അച്ഛാ.. ഞാനും വിട്ടുതരില്ല; മുൻ കലാപ്രതിഭ ശ്രീഹരിയുടെ മകൻ ഇക്കുറി കലോത്സവത്തിന്
Mail This Article
തിരുവനന്തപുരം∙ ചാക്യാർക്കൂത്ത് വേദിയിൽ കഥപറഞ്ഞു കസറുകയാണ് കൃഷ്ണനുണ്ണി. പത്തനംതിട്ട കിടങ്ങന്നൂർ എസ്‌വിജിവിഎച്ച്എസ്എസ് വിദ്യാർഥിയായ കൃഷ്ണനുണ്ണിയുടെ അച്ഛൻ ഡോ. ശ്രീഹരി വേദിക്കരികിൽ, സദസ്സിനോടു ചേർന്ന് കൈത്തണ്ടയിൽ താളമിട്ട് നിൽപുണ്ട്. ശ്രീഹരിയെ കലാകേരളമറിയും; 1996ൽ കോട്ടയത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭ. അന്നു ശ്രീഹരിയെ പരിശീലിപ്പിച്ച ഗുരുക്കന്മാർ തന്നെയാണ് 29 വർഷങ്ങൾക്കിപ്പുറം മകനെയും പരിശീലിപ്പിക്കുന്നത്. ചാക്യാർക്കൂത്തിൽ പൈങ്കുളം നാരായണ ചാക്യാരും മോണോ ആക്ടിൽ കെ.പി.ശശികുമാറുമാണ് ഇരുവരുടെയും ഗുരുക്കന്മാർ.
കാസർകോട് നീലേശ്വരം സ്വദേശിയായ ഡോ. ശ്രീഹരി ചാക്യാർക്കൂത്ത്, മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും കുച്ചിപ്പുഡിയിലും മോണോ ആക്ടിലും രണ്ടാം സ്ഥാനവും ഭരതനാട്യത്തിലും പ്രഛന്നവേഷത്തിലും എ ഗ്രേഡും നേടിയാണ് അന്നു പ്രതിഭാപ്പട്ടം നേടിയത്. ചാക്യാർക്കൂത്തിൽ എ ഗ്രേഡ് നേടിയ കൃഷ്ണനുണ്ണി മോണോ ആക്ട്, മിമിക്രി ഇനങ്ങളിലും മത്സരിക്കുന്നുണ്ട്.കൃഷ്ണനുണ്ണിയുടെ അമ്മ ഡോ. അശ്വതി പത്തനംതിട്ട ജില്ലാ കലോത്സവങ്ങളിൽ സ്‌ഥിരസാന്നിധ്യമായിരുന്നു. അനുജത്തി കൃഷ്ണവേണിക്കാണ് യുപി വിഭാഗം മോണോ ആക്ടിൽ ഇത്തവണ ജില്ലയിൽ ഒന്നാം സ്ഥാനം.