കിണറ്റിലകപ്പെട്ട വയോധികനെ രക്ഷിച്ച് ഫയർ ഫോഴ്സ്
Mail This Article
വിഴിഞ്ഞം∙കിണറിനുള്ളിൽ വീണ തെരുവ് നായയെ രക്ഷപ്പെടുത്താനിറങ്ങിയ വയോധികൻ തിരികെ കയറാനാകാതെ കുടുങ്ങി. വിഴിഞ്ഞം ഫയർഫോഴ്സ് രക്ഷകരായി. സംഭവം പുറത്തറിഞ്ഞത് വീട്ടിൽ തേങ്ങയിടാൻ എത്തിയ ആളിലൂടെ. മുക്കോല കുഴിപ്പള്ളം വീട്ടിൽ തങ്കപ്പൻ (72) ആണ് വീട്ടുമുറ്റത്തെ 25 അടി താഴ്ചയും പത്തടിയോളം വെള്ളവുമുള്ള കിണറിൽ രണ്ടര മണിക്കൂറോളം അകപ്പെട്ടത്. ഉള്ളിലകപ്പെട്ട തെരുവ് നായയെ പുറത്തെത്തിക്കാൻ കിണറിന്റെ കപ്പി ഘടിപ്പിച്ച ഇരുമ്പ് പാലത്തിൽ കയർ കെട്ടി ഇറങ്ങുകയായിരുന്നു. പാലം ഒടിഞ്ഞു തൂങ്ങി.വെള്ളത്തിലേക്ക് വീണുവെങ്കിലും തങ്കപ്പൻ കയർപിടിവിടാതെ തൂങ്ങി നിന്നു.
വീട്ടിൽ തേങ്ങയിടാൻ എത്തിയ ആളാണ് ഇക്കാര്യം അയൽവാസികളെ അറിയിച്ചത്. അദ്ദേഹം നായയെ പുറത്തെത്തിച്ചു. പിന്നാലെ ഫയർഫോഴ്സ് എത്തി വല കെട്ടിയിറക്കി തങ്കപ്പനെ കരയിലെത്തിക്കുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫിസർ കെ.ജി.വേണുഗോപാലിന്റെ നേതൃത്വത്തിൽ എഎസ്ടിഒ ഏംഗൽസ്, എഫ്ആർഒ മാരായ എസ്.ബിജു, സനൽകുമാർ, ഷിജു, വിജയരാജ്, ഹരികൃഷ്ണൻ, ഡ്രൈവർ ബിജു, ഹോം ഗാർഡുമാരായ സദാശിവൻ, സ്റ്റീഫൻ എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.