ഇടവ ഗവ. മുസ്‌ലിം യുപി സ്കൂളിന് പുതിയ കെട്ടിടം
Mail This Article
ഇടവ∙ പഞ്ചായത്തിലെ ഗവ. മുസ്‌ലിം യുപി സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങി. ഏകദേശം രണ്ടു കോടിയോളം ചെലവഴിച്ചു നിർമിച്ച കെട്ടിടത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം അടുത്തമാസം മൂന്നിന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. പുതിയ കെട്ടിടം സ്ഥാപിക്കാൻ വി.ജോയി എംഎൽഎ മുൻകൈ എടുത്താണ് ഒരു കോടി രൂപ. പ്ലാൻ ഫണ്ടിൽ നിന്നു അനുവദിച്ചത്.
2020ൽ തറക്കല്ലിടുകയും തുടർന്നു നൂറു ദിന കർമപദ്ധതിയുടെ ഭാഗമായി ആദ്യഘട്ടം ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. പിന്നീട് 75 ലക്ഷം കൂടി അനുവദിച്ചു രണ്ടാം ഘട്ടം നിർമാണം കഴിഞ്ഞവർഷം ആരംഭിച്ചു ഇപ്പോൾ പൂർത്തിയാക്കി. ഓഫിസ്–കംപ്യൂട്ടർ മുറികൾ, ലൈബ്രറി, സയൻസ് പാർക്ക്, സയൻസ് ലാബ് ഉൾപ്പെടെ 12 മുറികളാണ് കെട്ടിടത്തിലുള്ളത്. ഇടവ പഞ്ചായത്ത് അനുവദിച്ച പത്തു ലക്ഷം ഉപയോഗിച്ചു എല്ലാ ക്ലാസുകളും ഹൈടെക് നിലവാരത്തിലാക്കി.
നിലവിൽ സ്കൂൾ വാഹന സൗകര്യമുണ്ടെന്നും പഞ്ചായത്തിലെ ഏക സമ്പൂർണ ഹൈടെക് സ്കൂളാണിതെന്നും പ്രഥമാധ്യാപകൻ ഡി.സതീശൻ, എസ്എംഎസി ചെയർമാൻ കെ.മുഹമ്മദ് ഹുസൈൻ എന്നിവർ അറിയിച്ചു. എൽപി തലത്തിൽ 1922ൽ സ്ഥാപിതമായ സ്കൂൾ 1952ൽ സർക്കാർ ഏറ്റെടുത്തു തുടർന്നു 1981ൽ യുപി സ്കൂളായി ഉയർത്തി.