ആളും ആരവവുമില്ല; നിശ്ശബ്ദം എകെജി സെന്റർ: ചരിത്രവിജയത്തിലും മൗനസാന്ദ്രം മാരാർജി ഭവൻ
ഇന്ദിരാഭവനിൽഡബിൾ ത്രില്ലർ ആവേശം തിരുവനന്തപുരം ∙ ആറ്റിങ്ങലിലും തിരുവനന്തപുരത്തും ഡബിൾ ത്രില്ലറിന്റെ ആകാംക്ഷയും ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും: ഇത്രയേറെ പിരിമുറക്കത്തിലൊരു തിരഞ്ഞെടുപ്പുഫല ദിനം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ അടുത്തൊന്നും ഉണ്ടായിട്ടില്ല. ചങ്കിടിപ്പിച്ചും കയ്യടിപ്പിച്ചും അവസാന മണിക്കൂർ
ഇന്ദിരാഭവനിൽഡബിൾ ത്രില്ലർ ആവേശം തിരുവനന്തപുരം ∙ ആറ്റിങ്ങലിലും തിരുവനന്തപുരത്തും ഡബിൾ ത്രില്ലറിന്റെ ആകാംക്ഷയും ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും: ഇത്രയേറെ പിരിമുറക്കത്തിലൊരു തിരഞ്ഞെടുപ്പുഫല ദിനം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ അടുത്തൊന്നും ഉണ്ടായിട്ടില്ല. ചങ്കിടിപ്പിച്ചും കയ്യടിപ്പിച്ചും അവസാന മണിക്കൂർ
ഇന്ദിരാഭവനിൽഡബിൾ ത്രില്ലർ ആവേശം തിരുവനന്തപുരം ∙ ആറ്റിങ്ങലിലും തിരുവനന്തപുരത്തും ഡബിൾ ത്രില്ലറിന്റെ ആകാംക്ഷയും ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും: ഇത്രയേറെ പിരിമുറക്കത്തിലൊരു തിരഞ്ഞെടുപ്പുഫല ദിനം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ അടുത്തൊന്നും ഉണ്ടായിട്ടില്ല. ചങ്കിടിപ്പിച്ചും കയ്യടിപ്പിച്ചും അവസാന മണിക്കൂർ
തിരുവനന്തപുരം ∙ ആറ്റിങ്ങലിലും തിരുവനന്തപുരത്തും ഡബിൾ ത്രില്ലറിന്റെ ആകാംക്ഷയും ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും: ഇത്രയേറെ പിരിമുറക്കത്തിലൊരു തിരഞ്ഞെടുപ്പുഫല ദിനം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ അടുത്തൊന്നും ഉണ്ടായിട്ടില്ല. ചങ്കിടിപ്പിച്ചും കയ്യടിപ്പിച്ചും അവസാന മണിക്കൂർ വരെ നീണ്ട നാടകീയത കോൺഗ്രസ് ഓഫിസ് ‘നിറഞ്ഞ്’ അനുഭവിച്ചറിഞ്ഞു. തരൂരിന്റെ ജയമുറപ്പിച്ച് രാവിലെ മുതൽ പ്രവർത്തകർ ഇന്ദിരാഭവൻ ഹാളിലുണ്ടായിരുന്നു.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം
രാവിലെ ടിവിക്കു മുന്നിൽ ആദ്യമെത്തിയതു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. യുഡിഎഫ് കൺവീനർ എം.എം.ഹസനും പിന്നാലെയെത്തി. നേതാക്കൾക്കു പിന്നിൽ പ്രവർത്തകർ തടിച്ചുകൂടി. കസേര കിട്ടാത്തവർ ജനൽപ്പടികളിലും വരാന്തയിലും നിരന്നു. ആദ്യ മണിക്കൂറിൽ തന്നെ എൻഡിഎക്ക് കടുത്ത മത്സരം നൽകി ഇന്ത്യ മുന്നണിയുടെ മുന്നേറ്റം വിസ്മയത്തോടെയാണ് പ്രവർത്തകർ കണ്ടത്. നമുക്ക് 272 കിട്ടുമോ? കേരളത്തിലെ ഫലത്തെക്കാൾ ഇന്ത്യ മുന്നണിയുടെ മാറിമറിയുന്ന ലീഡായിരുന്നു ചർച്ച.
