കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര നിറവിൽ ചെറുതുരുത്തി ശാലീനം
Mail This Article
ചെറുതുരുത്തി∙ കേരള കലാമണ്ഡലത്തിലെ ആദ്യ നങ്ങ്യാരേതര കൂടിയാട്ട വിദ്യാർഥിനിയും കലാമണ്ഡലത്തിലെ ആദ്യ കൂടിയാട്ടം അധ്യാപികയുമായ കലാമണ്ഡലം ഗിരിജയ്ക്ക് കൂടിയാട്ടത്തിന് 2021 ലെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് പുതുശേരി ശാലീനം വീട്. .1971 ൽ കലാമണ്ഡലത്തിൽ വിദ്യാർഥിനിയായി എത്തിയ ഗിരിജ പതിതമൂന്നാം വയസ്സിൽ പൈങ്കുളം രാമചാക്യാരുടെ ശിഷ്യയായിട്ടാണ് കൂടിയാട്ട പഠനം ആരംഭിച്ചത്.
1980 ൽ കലാമണ്ഡലത്തിൽ നിന്ന് അദ്യമായി യൂറോപ്പിൽ പോയ സംഘത്തിലെ അംഗമായിരുന്നു.1981ൽ കലാമണ്ഡലത്തിലെ ആദ്യ കൂടിയാട്ട അധ്യാപികയായി. കേരള സംഗീത നാടക അക്കാദമി അവാർഡ് ,കേരള കലാമണ്ഡലം അവാർഡ് ,പൈങ്കുളം രാമചാക്യാർ സ്മാരക പുരസ്കാരം തുടങ്ങിയ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഒട്ടേറെ വിദേശ രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ഗിരിജ 2014ൽ കലാമണ്ഡലത്തിൽ നിന്ന് അസോഷ്യേറ്റ് പ്രഫസറായി വിരമിച്ചു. കൂടിയാട്ടത്തിലും നങ്ങ്യാർക്കൂത്തിലും പുതിയ ചിട്ടപ്പെടുത്തലുകളും വിദേശത്ത് നിന്നുള്ളവർക്ക് ഓൺലൈൻ ക്ലാസുകളുമായി തിരിക്കിലാണ് ഇപ്പോഴും ഗിരിജ.ഭർത്താവ് വിജയകുമാർ ,മകൾ ഡോ. ശാലിനി, മരുമകൻ ഹരികൃഷ്ണൻ, പേരക്കുട്ടി ഋതുപർണ