ADVERTISEMENT

തൃശൂർ ∙ കേരള രാഷ്ട്രീയത്തിൽ ഒരു ‘ചവിട്ട്’ താരമായി നിൽക്കുമ്പോൾ ഇവിടെ ഒരു മുൻ മന്ത്രി സൈക്കിൾ ചവിട്ടി മാതൃകയാവുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് സ്റ്റേറ്റ് കാർ തിരികെ കൊടുത്ത ഉടൻ സൈക്കിളിലേക്കു മടങ്ങിയത്. തൃശൂരിൽ ഇപ്പോൾ പങ്കെടുക്കുന്ന ചടങ്ങുകൾക്കൊക്കെ സൈക്കിൾ ചവിട്ടിയാണ് മുൻ മന്ത്രിയെത്തുന്നത്. പാൽ, മരുന്ന് ഇവയൊക്കെ വാങ്ങാൻ  പോകുന്നതും സൈക്കിളിൽ. മന്ത്രിയാകുന്നതിനു മുൻപു മുതലുള്ള സൈക്കിൾ ജീവിതത്തെക്കുറിച്ച് സി. രവീന്ദ്രനാഥ് ‘മനോരമ’യോടു പറഞ്ഞതിങ്ങനെ:‘

മന്ത്രിയായിരിക്കുമ്പോഴും ആദ്യമൊക്കെ  സ്വകാര്യ ആവശ്യങ്ങൾക്കു ചെറിയ ദൂരങ്ങളിൽ സൈക്കിളിൽ പോകുമായിരുന്നു. പിന്നീട് സമയം കിട്ടാതായി. അങ്ങനെ കയ്യിലുണ്ടായിരുന്ന സൈക്കിൾ നശിച്ചുപോയി. മന്ത്രിജോലി അവസാനിച്ച്  സ്റ്റേറ്റ് കാർ മടക്കി കൊടുത്തതോടെ പഴയ സൈക്കിൾ തപ്പി. ഉപയോഗിക്കാനാവില്ല. പുതിയ സൈക്കിൾ വാങ്ങാൻ തീരുമാനിച്ച് നോക്കിയപ്പോൾ ഉള്ളിലൊരു സംശയം; സൈക്കിൾ ചവിട്ട് മറന്നു പോയിക്കാണുമോ, ആറായിരം രൂപകൊടുത്ത് ഒരു സൈക്കിൾ വാങ്ങിയിട്ട് ആ പൈസ പാഴാകുമോ?ആശങ്ക തീർക്കാൻ തൊട്ടടുത്ത വീട്ടിൽ നിന്നൊരു സൈക്കിൾ കടമെടുത്ത് 2 ദിവസം ചവിട്ടി നോക്കി.

കുഴപ്പമില്ല വഴങ്ങുന്നുണ്ട്. പിറ്റേന്നു തന്നെ സൈക്കിൾ വാങ്ങി. 5 വർഷം കഴിഞ്ഞിട്ടും ഞാൻ ഉപയോഗിച്ച അതേ ബ്രാൻഡ് സൈക്കിളിന് ഒരു മാറ്റവുമില്ല. അതേ സുഖം. കേരളവർമയ കോളജിന്  സമീപം താമസിക്കുന്ന വീട്ടിൽ നിന്നു ദിവസവും പാൽ വാങ്ങാൻ കോട്ടപ്പുറത്തു പോകുന്നത് ഈ സൈക്കിളിലാണ്. മരുന്നുവാങ്ങാൻ പടിഞ്ഞാറേക്കോട്ടയ്ക്കു പോകും. മുൻപ് സെന്റ് തോമസ് കോളജിൽ പഠിപ്പിക്കുമ്പോൾ വീട്ടിൽ നിന്നു 3.5 കിലോമീറ്റർ ദൂരെയുള്ള കോളജിലേക്കു സൈക്കിളിൽ ആണു പോയിരുന്നത്.  അടുത്തിടെ സൈക്കിളിൽ ആദ്യം പോയി പങ്കെടുത്ത ചടങ്ങ് അയ്യന്തോൾ കോസ്റ്റ്ഫോഡിലെ ഇഎംഎസ് സ്മൃതിയാണ്.

ഇന്നലെ അരണാട്ടുകരയിൽ എസ്എഫ്ഐ നടത്തിയ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യാനും പോയി. എനിക്ക് കാറില്ല, മകന്റെ കാർ ഇടയ്ക്ക് ഓടിക്കാറുണ്ട്. എന്നാലും ഏറ്റവും ഇഷ്ടപ്പെട്ട വാഹനം സൈക്കിൾ തന്നെ. ഇന്ധനവില ഇതുപോലെ കൂടുമ്പോൾ ഇതേയുള്ളു പരിഹാരം. ചെറിയ ചെറിയ രോഗങ്ങളൊക്കെ സൈക്കിൾ ചവിട്ടുമ്പോൾ മാറും. മഴ പെയ്യുമ്പോൾ കടത്തിണ്ണയിൽ 5 മിനിറ്റ് കയറി നിൽക്കേണ്ടി വരുമെന്നേയുള്ളു. അതൊക്കെ ഞാൻ ആസ്വദിക്കുന്നു’’രവീന്ദ്രനാഥിന്റെ സൈക്കിൾ പോലെ തന്നെയാണ് അദ്ദേഹവും. 5 വർഷത്തെ മന്ത്രികാലം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല.!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com