കനത്ത മഴ: മൺതിട്ട ഇടിഞ്ഞു തോട്ടിലേക്കു പതിച്ചു; വീടുകൾക്ക് നാശം, യാത്രാതടസ്സം
Mail This Article
വിളപ്പിൽ ∙ ശക്തമായ മഴയിൽ വീടിനോടു ചേർന്നുള്ള മൺതിട്ട ഇടിഞ്ഞു തോട്ടിലേക്കു പതിച്ചു. വിളപ്പിൽ പഞ്ചായത്തിലെ പുളിയറക്കോണം ചെല്ലാട്ടുകോണം സരോജനി ഭവനിൽ സരോജിനിയുടെ (67) ഷീറ്റു മേഞ്ഞ വീടിന്റെ മുൻവശത്തെ മൺതിട്ടയാണ് ഇടിഞ്ഞത്. നിർമാണം പാതിവഴിയിൽ നിലച്ച വർഷങ്ങൾ പഴക്കമുള്ള വീടിന്റെ ഭിത്തികൾ വിണ്ടുകീറിയ നിലയിലായി. സരോജിനിയും മകൾ എസ്.സന്ധ്യ,കൊച്ചുമകൾ എസ്.ഷീബ എന്നിവരാണ് ഇവിടെ താമസം. ഇവരോടു മറ്റൊരു വീട്ടിലേക്ക് അടിയന്തരമായി മാറി താമസിക്കാൻ പൊലീസും പഞ്ചായത്ത് അധികൃതരും നിർദേശിച്ചു.
വെള്ളക്കെട്ട്: യാത്രാതടസ്സം
കാട്ടാക്കട– മലയിൻകീഴ് റോഡിൽ മലയിൻകീഴ് കുളക്കോട്ട് വളവിൽ യാത്രയ്ക്ക് തടസ്സമായി വെള്ളക്കെട്ട്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. ഓട അടഞ്ഞ് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയാണ്. പൊലീസ് സ്റ്റേഷനു മുന്നിലെ വീടുകളുടെ പരിസരത്തും ഓടകളിലെ വെള്ളം ഒഴുകിയിറങ്ങി. ജലജീവൻ മിഷൻ പ്രകാരം പൈപ്‌ലൈൻ സ്ഥാപിക്കുന്നതിന് റോഡും ഓടയും പൊളിച്ചതോടെയാണ് വെള്ളം വീടുകളുടെ പരിസരത്തു ഒഴുകിയെത്താൻ കാരണമെന്നു നാട്ടുകാർ പറഞ്ഞു.
∙ ശക്തമായ മഴയിൽ ഇട റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. കാർഷിക വിളകൾക്ക് വ്യാപകമായ നാശം. തെറ്റിയാർ തോട് കവിഞ്ഞൊഴുകിയതോടെ മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ മണ്ണുമാന്തി ഉപയോഗിച്ച് വെളി കായലിൽ പൊഴി മുറിച്ചു. വെള്ളം കടലിലേക്ക് ഇറങ്ങിയതോടെ തെറ്റിയാർ തോടിലെ ജലനിരപ്പ് താഴ്ന്നു. ഞാണ്ടൂർക്കോണം വാർഡിലെ അമ്പഴക്കോണം പാലം ഇടിഞ്ഞു താഴ്ന്നു. ഉള്ളൂർക്കോണം, കഴക്കൂട്ടത്ത് മുള്ളുവിള അങ്കണവാടികളിൽ വെള്ളം കയറി.
പൗണ്ട് കടവ്,എസ്എൻ നഗർ, മുത്തൂറ്റിക്കര, ടെക്നോപാർക്കിലെ സർവീസ് റോഡ്, പൗണ്ട്കടവ് വാർഡിലെ 40 അടിപ്പാലം, കോരാളംകുഴി എന്നീ പ്രദേശങ്ങളിലും നെടുമൺ, കുളത്തൂർ , ആറ്റിൻകുഴി , വെട്ടുറോഡ്, കുമിഴിക്കര , കിഴക്കുംകര, വടക്കുംഭാഗം, കരിയിൽ, പുല്ലാട്ടുക്കരി, തുടങ്ങിയ ഭാഗങ്ങളിലും ഇട റോഡുകളിൽ വെള്ളം കയറി. പല സ്ഥലങ്ങളിലും കാർഷിക വിളകൾക്കും വ്യാപകമായ നാശം ഉണ്ടായി.
വീടുകളിൽ വെള്ളം കയറി
∙ശക്തമായ മഴയിൽ വിഴിഞ്ഞം അടിമലത്തുറ മത്സ്യഗ്രാമത്തിൽ വീടുകളിൽ വെള്ളം കയറി.വിഴിഞ്ഞം ഉച്ചക്കട ജംക്‌ഷൻ മഴവെള്ളത്തിൽ മുങ്ങി. പരിസരത്തെ കടകൾ, സ്കൂൾ എന്നിവിടങ്ങളും വെള്ളം കയറി. അടിമലത്തുറയിൽ നൂറോളം വീടുകളിൽ മഴവെള്ളം കയറി. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണെന്നു റവന്യൂ അധികൃതർ പറഞ്ഞു. ജലം പമ്പു ചെയ്തു മാറ്റുന്നതിനു നടപടി സ്വീകരിക്കുമെന്നു കോട്ടുകാൽ പഞ്ചായത്ത് അധികൃതരും അറിയിച്ചു. രാവിലെ മുതൽ പെയ്ത മഴയിൽ വിഴിഞ്ഞം ഉച്ചക്കട ജംക്‌ഷൻ പൂർണമായി മുങ്ങി. പരിസരത്തെ കടകമ്പോളങ്ങൾ, എൽഎംഎസ് എൽപി സ്കൂൾവളപ്പ് എന്നിവിടങ്ങളിലേക്ക് ഒഴുകിയെത്തി. സ്കൂൾ മുറ്റവും വരാന്തയും വരെ വെള്ളത്തിൽ മുങ്ങി. പിഞ്ചു കുട്ടികളും അധ്യാപകരും നന്നേ ബുദ്ധിമുട്ടി. പ്രദേശത്തെ താഴ്ന്ന സ്ഥലങ്ങളും കൃഷിയിടങ്ങളും വെള്ളം നിറഞ്ഞു.