ചിറയിൻകീഴ് താലൂക്കുതല പരാതിപരിഹാര അദാലത്ത്; ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് മുൻഗണന
Mail This Article
ആറ്റിങ്ങൽ∙ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി ജി .ആർ. അനിൽ. ജനങ്ങളുടെ ഒട്ടേറെ പ്രശ്‌നങ്ങളാണ് അദാലത്തിലൂടെ പരിഹരിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ മാമത്ത് സംഘടിപ്പിച്ച ചിറയിൻകീഴ് താലൂക്ക് തല പരാതി പരിഹാര അദാലത്ത് ’’ കരുതലും കൈത്താങ്ങും ’’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ഓൺലൈനായി സമർപ്പിച്ച അപേക്ഷകൾക്ക് പുറമേ നിരവധി പേർ അദാലത്തിൽ നേരിട്ടെത്തി അപേക്ഷകൾ സമർപ്പിച്ചു.ഒ.എസ്. അംബിക എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി, വി.ശശി എംഎൽ.എ , പഴയകുന്നുമ്മേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ, കലക്ടർ അനുകുമാരി, എഡിഎം ടി.കെ വിനീത്, ഡപ്യൂട്ടി കലക്ടർ എൽ.എ.ജേക്കബ് സഞ്ജയ് ജോൺ എന്നിവർ പങ്കെടുത്തു.
നേരിട്ട് സമർപ്പിച്ചത് 481 പരാതികൾ
ആറ്റിങ്ങൽ∙ ചിറയിൻകീഴ് താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ 933 പരാതികളാണ് ആകെ ലഭിച്ചതെന്നും തഹസിൽദാർ അറിയിച്ചു. 481 പരാതികൾ ഇന്നലെ നേരിട്ടും 452 പരാതികൾ ഓൺലൈൻ മുഖേനയുമാണ് സമർപ്പിച്ചത്. ഇതിൽ 75 പരാതികൾ നേരത്തെ തന്നെ പരിഹരിച്ചിരുന്നു. 60 പരാതികളാണ് ഇന്നലെ ജന പ്രതിനിധികളുടെ സാന്നിധ്യത്തിൽ അടിയന്തരമായി പരിഹരിച്ചത്. ബാക്കിയുള്ള പരാതികൾ പരിഹരിക്കുന്നതിനായി വകുപ്പുകൾക്ക് കൈമാറുമെന്നും തഹസിൽദാർ പറഞ്ഞു.കൂടുതൽ പരാതികൾ ലഭിച്ചത് റവന്യു വിഭാഗത്തിനാണ് . ഓൺലൈൻ ആയി മാത്രം 173 പരാതികൾ ലഭിച്ചിരുന്നു. സിവിൽ സപ്ലൈസ് വിഭാഗവുമായി ബന്ധപ്പെട്ട് അൻപതോളം പരാതികളും ഓൺലൈൻ ആയി ലഭിച്ചു. അദാലത്തിൽ നേരിട്ട് ലഭിച്ച പരാതികൾ തരം തിരിച്ചുള്ള വിവരം തിങ്കളാഴ്ചയോടെയെ അറിയാനാകു.
സൗമ്യക്കും വിനോദിനും എഎവൈ റേഷൻ കാർഡ്
ആറ്റിങ്ങൽ∙ ജന്മനാ കാഴ്ച പരിമിതിയുള്ള ഭാര്യ, വൃക്ക രോഗ ബാധിതനായ മകൻ, പ്രാരാബ്ദങ്ങൾക്കിടയിൽ വീർപ്പുമുട്ടിയിരുന്ന വിനോദ് മുൻഗണനാ കാർഡിന് വേണ്ടിയാണ് മന്ത്രിക്ക് അപേക്ഷ നൽകിയത്. വിനോദിന്റെ ഏക വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. അഞ്ചു വയസ്സുള്ള ഇളയ മകൻ വൈഷ്ണവിന് വൃക്ക സംബന്ധമായ രോഗം ബാധിച്ചതോടെ ചികിത്സാ തിരക്കുകൾ കാരണം ജോലിക്ക് പോകാൻ സാധിക്കാത്ത സാഹചര്യമാണ്. മൂത്ത മകൻ വിഷ്ണു വിന്റെ പഠനത്തിന് തടസ്സം വന്നതോടെ സുഹൃത്തുക്കളുടെ സഹായത്തോടെ ബോഡിങ്ങിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്.കുടുംബ കാർഡിൽ നിന്നും മാറ്റി അന്ത്യോദയ അന്നയോജന കാർഡ് അനുവദിക്കണമെന്ന ആവശ്യവുമായി വന്ന വക്കം നിലയ്ക്കാമുക്ക് സ്വദേശികളായ വിനോദിനും ഭാര്യക്കും മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അടിയന്തരമായി കാർഡ് അനുവദിച്ച് നൽകുകയായിരുന്നു.
