അനധികൃത നിർമാണം: ആറു കടകൾ ദേശീയപാത അധികൃതർ പൊളിച്ചു
Mail This Article
പാറശാല∙ബൈപാസിലെ സർവീസ് റോഡിൽ അനധികൃത നിർമാണമെന്ന് ആരോപിച്ച് ആറു കടകൾ ദേശീയപാത അധികൃതർ പൊളിച്ചുമാറ്റി. പൊൻവിളക്കു സമീപം ഹോട്ടൽ, ബേക്കറി, ടയർ കട, ലോട്ടറി സ്റ്റാൾ എന്നിവ പ്രവർത്തിച്ചിരുന്ന ഷീറ്റ് മേഞ്ഞ മുറികൾ ആണ് പൊളിച്ചത്. സർവീസ് റോഡിനു ഭൂമി വിട്ടു നൽകിയ ശേഷം മുൻ വസ്തു ഉടമകൾ കയ്യേറി മുറികൾ നിർമിച്ചെന്ന സമീപ വസ്തു ഉടമയുടെ പരാതിയിൽ ആണ് നടപടി. മുൻകൂട്ടി നോട്ടിസ് നൽകാത്തതിനാൽ ഒഴിഞ്ഞുപോകാൻ മൂന്നു ദിവസത്തെ സമയം അനുവദിക്കണമെന്ന കട ഉടമസ്ഥരുടെ അഭ്യർഥന നിരസിച്ചത് തർക്കത്തിനു ഇടയാക്കി. കടയിലെ സാധനങ്ങൾ മാറ്റാൻ അൽപ സമയം നൽകിയ ശേഷം പൊലീസ് സാന്നിധ്യത്തിൽ മണ്ണുമാന്തി കൊണ്ട് മുറികൾ പൊളിച്ചു നീക്കി. ബൈപാസിന്റെ വശങ്ങളിൽ ഡസൻ കണക്കിനു ടിപ്പർ ലോറികൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് വെളിച്ചം ഇല്ലാത്ത പാതയിൽ രാത്രി സമയങ്ങളിൽ അപകട ഭീഷണി ഉയർത്തുന്നുണ്ട്. പ്രദേശവാസികൾ ദേശീയപാത അധികൃതർക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടി ഇല്ല.