ലൈറ്റ്സ് ഓൺ...! മലയാള സിനിമയിലെ താരങ്ങളായിരുന്ന ചിത്രാഞ്ജലിയും മെറിലാൻഡും തിരിച്ചുവരവിന്റെ പാതയിൽ
മെറിലാൻഡ്, മൂവീ ലാൻ 1979ൽ ചലച്ചിത്രനിർമാണം നിർത്തിയ മെറിലാൻഡ്,ഇളമുറക്കാരിലൂടെവീണ്ടുംസജീവമാകുന്നു തിരുവനന്തപുരം വാട്ടർ വർക്സിലെ ഉദ്യോഗസ്ഥനായിരുന്നു പി.സുബ്രഹ്മണ്യം. കൃത്യനിഷ്ഠയിൽ വളരെ കണിശക്കാരൻ. ഒരു ദിവസം ഓഫിസിലെത്താൻ വൈകി. മേലുദ്യോഗസ്ഥൻ ഒന്നും പറഞ്ഞില്ല. സുബ്രഹ്മണ്യത്തെയും ക്ലോക്കിനെയും മാറിമാറി
മെറിലാൻഡ്, മൂവീ ലാൻ 1979ൽ ചലച്ചിത്രനിർമാണം നിർത്തിയ മെറിലാൻഡ്,ഇളമുറക്കാരിലൂടെവീണ്ടുംസജീവമാകുന്നു തിരുവനന്തപുരം വാട്ടർ വർക്സിലെ ഉദ്യോഗസ്ഥനായിരുന്നു പി.സുബ്രഹ്മണ്യം. കൃത്യനിഷ്ഠയിൽ വളരെ കണിശക്കാരൻ. ഒരു ദിവസം ഓഫിസിലെത്താൻ വൈകി. മേലുദ്യോഗസ്ഥൻ ഒന്നും പറഞ്ഞില്ല. സുബ്രഹ്മണ്യത്തെയും ക്ലോക്കിനെയും മാറിമാറി
മെറിലാൻഡ്, മൂവീ ലാൻ 1979ൽ ചലച്ചിത്രനിർമാണം നിർത്തിയ മെറിലാൻഡ്,ഇളമുറക്കാരിലൂടെവീണ്ടുംസജീവമാകുന്നു തിരുവനന്തപുരം വാട്ടർ വർക്സിലെ ഉദ്യോഗസ്ഥനായിരുന്നു പി.സുബ്രഹ്മണ്യം. കൃത്യനിഷ്ഠയിൽ വളരെ കണിശക്കാരൻ. ഒരു ദിവസം ഓഫിസിലെത്താൻ വൈകി. മേലുദ്യോഗസ്ഥൻ ഒന്നും പറഞ്ഞില്ല. സുബ്രഹ്മണ്യത്തെയും ക്ലോക്കിനെയും മാറിമാറി
മെറിലാൻഡ്, മൂവീ ലാൻ
1979ൽ ചലച്ചിത്രനിർമാണം നിർത്തിയ മെറിലാൻഡ്, ഇളമുറക്കാരിലൂടെ വീണ്ടും സജീവമാകുന്നു
തിരുവനന്തപുരം വാട്ടർ വർക്സിലെ ഉദ്യോഗസ്ഥനായിരുന്നു പി.സുബ്രഹ്മണ്യം. കൃത്യനിഷ്ഠയിൽ വളരെ കണിശക്കാരൻ. ഒരു ദിവസം ഓഫിസിലെത്താൻ വൈകി. മേലുദ്യോഗസ്ഥൻ ഒന്നും പറഞ്ഞില്ല. സുബ്രഹ്മണ്യത്തെയും ക്ലോക്കിനെയും മാറിമാറി നോക്കി. അത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. സർക്കാർ ഉദ്യോഗത്തോട് വിടപറയാൻ അദ്ദേഹം അപ്പോൾത്തന്നെ ഉറച്ചിരുന്നു. പിന്നെ വാഹനങ്ങളുടെ സ്പെയർ പാർട്സ് വിൽപനയിലേക്കും വർക്‌ഷോപ്പിലേക്കും നീങ്ങി. അതിലൂടെ പല ഉന്നത ബന്ധങ്ങളുമുണ്ടായി. അത് മലയാള ചലച്ചിത്ര ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. പി.സുബ്രഹ്മണ്യമെന്ന നിർമാതാവിന്റെയും.
