ദേശീയപാതയുടെ വശങ്ങൾ കൈയടക്കി ടിപ്പർ ലോറികൾ
Mail This Article
പാറശാല∙പരശുവയ്ക്കൽ ജംക‌്ഷനു സമീപം ദേശീയപാതയുടെ വശങ്ങളിൽ ടിപ്പർ ലോറികൾ നിരയായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. തിരക്കേറിയ പാതയിൽ പകലും, രാത്രിയും ഒരു ഡസനോളം ലോറികളാണ് പല സമയത്തും നിരയായി പാർക്ക് ചെയ്യുന്നത്.
അമിത ലോഡുമായി തമിഴ്നാട്ടിൽ നിന്ന് നിർമാണ സാധനങ്ങൾ എത്തിക്കുന്ന ലോറികളാണ് വാഹന, കാൽനട യാത്രികർക്ക് ഭീഷണിയായി റോഡ് കയ്യേറുന്നത്.പാർക്ക് ചെയ്യുന്ന ലോറികൾ നിരയായി റോഡിലേക്ക് കയറുന്നത് മൂലം ദേശീയപാതയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് എതിർദിശയിൽ നിന്നെത്തുന്നത് കാണാൻ കഴിയാത്തതാണ് അപകടങ്ങൾക്ക് കാരണം .
കഴിഞ്ഞ 7ന് രാവിലെ ജംക്‌ഷനു സമീപം ലോറി പാർക്ക് ചെയ്തിരുന്നത് മൂലം റോഡ് മുറിച്ച് കടക്കാൻ മുന്നോട്ട് എടുത്ത ബൈക്കിൽ കാറിടിച്ച് കയറി രണ്ട് പേർക്കു പരുക്കേറ്റിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ നാല് അപകടങ്ങൾ ലോറികളുടെ അലക്ഷ്യമായ പാർക്കിങ് മൂലം സംഭവിച്ചിട്ടുണ്ട്. അപകടങ്ങളുടെ പശ്ചാത്തലത്തിൽ പാർക്കിങ് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.