താലൂക്ക് ആശുപത്രിയുടെ വികസനം വിതുരയ്ക്ക് നേട്ടം: മന്ത്രി വീണാ ജോർജ്

Mail This Article
വിതുര∙ പിന്നാക്ക ജന വിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന മലയോര മേഖലയായ വിതുരയ്ക്ക് ഏറെ ഗുണകരമാകുന്നതാണ് താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനമെന്ന് വീണാ ജോർജ്. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതുര താലൂക്ക് ആശുപത്രിയിൽ നിർമിച്ച ബഹുനില കെട്ടിടത്തിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുക ആയിരുന്നു മന്ത്രി. അരുവിക്കര നിയോജക മണ്ഡലത്തിലെ ആയുർവേദ ആശുപത്രിയുടെ പുതിയ ഒപി കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നടത്തിയിരുന്നു.
അരുവിക്കര മണ്ഡലത്തിലെ തന്നെ കോട്ടൂരിൽ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 2,96,79,715 രൂപ ചെലവഴിച്ചാണ് ബഹുനില കെട്ടിടവും ഡയാലിസിസ് യൂണിറ്റും വിതുര ആശുപത്രിയിൽ യാഥാർഥ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, അംഗം സോഫി തോമസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണ കുമാരി, വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ്, വൈസ് പ്രസിഡന്റ് ബി.എസ്.സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷ നീതു രാജീവ്, ഡിഎംഒ ഡോ.ബിന്ദു മോഹൻ, മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ.ടി.കണ്ണൻ എന്നിവർ പ്രസംഗിച്ചു.