ശ്രീപത്മനാഭ, ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തിയറ്ററുകളുടെ ശിൽപിയാണ് അദ്ദേഹം. തിയറ്ററുകളും സിനിമ നിർമാണവുമായി കഴിയുമ്പോഴാണ് സിനിമ നിർമാണത്തെ തിരുവനന്തപുരത്തേക്കു പറിച്ചുനടണമെന്ന ചിന്തയുണ്ടായത്. അങ്ങനെ രൂപം കൊണ്ടതാണ് മെറിലാൻഡ് സ്റ്റുഡിയോ. സുബ്രഹ്മണ്യ ഭക്തനായ അദ്ദേഹം മെറിലാൻഡ് ചിത്രങ്ങളുടെ ലോഗോ ആക്കിയതും ഇഷ്ദേവനെത്തന്നെ. പഴനിമലയിൽ വേലും മയിലുമായി നിൽക്കുന്ന ബാലമുരുകൻ. 1951ൽ നേമത്താണ് മെറിലാൻഡ് സ്റ്റുഡിയോ ആരംഭിച്ചത്. ബിഷപ് മാർ ഇവാനിയോസിൽ നിന്നാണ് സ്ഥലം വിലയ്ക്കു വാങ്ങിയത്. നീലാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മെറിലാൻഡ് 69 സിനിമകൾ നിർമിച്ചു. ആത്മസഖിയായിരുന്നു ആദ്യ സിനിമ (1952). തകഴിയുടെ രണ്ടിടങ്ങഴി(1958) സിനിമയായപ്പോൾ രാഷ്ട്രപതിയുടെ വെള്ളിമെഡൽ ലഭിച്ചു. കുമാര സംഭവത്തിന് (1969) മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം . സ്വാമി അയ്യപ്പന് (1975) മികച്ച ജനപ്രിയ സിനിമക്കുൾപ്പെടെ 4 അവാർഡുകളും. ഈ സിനിമയുടെ ലാഭം ശബരിമലയുടെ വികസന പ്രവർത്തനങ്ങൾക്കായി നൽകി. അതിൽ പ്രധാനം പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള സ്വാമി അയ്യപ്പൻ റോഡെന്ന മൂന്നു കിലോമീറ്റർ നടപ്പാതയാണ്.
മികച്ച ഇൻഡോർ സൗകര്യത്തോടെ നിർമിച്ചതാണ് മെറിലാൻഡ് സ്റ്റുഡിയോ. ഫ്ലോറുകൾ, മേക്കപ് റൂമുകൾ, നടീനടന്മാർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ എന്നിവയോടെയാണതു സജ്ജീകരിച്ചത്. പി.സുബ്രഹ്മണ്യത്തിന്റെ ഓഫിസ് റൂമും ഉണ്ടായിരുന്നു. ഇതു വെറുമൊരു മുറിയല്ല. മലയാള സിനിമയുടെ ചരിത്രമാണ്. പിൽക്കാലത്ത് സ്വന്തം സാമ്രാജ്യങ്ങൾ പടുത്തുയർത്തിയ ഒട്ടേറെ സംവിധായകർ, താരങ്ങൾ, സംഗീത സംവിധായകർ, ഗാനരചയിതാക്കൾ എന്നിവരെ മെറിലാൻഡ് മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയത് ഇവിടെവച്ചാണ്. സിനിമയിൽ മാത്രമല്ല രാഷ്ട്രീയ രംഗത്തും അദ്ദേഹം തിളങ്ങി. തിരുവനന്തപുരം മേയർ എന്ന നിലയിൽ ജനകീയനായി. 