ഹിന്ദി ചാനലുകളിലെയും മലയാളം ചാനലുകളിലെയും ലീഡ് നിലയിലെ വ്യത്യാസവും ചൂടുള്ള ചർച്ചയായി. ചൂടാറാത്ത ചായയും എത്തി. ചായയുടെ മധുരം തീരുംമുൻപേ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് ഉയരാൻ തുടങ്ങി. ചർച്ച ചങ്കിടിപ്പിന് വഴിമാറി. മലയാളം ചാനലുകൾ മാറിമാറി വച്ച് ഹസൻ ലീഡ് നോക്കുമ്പോൾ സ്വന്തം മൊബൈലിൽ ദേശീയ ചാനലുകൾ കാണുകയായിരുന്നു രമേശ് ചെന്നിത്തല.
എൻഡിഎ ഭൂരിപക്ഷം 17,000 കടന്ന് 20,000 തൊട്ടപ്പോൾ പ്രവർത്തകർ അൽപം പതറി. ‘ 2014 ൽ ഒ.രാജഗോപാൽ ജയിച്ചെന്നു പറഞ്ഞ് ചാനലുകാർ ഇന്റർവ്യൂ വരെ എടുത്തതാ... ഈ ലീഡ് കാര്യമാക്കേണ്ട’ – പ്രവർത്തകരിലൊരാളുടെ കമന്റ്. കോവളം, നെയ്യാറ്റിൻകര, പാറശാല ഒക്കെ എണ്ണാൻ കിടക്കുന്നുവെന്നും ലീഡ് മാറുമെന്നും കെപിസിസി സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്.
ഉച്ചയോടെ എൻഡിഎ ലീഡ് കുറഞ്ഞുതുടങ്ങിയതോടെ വീണ്ടും രംഗം സജീവമായി. ലീഡ് നിലയിൽ പോസിറ്റീവ് ട്രെൻഡ് കണ്ടതോടെ ചാനലുകൾക്ക് ഇന്റർവ്യൂ കൊടുക്കാനും രമേശ് ചെന്നിത്തല തയാറായി. റായ്‌ബറേലിയിലും വയനാട്ടിലും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 3 ലക്ഷം കടന്നപ്പോൾ കയ്യടി മുഴങ്ങി.
1.22ന് തരൂർ ലീഡ് ചെയ്യുന്നതായി ആദ്യ വിവരം കയ്യടികളും ആർപ്പുവിളികളും മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ വരവേറ്റത്. കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇതിനിടെ മാധ്യമങ്ങളുടെ മുന്നിലെത്തി. സംസ്ഥാനത്ത് യുഡിഎഫ് ട്രെൻഡ് ഉറപ്പിച്ചശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം.
2 മണി കഴിഞ്ഞതോടെ തരൂരിന്റെ ഭൂരിപക്ഷം 15000 കടന്ന് വിജയമുറപ്പിച്ചു. സൂപ്പർ ഓവറിലെ സൂപ്പർ ലീഡ്. ഡോ.ശശി തരൂർ ഉടൻ ഇന്ദിരാഭവനിലെത്തുമെന്ന വാർത്ത അറിഞ്ഞതോടെ എല്ലാവരും മുറ്റത്തേക്കിറങ്ങി ആഘോഷം തുടങ്ങി. ഡിജെ പാട്ടുകളും പടക്കവും വർണപ്പുകയും കെപിസിസി ആസ്ഥാനത്തെ ഉത്സവപ്പറമ്പാക്കി. ആവേശത്തിനു നടുവിലേക്ക് വിജയകിരീടം ചൂടിയെത്തിയ തരൂരിനെ എടുത്തുയർത്തിയാണ് പ്രവർത്തകർ ഓഫിസിനുള്ളിലെത്തിച്ചത്.
ചരിത്രവിജയത്തിലും മൗനസാന്ദ്രം മാരാർജി ഭവൻ
തിരുവനന്തപുരം ∙ കേരളത്തിൽ ആദ്യമായി ലോക്സഭാ സീറ്റ് നേടുന്നതിലേക്ക് സുരേഷ് ഗോപിയിലൂടെ നടന്നടുക്കുന്നതിന്റെ വ്യക്തമായ സൂചന വന്നിട്ടും ബിജെപിയുടെ സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ ആവേശം തിളച്ചില്ല. 10,000 വീതം സുരേഷ് ഗോപി ലീഡുയർത്തുമ്പോൾ പ്രവർത്തകർ കയ്യടിച്ചെങ്കിലും ദേശീയ തലത്തിൽ ഉദ്ദേശിച്ച നേട്ടം കിട്ടാത്തതിന്റെ വിഷാദം ഓഫിസിൽ ചൂഴ്ന്നു നിന്നു.