വയോധികർക്ക് ആശ്വാസം
ആറ്റിങ്ങൽ∙ കരഭൂമിയാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എൺപതിനായിരം രൂപ ഫീസ് അടയ്ക്കണമെന്ന റവന്യു വകുപ്പിന്റെ അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് പരാതിയുമായി വയോധികരായ നഗരൂർ ചെമ്മരത്തുംമുക്ക് പണയിൽ വീട്ടിൽ സത്യഭാമയും കാഴ്ച പരിമിതിയുള്ള ഭർത്താവ് ഗോപിയും അദാലത്തിനെത്തിയത്. ഇവർക്ക് പത്ത് സെന്റ് തണ്ണീർത്തടം കരഭൂമിയായി പതിച്ചു കിട്ടിയെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ വൻ തുക ഫീസായി അടയ്ക്കണമെന്ന് റവന്യു വകുപ്പ് അറിയിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഏക മകനും മരുമകൾക്കും ഒപ്പമാണ് ഇരുവരും താമസിക്കുന്നത്. പരാതി പരിശോധിച്ച മന്ത്രിമാരായ ജി.ആർ അനിലും , വി.ശിവൻകുട്ടിയും ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഇവർക്ക് ഉറപ്പ് നൽകി.
അപേക്ഷിച്ച ഉടൻ റേഷൻ കാർഡ്
ആറ്റിങ്ങൽ∙ കാൽ നൂറ്റാണ്ടിലേറെ പ്രവാസ ജീവിതം നയിച്ച കിളിമാനൂർ സ്വദേശി അജയഘോഷ് സാമ്പത്തിക പ്രതിസന്ധികാരണം ജോലി ചെയ്തിരുന്ന കമ്പനി പൂട്ടിപ്പോയതോടെയാണ് ഏഴ് വർഷം മുൻപ് നാട്ടിലെത്തിയത്. പല സംരംഭങ്ങളും നടത്തി പരാജയപ്പെട്ട അജയഘോഷിന് വൃക്കരോഗം ബാധിച്ചതോടെ കടുത്ത പ്രതിസന്ധിയിലായി.സ്വന്തം സ്ഥലത്ത് ഒരു കെട്ടിടം പണിത് വാടകയ്ക്ക് നൽകി ജീവിത വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് അജയഘോഷ്. കെട്ടിട നമ്പർ കിട്ടാനായി പഞ്ചായത്തിൽ നൽകിയ അപേക്ഷയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായാണ് അജയഘോഷും ഭാര്യയും അദാലത്തിനെത്തിയത്.
പരാതി പരിശോധിച്ച മന്ത്രി ജി.ആർ.അനിൽ അജയ ഘോഷിന്റെ ആരോഗ്യ സ്ഥിതി മനസ്സിലാക്കി അവർ നിലവിൽ ഉപയോഗിക്കുന്ന നോൺ പ്രയോരിറ്റി നോൺ സബ്സിഡി (എൻപിഎൻഎസ്) റേഷൻ കാർഡ് മാറ്റി നൽകുന്ന കാര്യം ഉദ്യോഗസ്ഥരോട് ചോദിച്ച് മനസിലാക്കി . നിലവിൽ പ്രവാസിയല്ലെന്നതും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നതും പരിഗണിച്ച് ചികിത്സ കാർഡായ പിങ്ക് കാർഡ് നൽകാൻ തടസ്സമില്ല എന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് അദാലത്തിൽ വച്ച് തന്നെ അപേക്ഷ സ്വീകരിച്ച് പിഎച്ച്എച്ച് കാർഡ് അനുവദിച്ചു.
80 മുൻഗണനാ കാർഡ് വിതരണം
ആറ്റിങ്ങൽ∙ ചിറയിൻകീഴ് താലൂക്ക്തല അദാലത്തിൽ 80 മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു . ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫിസിൽ നേരിട്ടും തെളിമ പദ്ധതി വഴിയും 92 അപേക്ഷകളാണ് ലഭിച്ചത് . അർഹത മാനദന്ധങ്ങൾക്ക് വിധേയമായി 76 അന്ത്യോദയ അന്നയോജന കാർഡുകളും 4 പി.എച്ച്.എച്ച് കാർഡുകളും ആണ് അനുവദിച്ചത്.