സംഗീതോത്സവത്തിൽ ലയിച്ച് കോവളം
Mail This Article
തിരുവനന്തപുരം∙ സംഗീതവും സംസ്കാരവും ഒന്നിക്കുന്ന രാജ്യാന്തര സംഗീതോത്സവം, ഇന്റർനാഷനൽ ഇൻഡിപെൻഡന്റ് മ്യൂസിക് ഫെസ്റ്റിവലിനു(ഐഐഎംഎഫ്) കോവളം ആർട്സ് ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി. മെക്‌സിക്കൻ ബാൻഡായ ‘ഡീർ എംഎക്‌സ്’, ഡെൻമാർക്കിൽ നിന്നുള്ള ‘കോൾഡ് ഡ്രോപ്’ എന്നിവരാണ് ആദ്യ ദിനം വേദിയിലെത്തിയത്.‘ഡിഐവൈ ഡിസ്‌റപ്റ്റ് ബാൻഡിന്റെ’ അവതരണത്തോടെയാണു ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിനു തുടക്കമായത്. ‘സ്ട്രീറ്റ് അക്കാദമിക്സ്’, ‘ഡ്യുയലിസ്റ്റ് എൻക്വയറി’ ബാൻഡുകളുടെ പ്രകടനവും കാണികളെ ഓളത്തിമിർപ്പിലാക്കി.6 രാജ്യങ്ങളിൽ നിന്നായി 17 ബാൻഡുകളാണ് പങ്കെടുക്കുന്നത്. ഗബ്രി,ലേസി ഫിഫ്റ്റി, കുലം, തബാചാക്കെ, മാർടൈർ എന്നീ ബാൻഡുകളുടെ അവതരണം ഇന്നു നടക്കും.
ചലച്ചിത്ര താരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂർണിമ ഇന്ദ്രജിത്തിന്റെയും മകളായ പ്രാർഥന ഇന്ദ്രജിത്തിന്റെ ബാൻഡ് അവതരണവും ഇന്നാണ്. ചടങ്ങിൽ പ്രാർഥനയുടെ ‘ഐ റോട്ട് ദിസ് ഓൺ എ റെയ്‌നി നൈറ്റ്’ എന്ന ആൽബം പ്രകാശനം ചെയ്യും.ന്യൂസീലൻഡിൽ നിന്നുള്ള സംഗീതസംഘമാണ് ‘ലേസി ഫിഫ്റ്റി’. ‘മാർടൈർ’ നെതർലൻഡ്‌സിൽ നിന്നുള്ള സംഗീത കൂട്ടായ്മയും.ദിവസവും വൈകിട്ട് 5നാണ് ബാൻഡ് അവതരണങ്ങൾ ആരംഭിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി ആഭരണ നിർമാണം, മൺപാത്ര നിർമാണം, ഹാൻഡ് ലൂം, കളരിപ്പയറ്റ്, ബീച്ച് യോഗ, മെഡിറ്റേഷൻ എന്നീ പരിശീലനവുമായി ക്യാംപിങ് സൗകര്യവുമുണ്ട്.വിവരങ്ങൾക്ക്: instagram @iimf_2024, https://iimf.kacvkovalam.com, പങ്കെടുക്കാൻ: http://bit.ly/4eZRuLE