1971ൽ അദ്ദേഹം മെറിലാൻഡ് സ്റ്റുഡിയോയിലെ ചലച്ചിത്ര നിർമാണത്തിൽ നിന്ന് പിൻവാങ്ങിത്തുടങ്ങി. വരാനിരിക്കുന്നത് ഔട്ട് ഡോർ ചിത്രീകരണത്തിന്റെ കാലമായിരിക്കുമെന്ന ദീർഘവീക്ഷണമായിരുന്നു അതിനു പിന്നിൽ. എങ്കിലും 1978 വരെ നിർമാണ രംഗത്തു സജീവമായി. മലയാള സിനിമ ചരിത്രത്തിൽ മായാത്ത കാൽപാടുകൾ ബാക്കിയാക്കി 1978ഒക്ടോബർ 4ന് അദ്ദേഹം വിട പറഞ്ഞു. മധു നായകനായ ഹൃദയത്തിന്റെ നിറങ്ങൾ എന്ന സിനിമയും അവശേഷിപ്പിച്ച്. ഈ സിനിമ അദ്ദേഹത്തിന്റെ കാലശേഷമാണു പുറത്തു വന്നത്. മെറിലാൻഡിന്റെ മണ്ണിൽ സുബ്രഹ്മണ്യം നിത്യ നിദ്രയിലാണ്. അദ്ദേഹത്തിന്റെ ഒരു അർധകായ പ്രതിമ ഇവിടെയുണ്ട്. സുബ്രഹ്മണ്യത്തിന്റെ ബഹുമുഖ വ്യക്തിത്വത്തിന്റെ സ്മരണകൾക്കു സമർപ്പിച്ചതാണ് ചെറുമകനും ശ്രീ പത്മനാഭാ തിയറ്റർ ഡയറക്ടറുമായ ഗിരീഷ് ചന്ദ്രൻ പുറത്തിറക്കിയ പി.സുബ്രഹ്മണ്യം ‘ഓർമയിലെ വെള്ളിവെളിച്ച’മെന്ന പുസ്തകം. സുബ്രഹ്മണ്യത്തിന്റെ രണ്ടാമത്തെ മകൻ എസ്. ചന്ദ്രന്റെ മകനാണ്.
മെറിലാൻഡിന്റെ ചലച്ചിത്ര നിർമാണം അവസാനിച്ചെങ്കിലും ഏറെക്കാലം മലയാള സീരിയലുകളുടെ ലൊക്കേഷനായിരുന്നു ഇവിടം. ഇവിടെ നിർമിച്ച സിനിമകളുടെ പട്ടിക രേഖപ്പെടുത്തിയിട്ടുണ്ട്.
പി.സുബ്രഹ്മണ്യത്തിന്റെ ചെറുമകൻ വിശാഖ് സുബ്രഹ്മണ്യവും ചലച്ചിത്ര രംഗത്ത് സജീവമാണ്. മെറിലാൻഡ് സിനിമാസിനു വേണ്ടി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയ’മെന്ന സിനിമ നിർമിച്ചു കൊണ്ടാണ് മെക്കാനിക്കൽ എൻജിനീയറായ വിശാഖിന്റെ സിനിമയിലെ അരങ്ങേറ്റം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരായിരുന്നു നായികാ നായകന്മാർ. ഈ വിഷുവിനു പുറത്തിറങ്ങിയ ‘ വർഷങ്ങൾക്കു ശേഷ’മാണ് മറ്റൊരു സിനിമ. മെറിലാൻഡ് മൂവീസിന്റെ മൂന്നാമത്തെ സിനിമയും വിശാഖിന്റെ നേതൃത്വത്തിൽ ഒരുങ്ങുകയാണ്. സുബ്രഹ്മണ്യത്തിന്റെ മകൻ എസ്.മുരുകന്റെ മകനാണ് വിശാഖ്. പതേനായ എസ്.കുമാർ, എം. ലീല, പതേനായ ഡോ. എം. എസ് ശിവകുമാർ. എസ്. കാർത്തികേയൻ എന്നിവരാണ് സുബ്രഹ്മണ്യത്തിന്റെ മറ്റു മക്കൾ.
