രാത്രിയിൽ യാത്രചെയ്തയാൾ വഴിയരികിൽ കണ്ടത് കരടിയെ!; കിണറ്റിൽ വീണ കരടിയുടെ ഇണ?
Mail This Article
നെടുമങ്ങാട്∙ അരുവിക്കര ചെറിയകൊണ്ണി ഭാഗത്ത് കരടിയെ കണ്ടു എന്നുള്ളതിന് ഏറെക്കുറേ സ്ഥിരീകരണമായി. ചെറിയകൊണ്ണി കടമ്പ്രക്കുഴി മേക്കോണത്ത് രണ്ടു ദിവസം മുൻപ് രാത്രിയിൽ കരടിയെ കണ്ട വിവരം വഴിയാത്രക്കാരനായ രാഹുലനാണ് സമീപവാസികളെ അറിയിച്ചത്. ഇതിനെ തുടർന്ന് ശനിയാഴ്ച പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എൽ.സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ വനപാലക സംഘവും, ഫോറസ്റ്റ് റാപിഡ് റെസ്പോൺസ് ടീം അംഗങ്ങളും പരിശോധന നടത്തിയിരുന്നു.
മേക്കോണം ഭാഗത്ത് കണ്ടെത്തിയതായി പറയുന്ന കരടിയുടെ കാൽപാദത്തിന്റെ പടം എടുത്ത് പെരിയാർ ടൈഗർ റിസർവ് കേന്ദ്രത്തിലേക്ക് അയച്ചു കൊടുത്തിരുന്നു. അവിടത്തെ പരിശോധനയിലാണ് ഇത് കരടിയുടെ കാൽപാദം ആണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചതെന്ന് റേഞ്ച് ഓഫിസർ അറിയിച്ചു. പരിശോധനയിൽ ഇവിടെ കണ്ടെത്തിയ കാൽപാദം കരടിയുടേത് ആണെന്ന് 70 ശതമാനത്തോളം സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോർട്ട്.
ഇതേ തുടർന്ന് മേക്കോണം ഭാഗത്ത് നിരീക്ഷണത്തിനായി വനം വകുപ്പ് 2 ക്യാമറകൾ സ്ഥാപിച്ചു. ഇനി ക്യാമറ ട്രാപ് കൂടി സ്ഥാപിച്ചാൽ മാത്രമേ കരടിയുടെ സഞ്ചാര പാത വ്യക്തമായി അറിയാൻ കഴിയൂ. ഇവിടെ കണ്ടതായി പറയപ്പെടുന്ന കരടി വെള്ളനാട് കിണറ്റിൽ വീണ കരടിയുടെ ഇണയാണോ എന്ന് സംശയിക്കുന്നു. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാൻ ഇനിയുള്ള എല്ലാ രാത്രികളിലും വനം വകുപ്പിന്റെ പ്രത്യേക പട്രോളിങ് ഈ പ്രദേശത്ത് ഉണ്ടാകുമെന്നും റേഞ്ച് ഓഫിസർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അധികൃതർ നിർദേശിച്ചു.