സ്കൂൾ കുട്ടികളുമായി പോയ വാൻ മറിഞ്ഞു; 8 കുട്ടികൾക്ക് പരുക്ക്
Mail This Article
പോത്തൻകോട് ∙ എൽവിഎച്ച്എസിൽ നിന്നു വിദ്യാർഥികളെ കയറ്റിപ്പോയ സ്വകാര്യ ടെംപോ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് എട്ടു കുട്ടികൾക്ക് പരുക്കേറ്റു. തലയ്ക്കു പരുക്കേറ്റ കണിയാപുരം നമ്പ്യാർകുളത്തുള്ള ഒൻപതാംക്ലാസ് വിദ്യാർഥിനി ഖദീജ , കരിച്ചാറയിലുള്ള എട്ടാം ക്ലാസ് വിദ്യാർഥിനി അനീഘ എന്നിവരെ മെഡിക്കൽകോളജ് ആശുപത്രിയിലും ഫർസ, നിത, ആദിയ, യാസ്ന, സന, സെബ എന്നിവരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇന്നലെ വൈകിട്ട് 4.15ന് സ്കൂളിൽ നിന്നു രണ്ടര കിലോമീറ്റർ മാറി പോത്തൻകോട് പതിപ്പള്ളികോണം ചിറയ്ക്കു സമീപം ഇറക്കത്തിൽ നിയന്ത്രണം വിട്ട് വശത്തെ മൺതിട്ടയിൽ ഇടിച്ചു കയറിയാണ് വാൻ മറിഞ്ഞത്. വാനിൽ 19 കുട്ടികൾ ഉണ്ടായിരുന്നതായാണ് അറിവ്. മുന്നിൽ ഇതേ സ്കൂളിലെ മറ്റൊരു വാഹനവും ഉണ്ടായിരുന്നു.
എതിർവശത്തു നിന്നു വന്ന കാറിനു പോകാനായി നിർത്തിയപ്പോൾ പിന്നിൽ നിന്നു വന്ന വാൻ അതിൽ ഇടിക്കാതിരിക്കാൻ വശത്തേക്ക് വെട്ടിത്തിരിച്ചതാണ് അപകടത്തിനു കാരണമായത്. വേഗം കുറവായതിനാലും തിട്ടയിൽ കയറിയ വാൻ പതുക്കെ ചരിഞ്ഞ് മറിഞ്ഞതിനാലും അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചരിഞ്ഞു കിടന്ന വാനിന്റെ മുകളിൽ കയറി ഓരോ കുട്ടികളെയായി പുറത്തെടുക്കുകയായിരുന്നു. തൊട്ടടുത്തായിരുന്നു ആഴക്കൂടുതലുള്ള ചിറ. വലിയ ദുരന്തമാണ് ഒഴിവായത്. കണിയാപുരം കരിച്ചാറ ഭാഗത്തേക്ക് സ്കൂൾ ബസ് ഇല്ലാത്തതിനാലാണ് സ്വകാര്യ വാൻ ഏർപ്പാടാക്കുന്നത്.