വെള്ളൂർക്കോണം–നൈനാംകോണം റോഡിൽ യാത്ര ദുഷ്കരം
Mail This Article
കല്ലമ്പലം ∙ നാവായിക്കുളം പഞ്ചായത്തിലെ മുക്കുകട അഞ്ചാം വാർഡിൽ ഉൾപ്പെട്ട വെള്ളൂർക്കോണം –നൈനാംകോണം റോഡ് തകർച്ചയിൽ. വെള്ളൂർക്കോണം മുതൽ നാവായിക്കുളം പട്ടാളം മുക്ക് വരെ യോജിക്കുന്ന വലിയ റോഡാണിത്. വെള്ളൂർക്കോണം ഭാഗം 6 വർഷം മുൻപ് ടാറിങ്ങും വശങ്ങളിൽ കോൺക്രീറ്റും ചെയ്തിരുന്നു. കുറച്ചുനാൾ മുൻപ് വാട്ടർ അതോറിറ്റിയുടെ പൈപ്‌ലൈൻ സ്ഥാപിക്കാൻ ജെസിബി കൊണ്ട് റോഡിന്റെ ഇരുവശവും പൊളിച്ചു. വളരെ കുത്ത് ഇറക്കം ആയതിനാൽ ശക്തമായ മഴയിൽ നികത്തിയ മണ്ണു മുഴുവൻ ഒലിച്ചുപോയി. ഇപ്പോൾ വലിയ കുഴികളും ചാലും രൂപപ്പെട്ട നിലയിലാണ്.
ധാരാളം അപകടങ്ങൾ നടന്നതായും യുവാവിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റതായും നാട്ടുകാർ പറഞ്ഞു. ടാർ ഇളകി മെറ്റലുകൾ ഉയർന്ന് നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനും ബുദ്ധിമുട്ടാണ്. ഇരുവശങ്ങളിൽനിന്നു വാഹനങ്ങൾ ഒരുമിച്ചു വന്നാൽ സൈഡ് നൽകാൻ കഴിയില്ല. വേനൽക്കാലത്ത് ഉയരുന്ന പൊടിപടലങ്ങൾ വീടുകളിലേക്ക് കയറി ശ്വാസകോശ രോഗങ്ങൾക്കും ഇടയാക്കുന്നുണ്ട്. നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് കുടവൂർ മണ്ഡലം പ്രസിഡന്റ് എം.താജുദീൻ, മുൻ പഞ്ചായത്ത് അംഗം ആസിഫ് കടയിൽ എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.