അങ്കമാലി–എരുമേലി ശബരി റെയിൽ: ത്രികക്ഷി കരാർ 17ന് ചർച്ച ചെയ്യും
Mail This Article
തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരി റെയിൽവേയുമായി ബന്ധപ്പെട്ട ത്രികക്ഷി കരാർ 17ന് മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ഓൺലൈൻ യോഗത്തിൽ ചർച്ചയാകും. പദ്ധതിയുമായി ബന്ധപ്പെട്ട് പകുതി ചെലവു വഹിക്കാമെന്ന് കേരളം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ത്രികക്ഷി കരാറിന്റെ പകർപ്പ് റെയിൽവേ സംസ്ഥാനത്തിന് കൈമാറിയിരുന്നു. റിസർവ് ബാങ്കും റെയിൽവേയും സംസ്ഥാന സർക്കാരും പങ്കാളികളാകുന്ന കരാർ ഒപ്പു വയ്ക്കുന്നതോടെ കേരളം കൃത്യസമയത്ത് വിഹിതം നൽകിയില്ലെങ്കിൽ റിസർവ് ബാങ്ക് കേരളത്തിനുള്ള കേന്ദ്ര വിഹിതത്തിൽ നിന്ന് ആ പണം റെയിൽവേക്കു കൈമാറും.
ചില സംസ്ഥാനങ്ങൾ പകുതി ചെലവു വഹിക്കാമെന്നേറ്റ ശേഷം പാതിവഴിയിൽ പിന്മാറുന്നതിനാലാണു പുതിയ നിബന്ധന കേന്ദ്രം മുന്നോട്ടു വച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറാണെന്നു റെയിൽവേ മന്ത്രി പറയുന്നുണ്ടെങ്കിലും കരാറിൽ ഒപ്പു വയ്ക്കാതെ പദ്ധതി മരവിപ്പിച്ച തീരുമാനം റെയിൽവേ പുനഃപരിശോധിക്കില്ല. 2019ൽ പിയുഷ് ഗോയൽ റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് എസ്റ്റിമേറ്റ് ക്രമാതീതമായി വർധിച്ചതും കേരളം പകുതി ചെലവു വഹിക്കാൻ തയാറാകാത്തതും കണക്കിലെടുത്തു പദ്ധതി മരവിപ്പിച്ചത്. 17ന് നടക്കുന്ന ഓൺലൈൻ യോഗത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം കലക്ടർമാർക്കു പുറമേ റെയിൽവേ, കെആർഡിസിഎൽ ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും. 4 തുല്യ ഗഡുക്കളായി 1900 കോടി രൂപ കേരളം നൽകുകയാണെങ്കിൽ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിക്കുള്ളിൽ നിന്നു തന്നെ പണം കണ്ടെത്താൻ കഴിയുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനം 500 കോടി രൂപ നീക്കിവച്ചാൽ കേന്ദ്ര വിഹിതമായും 500 കോടി രൂപ ലഭിക്കും. 1000 കോടി രൂപ പ്രതിവർഷം പദ്ധതിക്കു ലഭിച്ചാൽ 4 വർഷം കൊണ്ടു പദ്ധതി പൂർത്തിയാക്കാൻ കഴിയും. കേന്ദ്ര വിഹിതമായി 282 കോടി രൂപ ഭൂമിയേറ്റെടുക്കാൻ നൽകിയത് കേരളത്തിന്റെ പക്കലുണ്ടെന്നു റെയിൽവേ മന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ പണത്തിന്റെ കണക്ക് കേരളം ഹാജരാക്കിയിട്ടില്ല.