ADVERTISEMENT

തിരുവനന്തപുരം ∙ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വൈദ്യുതി മുടങ്ങുന്നതു സ്വാഭാവികം. ഇതിനു പ്രതിവിധിയാകാൻ കഴിയുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണം തലസ്ഥാനത്തു നടന്നു. സ്വകാര്യ കമ്പനി നിർമിച്ച ഉപകരണം ഉപയോഗിച്ച് വൈദ്യുതി ബന്ധം വിഛേദിക്കാതെ തന്നെ ലൈനിലെയും മറ്റും അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുമെന്നതാണു നേട്ടം. അതേസമയം, ഉപകരണത്തിനു വലിയ തുക ചെലവാകുമെന്നതിനാൽ പ്രായോഗികതയിൽ സംശയവുമുണ്ട്.

ഇന്നലെ നേമത്ത് 11 കെവി ലൈനിലാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. ഭൂമിയുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ് ആദ്യഘട്ടം. ഇതിനായി ക്രെയിൻ പോലെയുള്ള ഉപകരണത്തിൽ ജീവനക്കാരെ വൈദ്യുതി ലൈനിലേക്ക് ഉയർത്തും. ജീവനക്കാർ നിൽക്കുന്ന പ്ലാറ്റ്ഫോം വൈദ്യുതി പ്രവഹിക്കാത്ത അവസ്ഥയിലുള്ളതാണ്. ജീവനക്കാരുടെ ശരീര ഭാഗങ്ങൾ വൈദ്യുതി ലൈനിൽ തൊടാത്തവിധം ഇൻസുലേറ്റഡ് ഗ്ലൗ ഉൾപ്പെടെയുള്ള ആവരണങ്ങൾ ധരിക്കും. എന്തെങ്കിലും കാരണവശാൽ വൈദ്യുതി പ്രവാഹമുണ്ടായാൽ സബ്സ്റ്റേഷനിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്യും.

കഴിഞ്ഞയാഴ്ച കോഴിക്കോട്ട് ആദ്യ പരീക്ഷണം നടത്തിയ ശേഷം ഇന്നലെ തിരുവനന്തപുരം പാപ്പനംകോട് തൃക്കണ്ണാപുരം റോഡിലെ 11 കെവി ലൈനിലായിരുന്നു പരീക്ഷണം. കെഎസ്ഇബി സിഎംഡി ബിജു പ്രഭാകർ ഉൾപ്പെടെയുള്ളവർ പരീക്ഷണം നേരിൽക്കാണാനെത്തി. 33 കെവി ലൈനിൽ വരെ ഇത്തരത്തിൽ അറ്റകുറ്റപ്പണികൾ നടത്താം. ഉപയോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നതാണ് നേട്ടം. പോസ്റ്റിലെ കേടുവന്ന ഉപകരണങ്ങളുടെ മാറ്റം, അയഞ്ഞുകിടക്കുന്ന വൈദ്യുതി ലൈനിന്റെ മുറുക്കൽ, പുതിയ ലൈനുകളുടെ കൂട്ടിച്ചേർക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം വൈദ്യുതി വിതരണം നിർത്തിവയ്ക്കാതെ പൂർത്തിയാക്കാം.

അപകടങ്ങളും ഒഴിവാക്കാം. അതേസമയം, ഉപകരണത്തിന്റെ ഒരു യൂണിറ്റിന് 4–6 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നതിനാൽ ഡിവിഷൻ തലത്തിൽ ഒരെണ്ണമെന്ന കണക്കിൽ പോലും ഇതു വാങ്ങണമെങ്കിൽ 300 കോടിയോളം രൂപ കണ്ടെത്തേണ്ടി വരും. സാമ്പത്തിക ബാധ്യതയുള്ള കെഎസ്ഇബിക്ക് ഇത്രയും തുക ചെലവഴിക്കാനാകുമോയെന്നു സംശയമാണ്.

English Summary:

A new technology tested in Thiruvananthapuram allows for power line maintenance without interrupting electricity supply. This innovative device isolates workers on an insulated platform, enabling them to work on live lines safely. While promising, the high cost poses a challenge for widespread implementation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com