ADVERTISEMENT

തൃശൂർ ∙ ലണ്ടനിൽ ഇന്ന് എലിസബത്ത് രാജ്ഞിയുടെ സംസ്കാരം നടക്കുമ്പോൾ ബാക്കിയാവുന്ന ഓർമകളിൽ തൃശൂരുമായുള്ള ഈ ‘മേശബന്ധവും’. തൃശൂർ ചെമ്പുക്കാവ് ആനമല വീട്ടിൽ ഇപ്പോഴും നെഞ്ചുവിരിച്ചു കിടക്കുന്ന 12 അടി നീളവും നാലടി വീതിയുമുള്ള ഈ കൂറ്റൻ ഈട്ടി മേശയുടെ ‘സഹോദരൻ’ കൊട്ടാരത്തിലേക്കുള്ള സമ്മാനമായി കപ്പലേറിയതാണ്. ബക്കിങ്ഹാം കൊട്ടാരത്തിലും പിന്നീട് ലണ്ടൻ ഇന്ത്യാ ഹൗസിലും ഇടം കണ്ടെത്തി ആ മേശ.

80 വർഷം മുൻപ് രാജകുടുംബത്തിന്റെ സമ്മാനമായി ലഭിച്ച ജോർജ് ആറാമന്റെയും എലിസബത്ത് രാജ്ഞിയുടെയും ചിത്രം വരച്ച മുട്ടകൾ.

ആർകെ ലാറ്റെക്സ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനായിരുന്ന അന്തരിച്ച ഇലഞ്ഞിക്കൽ രഞ്ജിത് കുരുവിളയുടെ വീട്ടിലെ മേശയ്ക്കാണ് ഈ ലണ്ടൻ കൊട്ടാര ബന്ധം പറയാനുള്ളത്. കൊട്ടാരത്തിൽനിന്നു സമ്മാനമായി ലഭിച്ച 2 മുട്ടകൾ ഇപ്പോഴും രാജ്ഞിയുടെ ജീവിക്കുന്ന ചിത്രമായി ഇവിടെയുണ്ട്. 40കളിൽ പറമ്പിക്കുളം കാട്ടിൽ നിന്ന് നാലാൾ വട്ടം പിടിച്ചാൽ എത്താത്തൊരു കൂറ്റൻ ഈട്ടിമരം രഞ്ജിത് കുരുവിളയുടെ മുത്തച്ഛൻ ഇ. ജോൺ കുരുവിള വെട്ടിയെടുക്കുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷ് സർക്കാരിനു തടി എത്തിക്കാനുള്ള നിരവധി കരാറുകൾ ലഭിച്ചത് ആനമല ടിംബർ ട്രസ്റ്റ് എന്ന കമ്പനി രൂപീകരിച്ച ജോൺ കുരുവിളയ്ക്കായിരുന്നു. ബ്രിട്ടിഷ് ഗവർണർമാരുമായുള്ള ബന്ധമായിരുന്നു ഇതിനു പിന്നിൽ. ലോകത്ത് ഏറ്റവും വലിയ ഈട്ടിമരം എന്നു കരുതപ്പെടുന്ന ഈ കൂറ്റൻ തടിയിൽ നിന്നു നാലടി വീതിയും 12 അടി നീളവുമുള്ള ഒറ്റത്തടിപ്പലകകൾ അറുത്തെടുത്തു. അതിലൊന്നുകൊണ്ട് ഒരു വമ്പൻ തീൻമേശ പണിതു.

ഒരേ സമയം 12 പേർക്കിരിക്കാവുന്ന ആ തീൻമേശയിൽ ഒരുനാൾ അതിഥികളായെത്തിയത് അന്നു വൈസ്രോയി ആയിരുന്ന വെല്ലിങ്ടൻ പ്രഭുവും ലേഡി വെല്ലിങ്ടനും. ഒറ്റത്തടിയിൽ തീർത്ത ഈ മേശ കണ്ട് അദ്ഭുതപ്പെട്ടു വൈസ്രോയി. അന്നത്തെ രാജാവ് ജോർജ് ആറാമനുള്ള സമ്മാനമായി ഈ മേശ ജോൺ കുരുവിള സമ്മാനിച്ചു. പകരം രാജകുടുംബത്തിന്റെ വകയായി വൈസ്രോയി സമ്മാനിച്ചത് രണ്ടു മുട്ടകൾ. ഒന്നിൽ ജോർജ് രാജാവിന്റെയും മറ്റൊന്നിൽ പത്നി എലിസബത്ത് റാണിയുടെയും ചിത്രം വരച്ചിരുന്നു.

അതേ മരത്തിൽ നിന്ന് അതേ വലുപ്പത്തിൽ 2 മേശകൾ കൂടി ജോൺ കുരുവിള പണിയിച്ചു. ആ ‘സഹോദര മേശകളിൽ’ ഒന്ന് ചെമ്പുക്കാവിലെ വീട്ടിൽ. മറ്റൊന്ന് ബിസിനസ് പങ്കാളി ആയിരുന്ന തൃശൂർ ചാക്കോളാസിന്റെ വീട്ടിൽ നൽകി. രഞ്ജിത്തിന്റെ ഭാര്യ ഷെനാസും മക്കൾ യോഹാനും രാജീവുമാണ് ഇപ്പോൾ ചെമ്പുക്കാവിലെ ഈ മേശയുടെ സ്വന്തക്കാർ. അന്ന്, രാജകുടുംബത്തിന്റേതായി ലഭിച്ച ആ സമ്മാന മുട്ടകൾ എട്ടു പതിറ്റാണ്ടിനിപ്പുറവും ‘പൊട്ടാത്ത’ ഹൃദയ ബന്ധത്തിന്റെ തെളിവായി ഈ മേശയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com