പരുത്തിയൂരിൽ തിരയടി ശക്തം; നെയ്യാറിൽ കടൽ കയറുമോ...?
Mail This Article
പൊഴിയൂർ ∙ തിരയടി ശക്തമായ പരുത്തിയൂരിൽ കടൽ നെയ്യാറിലേക്കു നേരിട്ടൊഴുകുമെന്ന പ്രദേശവാസികളുടെ ആശങ്ക യാഥാർഥ്യത്തിലേക്ക്. ഇന്നലെ രാവിലെ മുതൽ ചെറിയ തോതിൽ കരയിലേക്ക് കയറിയ തിര വൈകിട്ടോടെ തീരദേശ റോഡും കടന്നു. സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ തന്നെ കടൽ വെള്ളം നെയ്യാറിലേക്കു നേരിട്ടൊഴുകും. ഒരു വർഷം മുൻപ് പരുത്തിയൂരിൽ തീരശോഷണം തുടങ്ങിയത് മുതൽ കടലും നെയ്യാറും അഭിമുഖമായി നിൽക്കുന്ന പരുത്തിയൂരിൽ ഇത്തരത്തിലുള്ള ഒരു സാഹചര്യം നാട്ടുകാർ പ്രതീക്ഷിച്ചിരുന്നതാണ്.
നാലു വർഷം മുൻപ് തമിഴ്നാട് അതിർത്തിയിൽ പുലിമുട്ട് സ്ഥാപിച്ചതോടെ ആണ് തെക്കേകൊല്ലങ്കോട് മുതൽ പരുത്തിയൂർ വരെയുളള കേരള തീരത്ത് തിര ശക്തമായത്. കരിങ്കൽ ഭിത്തി സ്ഥാപിച്ച് തിരയടി ചെറുക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും നടപടികൾ ഉണ്ടായില്ല.മാസങ്ങൾക്ക് മുൻപ് പരുത്തിയൂരിലെ ഫിഷ് ലാന്റിങ് സെന്റർ സംരക്ഷണത്തിനു സ്ഥാപിച്ച ഇരുപത്തഞ്ച് ലക്ഷത്തിന്റെ ജിയോ ബാഗും കടൽ എടുത്തു. തീരശോഷണം തടയാൻ കരിങ്കൽ ഭിത്തി സ്ഥാപിക്കൽ അല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലാത്ത സാഹചര്യം ആണ്. തീരം നഷ്ടമായതോടെ മത്സ്യതൊഴിലാളികൾക്ക് വള്ളം ഇറക്കാൻ കഴിയുന്നില്ല.