സുപ്രീംകോടതി വിധി സർക്കാരിനു കനത്ത തിരിച്ചടി; നിയമ പോരാട്ടം പിൻവാതിൽ നിയമനം ഉറപ്പിക്കാൻ
Mail This Article
തിരുവനന്തപുരം∙ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മകനു ജോലി നൽകാൻ പ്രത്യേക തസ്തിക സൃഷ്ടിക്കുകയും അതു നിലനിർത്താൻ നിയമപോരാട്ടത്തിനിറങ്ങുകയും ചെയ്ത സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണു സുപ്രീംകോടതി വിധി. സംസ്ഥാനത്ത് പിൻവാതിൽ നിയമനം വ്യാപകമാണെന്ന ആക്ഷേപം നിലനിൽക്കെയാണ്, അന്തരിച്ച സിപിഎം നേതാവിന്റെ മകന്റെ നിയമനമുറപ്പിക്കാൻ പരമോന്നത നീതിപീഠം വരെ സർക്കാർ പോയത്.
ചെങ്ങന്നൂർ എംഎൽഎയായിരുന്ന രാമചന്ദ്രൻ നായരുടെ മരണത്തിനു പിന്നാലെ 2018 ജനുവരിയിൽ ചേർന്ന മന്ത്രിസഭാ യോഗം അജൻഡയ്ക്കു പുറത്തുള്ള വിഷയമായാണു നിയമനകാര്യം പരിഗണിച്ചത്. രാമചന്ദ്രൻ നായരുടെ മകൻ ആർ.പ്രശാന്തിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലി നൽകാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അതിനു പിന്നാലെ, പൊതുമരാമത്ത് വകുപ്പിൽ ഗസറ്റഡ് തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എൻജിനീയറായി നിയമിച്ചു. പിഎസ്‌സി വഴിയുള്ള ജോലിക്കായി ഉദ്യോഗാർഥികൾ വർഷങ്ങളായി കാത്തിരിക്കുമ്പോഴാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും താൽപര്യം മുൻനിർത്തി മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രശാന്തിനെ നിയമിച്ചത്.
സർക്കാർ നടപടിക്കെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ ലോകായുക്തയെ സമീപിച്ചു. പാലക്കാട് സ്വദേശി അശോക് കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. എംഎൽഎയുടെ മകന് ആശ്രിത നിയമനം നൽകിയത് അനുവദിച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് മുതൽ മുകളിലേക്കുള്ളവരുടെ മക്കളുടെ കാര്യത്തിലും സമാന നിയമനങ്ങൾ നടത്താൻ സർക്കാരിനു സ്വാതന്ത്ര്യം ലഭിക്കുമെന്നു നിരീക്ഷിച്ചാണു നിയമനം ഹൈക്കോടതി റദ്ദാക്കിയത്. ഒരു കുടുംബത്തിന്റെയോ വ്യക്തിയുടെയോ സ്വകാര്യ താൽപര്യം സംരക്ഷിക്കാനല്ല അധികാരം ഉപയോഗിക്കേണ്ടതെന്നും സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികളുടെ ഭരണഘടനാവകാശം നിഷേധിക്കരുതെന്നുമുള്ള നിരീക്ഷണങ്ങളോടെ ഉദ്യോഗാർഥികളുടെ അവകാശം ഹൈക്കോടതി ഉയർത്തിപ്പിടിച്ചെങ്കിലും അതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സർക്കാരിനെ രാഷ്ട്രീയമായി കടന്നാക്രമിക്കാൻ സുപ്രീം കോടതി വിധി പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പാണ്. നിയമങ്ങൾ കാറ്റിൽപറത്തി സ്വന്തക്കാർക്ക് ഇഷ്ടാനുസരണം സർക്കാർ ജോലി നൽകുകയാണെന്ന ആരോപണമാണു പ്രതിപക്ഷം ഉന്നയിക്കുന്നത്. കോങ്ങാട് എംഎൽഎയായിരിക്കെ മരിച്ച സിപിഎം നേതാവ് കെ.വി.വിജയദാസിന്റെ മകൻ കെ.വി.സന്ദീപിനെ 2021ൽ ഓഡിറ്റ് വകുപ്പിൽ നിയമിച്ചതും മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും ഇതും ആശ്രിത നിയമനത്തിന്റെ പട്ടികയിൽ വരുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.