ഉത്തർപ്രദേശിൽ പാർട്ടി പിന്നോട്ടുപോയത് മലയാള ടിവി ചാനലുകൾ ആഘോഷമാക്കിയപ്പോൾ നേതാക്കൾ ദേശീയ ചാനലുകളിലേക്ക് മാറി. രാജീവ് ചന്ദ്രശേഖർ ലീഡ് ഇരുപതിനായിരത്തോളം ഉയർത്തിയതോടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കറും ഓഫിസിലെത്തി. ചരിത്രം സൃഷ്ടിച്ച് 2 സീറ്റുകളിൽ ബിജെപി ജയിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് അവകാശപ്പെട്ടു.
പിന്നീട് അദ്ദേഹം സുരേഷ് ഗോപിയുടെ വീട്ടിലേക്കു പോയി. സുരേഷ് ഗോപി ജയം ഉറപ്പിക്കുന്നുവെന്ന വാർത്ത വന്നതോടെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഓഫിസിലെത്തിയത്. വോട്ടെണ്ണലിന്റെ മണിക്കൂറുകളിൽ ഏറെ സമയം മുന്നിൽ നിന്ന രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം തീരമേഖലയിലെ വോട്ടെണ്ണിത്തുടങ്ങിയതോടെ തോൽവിയിലേക്കു പോയത് നേതാക്കളെയും പ്രവർത്തകരെയും കടുത്ത നിരാശയിലാക്കി.
ആറ്റിങ്ങലിലെ ഫോട്ടോ ഫിനിഷിൽ വി. മുരളീധരൻ പരാജയപ്പെട്ടതു നിരാശയ്ക്ക് ആക്കം കൂട്ടി. പിന്നീടു വൈകിട്ട് സുരേഷ് ഗോപി എത്തിയപ്പോഴുള്ള ലഡുവിതരണവും ആഹ്ലാദപ്രകടനവും സ്വീകരണവുമൊക്കെയായിട്ടാണ് ഓഫിസിനു ജീവൻ വച്ചത്.
ആളും ആരവവുമില്ല; നിശ്ശബ്ദം എകെജി സെന്റർ
തിരുവനന്തപുരം ∙ വോട്ട് എണ്ണുന്നതിനു മുൻപു തന്നെ സിപിഎം വിധി ഉറപ്പിച്ചിരുന്നോ? ഇന്നലെ രാവിലെ എകെജി സെന്ററിനു മുന്നിലെ കാഴ്ചകൾ അങ്ങനെ തോന്നിപ്പിക്കുന്നതായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ, ഫലപ്രഖ്യാപന ദിവസം പ്രവർത്തകർ പുറത്ത് കാത്തുനിൽക്കും, മുന്നേറ്റം ഉണ്ടായെന്ന വിവരം ലഭിച്ചാലുടൻ മുദ്രാവാക്യം വിളി ഉയരും. എന്നാൽ ഇന്നലെ, കവാടത്തിനു പുറത്ത് നാലഞ്ചു പൊലീസുകാരും റിസപ്ഷനിൽ പാർട്ടി ചാനലിലെ വാർത്ത കേൾക്കുന്ന ഏതാനും പ്രവർത്തകരും മാത്രം.
തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടിയുടെ ഓഫിസ് ആണെന്നുപോലും തോന്നില്ല. ചാനലിൽ നോക്കി ഇരുന്നവർക്കു മുന്നിലേക്കു പ്രതീക്ഷയുടെ ഫ്ലാഷുകൾ വന്നു. ഇടതുമുന്നണി 8 സീറ്റുകളിൽ മുന്നിൽ. ചിലർ കസേര അൽപം കൂടി ടിവിയോട് ചേർത്തിട്ടു. അപ്പോഴേക്കും ഇടതുമുന്നണി യുഡിഎഫിനൊപ്പം എത്തി. തപാൽ വോട്ടുകളാണ് എണ്ണുന്നതെന്ന ഫ്ലാഷ് വന്നപ്പോൾ ഒരാളുടെ കമന്റ്: ‘ആ വോട്ടിൽ നമ്മളാണല്ലോ മുന്നിൽ.’ കേട്ടയാൾ തലയാട്ടി.