ചിത്രാഞ്ജലി , മലയാളത്തിന്റെ റാമോജി
കേരള ചലച്ചിത്ര വികസന കോർപറേഷൻ 50 വയസ്സു തികയ്ക്കുന്ന അടുത്ത വർഷം പുതിയ രൂപത്തിലേക്കു ചിത്രാഞ്ജലിയെ മാറ്റാൻ ശ്രമം പുരോഗമിക്കുന്നു
സിനിമയോടു വലിയ കമ്പമായിരുന്നു മുൻ മുഖ്യമന്ത്രി കെ.കരുണാകരന് . മലയാള സിനിമ നിർമാണത്തെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പറിച്ചു നടണമെന്ന മോഹം അദ്ദേഹം പലരോടും പങ്കുവച്ചിരുന്നു. 1975 ലെ അച്യുതമേനോൻ മന്ത്രിസഭയിലെ അംഗമെന്ന നിലയിൽ ചലച്ചിത്രകാര്യ വകുപ്പിന്റെ ചുമതല ലഭിച്ചതോടെ തന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതിനുള്ള ശ്രമം തുടങ്ങി. ഇതേ ആശയം മനസ്സിൽ കൊണ്ടു നടന്ന മറ്റു ചിലർ കൂടിയുണ്ടായിരുന്നു. സംവിധായകൻ രാമു കാര്യാട്ടായിരുന്നു അതിൽ പ്രമുഖൻ. പി.ഭാസ്കരൻ, തോപ്പിൽ ഭാസി എന്നിവരും ഈ വഴിയിൽ ആലോചിച്ചിരുന്നു. ഇത് യാഥാർഥ്യമാക്കുന്നതിനായി രാമു കാര്യാട്ട് ഇവരെക്കൂട്ടി മുഖ്യമന്ത്രി സി.അച്യുതമേനോനെ കണ്ടു. അദ്ദേഹം അവരെ സിനിമ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.കരുണാകരന്റെ അടുത്തേയ്ക്കയച്ചു. പിന്നീട് കാര്യങ്ങൾ വേഗത്തിലാണ് നടന്നത്. ഇതിനെക്കുറിച്ചു പഠിക്കാൻ വകുപ്പു സെക്രട്ടറി മലയാറ്റൂർ രാമകൃഷ്ണൻ അധ്യക്ഷനായി സമിതി രൂപീകരിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർമാതാവും മെരിലാൻഡ് ഉടമയുമായ പി. സുബ്രഹ്മണ്യം, എം.ഒ.ജോസഫ് തുടങ്ങിയവരായിരുന്നു അംഗങ്ങൾ. ഈ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ സിനിമ സംരംഭമായി കേരള ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി ) രൂപം കൊണ്ടത്. പി.ആർ.എസ്.പിള്ള ചെയർമാനും നോവലിസ്റ്റ് ജി.വിവേകാനന്ദൻ മാനേജിങ് ഡയറക്ടറുമായി. എന്നാൽ ചിത്രീകരണത്തിന് എല്ലാ സൗകര്യങ്ങളുമുള്ള ഒരു വിശാലമായ സ്റ്റുഡിയോ എന്ന നിർദേശവും ഈ സമിതി മുന്നോട്ടുവച്ചിരുന്നു. അത് തിരുവനന്തപുരത്തു തന്നെ വേണമെന്നു വാദിച്ചത് അടൂർ ഗോപാലകൃഷ്ണനും, പി.സുബ്രഹ്മണ്യവുമാണ്. അത് മറ്റുള്ളവർ അംഗീകരിച്ചു. അങ്ങനെയാണ് ചിത്രാഞ്ജലി സ്റ്റുഡിയോ രൂപം കൊണ്ടത്.
സ്റ്റുഡിയോയ്ക്ക് ഉചിതമായ സ്ഥലം കണ്ടെത്തണം. തിരുവല്ലം കുന്നിലെ ഹരിതഭംഗിയിലേക്ക് ജി. വിവേകാനന്ദൻ കെ. കരുണാകരന്റെ ശ്രദ്ധ ആകർഷിച്ചു. അങ്ങനെ 1980 ൽ ഇവിടെ ചിത്രാഞ്ജലി സ്റ്റുഡിയോ പ്രവർത്തനം തുടങ്ങി. ‘നീലസാരി’യിൽ തുടങ്ങി ഒട്ടേറെ മികച്ച സിനിമകൾ ഇവിടെ പിറന്നു. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാനായി മുഖം മിനുക്കുകയാണ് ഈ സ്റ്റുഡിയോ. ഏറ്റവും ആധുനികമായ ഡിജിറ്റൽ സംവിധാനങ്ങളിലേക്കു മാറാനുള്ള നീക്കത്തിലാണ് ഈ സ്ഥാപനം. കേരള ചലച്ചിത്ര വികസന കോർപറേഷൻ അടുത്ത വർഷം 50 വയസ്സു തികയും. അപ്പോഴേക്കു പുതിയ രൂപത്തിലേക്കു
