പള്ളിക്കൽ സിഎച്ച്സിക്ക് അഞ്ചുനില മന്ദിരമുയരുന്നു
Mail This Article
കല്ലമ്പലം∙അഞ്ച് നിലകളുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ പള്ളിക്കൽ സിഎച്ച്സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണം എന്ന് ആവശ്യം. പണികൾ അവസാന ഘട്ടത്തിലാണ്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ ഒട്ടേറെ വികസന പദ്ധതികളാണ് നടന്നു വരുന്നത്. 7 കോടി ചെലവിട്ട് നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമാണം 2025ൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ സാധിക്കും എന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു.
പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കിടത്തി ചികിത്സിക്കാൻ കഴിയുന്ന തരത്തിലേക്ക് ആശുപത്രിയെ മാറ്റാൻ സാധിക്കും എന്ന് വി.ജോയി എംഎൽഎ അറിയിച്ചു. ഓപ്പറേഷൻ തിയറ്റർ,സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 20 കിടക്കകൾ ഉള്ള പ്രത്യേകം വാർഡുകൾ,പേവാർഡ് സൗകര്യം,പാലിയേറ്റീവ് കെയർ എന്നീ സൗകര്യങ്ങളോടെ ആണ് പുതിയ കെട്ടിടം സജ്ജമാകുന്നത്. 5 ഡോക്ടർമാർ,2 നെഴ്സ്,15ഓളം മറ്റ് ജീവനക്കാർ എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി. എന്നാൽ മീറ്റിങ്,അവധി,മറ്റ് തിരക്കുകൾ എന്നിവയുമായി ചില ഡോക്ടർമാർ എത്താതിരുന്നാൽ പരിശോധനയ്ക്ക് രണ്ടോ,മൂന്നോ ഡോക്ടർമാർ മാത്രമേ ഉണ്ടാവൂ.
ഏകദേശം 250 രോഗികൾ നിത്യവും ഒപിയിൽ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ഇവരെ ചികിത്സിക്കാൻ നിലവിലെ സാഹചര്യം വച്ച് ബുദ്ധിമുട്ട് നേരിടുന്നതായി രോഗികളും പറയുന്നു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ആണ് സാധാരണ ഒപി പ്രവർത്തനം. വൈകിട്ട് 6 വരെ എൻഎച്ച്എം നിയമിച്ചിട്ടുള്ള മറ്റൊരു ഡോക്ടറും ഉണ്ടാകും. അതു കഴിഞ്ഞാൽ അത്യാവശ്യ ഘട്ടങ്ങളിൽ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. പള്ളിക്കൽ പഞ്ചായത്ത് കൂടാതെ മടവൂർ,നാവായിക്കുളം എന്നിവിടങ്ങളിൽ നിന്നും രോഗികൾ ഇവിടെ ചികിത്സയ്ക്ക് എത്തുന്നു.