8.43ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എത്തി. ആരോടും ഒന്നും മിണ്ടാതെ അദ്ദേഹം മുകളിലത്തെ നിലയിലെ ഓഫിസിലേക്കു പോയി. വേറെ ആരുണ്ട് മുകളിൽ? ഒരാൾ റിസപ്ഷനിസ്റ്റിനോടു ചോദിച്ചു. പി.കെ.ബിജുവും എം.സ്വരാജും നേരത്തേ വന്നിട്ടുണ്ടെന്നു മറുപടി.മുന്നിൽനിന്ന ഇടതു സ്ഥാനാർഥികൾ മെല്ലെ യുഡിഎഫിനു വഴി മാറുന്ന ഫ്ലാഷുകളായിരുന്നു പിന്നീട്.
പാലക്കാടും കാസർകോടും ഉൾപ്പെടെ നാലഞ്ചെണ്ണത്തിൽ പാർട്ടിയുടെ സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നുണ്ട് എന്ന ആശ്വാസത്തോടെ പാർട്ടിപത്രം തുറന്നുനോക്കിയ ആൾ ഒന്നു തല ഉയർത്തുമ്പോഴേക്കും അതാ പാലക്കാട് എ.വിജയരാഘവൻ പിന്നിലേക്ക്.
കുറച്ച് വോട്ടുകൾക്കാണെന്ന് അവതാരകൻ പറഞ്ഞപ്പോൾ പ്രതീക്ഷ. മെല്ലെ പത്രം മടക്കി മേശപ്പുറത്തു വച്ചിട്ട് ചാനലിൽ ശ്രദ്ധിച്ചു. കാസർകോട്ടെ എം.വി. ബാലകൃഷ്ണനും പിന്നിൽ. സിപിഎമ്മിനു മേൽക്കൈയുള്ള നിയമസഭാ മണ്ഡലങ്ങൾ എണ്ണാനിരിക്കുന്നതേയുള്ളൂ എന്ന അവതാരകന്റെ വാക്കുകൾ കേട്ട ഒരാൾ അടുത്തിരുന്ന ആളിനോട്, ‘ഉണ്ണിത്താൻ ഇത്തവണ തോൽക്കുമെന്ന് അവിടത്തെ സഖാക്കൾ അന്നേ പറഞ്ഞതാ...’ അപ്പോഴേക്കും രാജ്മോഹൻ ഉണ്ണിത്താൻ ലീഡിൽ!
മുറ്റത്തു നിന്ന ഒരാൾ എതിരെയുള്ള പാർട്ടി ഫ്ലാറ്റിൽ ചൂണ്ടി ചോദിച്ചു, ‘അവിടെ കിടക്കുന്നത് ഇപി സഖാവിന്റെ കാറല്ലേ? സഖാവ് ഇങ്ങോട്ടു വന്നില്ല?’ കേട്ടുനിന്ന ആളിന്റെ മറുപടി: ‘രണ്ടിടത്തെയും ടിവിയിൽ ഒരേ വാർത്തയല്ലേ?’. മറ്റൊരാൾ പറഞ്ഞു, ‘ഇപി സഖാവ് ഇന്നലെ കണ്ണൂരിലേക്കു പോയി’.
ഇതിനിടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ എത്തി. മറ്റുള്ളവർക്കൊപ്പം അദ്ദേഹവും ചാനൽ വാർത്ത നോക്കി നിൽക്കെ, നരേന്ദ്ര മോദി 6000 വോട്ടിനു പിന്നിലെന്ന് ഫ്ലാഷ്. എല്ലാവർക്കും ആവേശം. വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർഥി ആര്? എങ്ങനെ മോദി പിന്നിലായി എന്നൊക്കെയായി പിന്നീടുള്ള വർത്തമാനങ്ങൾ. ആനാവൂർ പോയതും സ്വരാജ് വന്നു. അപ്പോൾ തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 7000 ൽ എത്തിയെന്ന വാർത്ത. സ്വരാജ് ഒരു മിനിറ്റ് വാർത്ത കണ്ട ശേഷം അകത്തേക്കു മടങ്ങി. അപ്പോൾ സിപിഎം സ്ഥാനാർഥികളിൽ രാധാകൃഷ്ണൻ മാത്രമായിരുന്നു മുന്നിൽ.