് കാവ് ക്ഷേത്ര ഭൂമിയിൽ കടന്ന്  ബൈപാസ് നിർമാണം നടത്തിയതിനെതിരെ ആറ്റിങ്ങൽ ഹിസ്റ്ററി ലവേ‍ഴ്സ് അസോസിയേഷൻ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.  എസ്എൻ കോളജ് റിട്ട. പ്രിൻസിപ്പൽ എം. ദേവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ഹിസ്റ്ററി ലവേ‍ഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ആർ. നന്ദകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. വേണുഗോപാൽ  വിഷയം അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com