മടക്കിവച്ച പുസ്‌തകത്തിനു മീതെ, വളയിട്ട കയ്യിൽ ഉയർന്നുനിൽക്കുന്ന വലംപിരിശംഖ്; 117 പവൻ സ്വർണക്കപ്പ്
Mail This Article
മടക്കിവച്ച പുസ്‌തകത്തിനു മീതെ, വളയിട്ട കയ്യിൽ ഉയർന്നുനിൽക്കുന്ന വലംപിരിശംഖ്. സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന്റെ മുഴുവൻ ശ്രദ്ധയും ഉടക്കിനിൽക്കുന്നത് ഈ 117 പവന്റെ സ്വർണക്കപ്പിലാണ്. കലാപ്രതിഭാ-തിലകപ്പട്ടങ്ങൾ പടിയിറങ്ങിയ ശേഷം ഗ്ലാമർ മുഴുവൻ ജേതാക്കളെക്കാത്തിരിക്കുന്ന ഈ സ്വർണക്കപ്പിനാണ്. എറണാകുളത്തു സാഹിത്യസംവാദത്തിനെത്തിയ കവി വൈലോപ്പിള്ളിയുടെ കണ്ണ് നെഹ്‌റു ട്രോഫി ഫുട്‌ബോളിന്റെ സ്വർണക്കപ്പിലേക്കു നീണ്ടതാണ് ഇത്തരമൊരുകപ്പിന്റെ പിറവിക്കു പിന്നിൽ. സ്‌കൂൾ പ്രതിഭകൾ മാറ്റുരയ്‌ക്കുന്ന സംസ്‌ഥാന യുവജനോൽസവത്തിനും ഇത്തരം സ്വർണക്കപ്പു നൽകണമെന്ന കവിയുടെ മോഹമാണ് പിന്നീട് പൂവണിഞ്ഞത്. 117 പവൻ തിളങ്ങുന്ന സ്വർണക്കപ്പ് ഓവറോൾ ചാംപ്യന്മാർക്കു നൽകാൻ തീരുമാനിച്ചതിനു പിന്നിൽ ഈ കവിസ്വപ്‌നമായിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഫിലിപ്പോസ് തോമസാണ് ഈ ആശയവുമായി അന്ന് മുന്നോട്ടിറങ്ങിയത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥനായ ശ്രീകണ്‌ഠൻ നായർ ശിൽപിയായി. ശ്രീകണ്‌ഠൻ നായരുടെ ഭാവന പൊന്നണിഞ്ഞപ്പോൾ അത് വൻകരയിലെ ഏറ്റവും വലിയ കലാസംഗമത്തിന്റെ അഭിമാനമുദ്രയായി.
പല വിവാദങ്ങളിലും കുടുങ്ങാനുള്ള ഭാഗ്യമോ നിർഭാഗ്യമോ സ്വർണക്കപ്പിനുണ്ടായി. കപ്പിൽ അന്നു വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം. ജോക്കബിന്റെ പേരു കൊത്തിയതു തുടങ്ങി ചില വിവാദങ്ങങ്ങളൊക്കെ ഉണ്ടായെങ്കിലും അസാധാരണമായ ശിൽപവൈഭവം കൊണ്ട് എല്ലാത്തിനും മുകളിൽ കപ്പിന്റെ ഖ്യാതി പരന്നു. കപ്പിന്റെ പത്തരമാറ്റ് പൊലിമയ്‌ക്കു പിന്നിൽ ഇല്ലായ്‌മയുടെ കഥയുമുണ്ട്. ‘സ്വർണക്കപ്പു നൽകണ’മെന്നു പറഞ്ഞ് വൈലോപ്പിള്ളിക്ക് അങ്ങു പോയാൽ മതിയായിരുന്നു. അന്ന് ഒന്നിനും പണം തികയാതെ വലഞ്ഞ എറണാകുളത്തെ സംഘാടകർക്ക് സ്വപ്‌നസാക്ഷാത്‌കാരം വിലപിടിച്ചതായിരുന്നു.