ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാന നഗരത്തിന്റെ പൈതൃക ചിഹ്നമായ തിരുവനന്തപുരം ഗവ. ആർട്സ് കോളജ് നൂറിന്റെ നിറവിൽ.  മുൻ രാഷ്ട്രപതി ഡോ. കെ.ആർ.നാരായണൻ, സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ ആദ്യ വനിതാ മന്ത്രിയും മുൻ ലോക്സഭാ അംഗവുമായ ആനി മസ്ക്രീൻ, കവി ചങ്ങമ്പുഴ കൃഷ്ണപിള്ള, ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. ജി.മാധവൻ നായർ, നടൻമാരായ മധു, ജഗതി ശ്രീകുമാർ തുടങ്ങി സമ്പന്നമായ പൂർവ വിദ്യാർഥി സമ്പത്തിൽ തിളങ്ങി നിൽക്കുന്ന കോളജിന്റെ ശതാബ്ദി ആഘോഷങ്ങൾ വിപുലമായി നടത്തുമെന്ന് അധികൃതർ അറിയിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം 18ന് വൈകിട്ട് 5ന് മുഖ്യമന്ത്രി നിർവഹിക്കും. 

പൂർവ വിദ്യാർഥി സംഗമം,വിവിധ മേഖലകളിൽ പ്രമുഖരായ പൂർവ വിദ്യാർഥികളുമായുള്ള മുഖാമുഖം,നിലവിലുള്ള വിദ്യാർഥികളും പൂർവ വിദ്യാർഥികളും നടത്തുന്ന വിവിധ കലാ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്ന അനുബന്ധ പരിപാടികളാണ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുക. കോളജിൽ ശതാബ്ദി സ്മാരകം നിർമിക്കാനും പദ്ധതിയുണ്ട്.

എച്ച്എച്ച് ദി മഹാരാജാസ് കോളജ് ഓഫ് ആർട്സ് എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരം ഗവ. ആർട്സ് കോളജ് 1924 ജൂലൈ 4നാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു വേർപെടുത്തി പുതിയ കലാലയമായി പ്രവർത്തനം ആരംഭിച്ചത്. ആർട്സ് ഡിപ്പാർട്ടുമെന്റുകൾക്ക് മാത്രമായിട്ടായിരുന്നു ഈ വേർപ്പെടുത്തൽ. 1949ൽ ഇന്റർമീഡിയറ്റ് കോഴ്സുകൾ ആരംഭിച്ചു. 1971ൽ ഫസ്റ്റ് ഗ്രേഡ് കോളജായി ഉയർത്തപ്പെട്ടതിനുശേഷം പേര് ഗവ. ആർട്സ് കോളജ് എന്നാക്കി മാറ്റി. 2004ൽ ബിഎസ്‌സി ഫിസിക്സും ബോട്ടണി - ബയോ ടെക്നോളജി സയൻസ് ബിരുദ കോഴ്സുകളും ആരംഭിച്ചു. 

നിലവിൽ ഇക്കണോമിക്സ്, കൊമേഴ്സ്, ഫിസിക്സ് ബോട്ടണി - ബയോടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ ബിരുദ പ്രോഗ്രാം,  ഇംഗ്ലിഷ്, ഇക്കണോമിക്സ്, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ് , ബയോടെക്നോളജി, അനലിറ്റിക്കൽ കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും കോളജിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com