ചിത്രാഞ്ജലിയെ മാറ്റിയെടുക്കാനുള്ള ശ്രമമാണു പുരോഗമിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള തിരുവല്ലം കുന്നിലാണ് ചിത്രാഞ്ജലി സ്റ്റുഡിയോ. നഗരത്തിനു സമീപത്തെ വലിയ ഒരു പച്ചത്തുരുത്താണിത്. അകത്തേക്കു കടന്നാൽ ഫിലിം സെൻസർ ബോർഡിന്റെ ഓഫിസാണ് ആദ്യം. അതിനോടു ചേർന്ന് വിശാലമായ ഒരു സിനിമ മ്യൂസിയം. മലയാള സിനിമയുടെ പരിണാമത്തിന്റെ കഥ ഇവിടെനിന്നു മനസ്സിലാക്കാം, പഴയകാല ക്യാമറകൾ, സാങ്കേതിക വിദ്യകൾ, മലയാള സിനിമയെത്തേടിയെത്തിയ പുരസ്കാരങ്ങൾ, അതിനു ചുക്കാൻ പിടിച്ചവരുടെ ചിത്രങ്ങൾ, അപൂർവങ്ങളായ ചലച്ചിത്ര രംഗങ്ങൾ, ചിത്രീകരണങ്ങൾ എന്നിവയൊക്കെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്, സമയബോധത്തെയും നിറവിന്യാസത്തെയുമൊക്കെ മാറ്റിമറിച്ചിരുന്ന പലതരം ഫിൽറ്ററുകളുടെ വലിയ ശേഖരം തന്നെയുണ്ട്. സിനിമ ചരിത്രം അറിയാൻ ആഗ്രഹിക്കുന്നവർക്കുള്ള പാഠശാലയാണിതെന്ന് മ്യൂസിയം ഇൻ ചാർജ് വിനോദ് കെ.വിശ്വൻ പറയുന്നു. പൊലീസ് സ്റ്റേഷൻ, ലോക്കപ്പ്, മോർച്ചറി, ആശുപത്രി, ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടുന്ന ഗോഡൗണുകൾ, ക്ഷേത്രങ്ങൾ, കോട്ടേജുകൾ എന്നിവയുടെയൊക്കെ സെറ്റുകൾ ഇപ്പോഴും സജീവമാണ്. പല സിനിമകളിലും സീരിയലുകളിലും നാം ഇവയെ പരിചയപ്പെട്ടിട്ടുണ്ട്.
പല റിയാലിറ്റി ഷോകൾക്കും അദ്യ അരങ്ങായത് ഇവിടത്തെ വിശാലമായ ഫ്ലോറുകളാണ്. ഇത്തരത്തിലുള്ള മൂന്ന് ഫ്ലോറുകൾ ഇവിടെയുണ്ട്. രണ്ടെണ്ണത്തിലാണ് ചിത്രീകരണം നടക്കുന്നത്. മൂന്നാമത്തേതാണ് മുഖം മിനിക്കുന്നത്. എഡിറ്റിങ്, ഡബ്ബിങ്, സൗണ്ട് മിക്സിങ് എന്നിവയ്ക്കുള്ള സൗകര്യങ്ങൾ കാലത്തിന്റെ വെല്ലുവിളികൾ നേരിടുന്ന വിധത്തിൽ മാറ്റാനാണ് ശ്രമം . 71 ഏക്കറിലെ പച്ചപ്പിൽ സ്വാഭാവിക വനമാണ്. അത് അവസാനിക്കുന്നത് വിശാലമായ വ്യൂ പോയിന്റിലേക്കാണ് . അവിടെ നിന്നാൽ തിരുവനന്തപുരത്തിന്റെ വിഹഗ വീക്ഷണം അനുഭവിച്ചറിയാം. അറബിക്കടൽ അതിനു പശ്ചാത്തലമൊരുക്കും. ഇവിടെ നിർമിക്കുന്ന സിനിമകൾക്ക് 5 ലക്ഷം രൂപ സബ്സിഡിയുണ്ട്. ‘ ബജറ്റും നല്ല വിഷയവുമായി ഇവിടെ എത്തിയാൽ മികച്ച സിനിമയുമായി പുറത്തു പോകാൻ കഴിയും. ചലച്ചിത്ര വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ് സൗകര്യം ഇവിടത്തെ പ്രത്യേകതയാണ്. ’സ്റ്റുഡിയോ മാനേജർ ആർ. രാജേഷ് പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോ കാണാൻ ദിവസവും ധാരാളം പേർ എത്തുന്നു. അതിൽ സാധാരണക്കാരും ചലച്ചിത്ര സംരംഭകരും വിദ്യാർഥികളുമുണ്ട്. 30 രൂപയാണ് ടിക്കറ്റ്. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് 20 രൂപയാണ്.