ഗുരുവായൂരിൽ പിള്ളേര് താലപ്പൊലി നാളെ, ക്ഷേത്രം നേരത്തെ അടയ്ക്കും
Mail This Article
ഗുരുവായൂർ ∙ ക്ഷേത്രം ഇടത്തരികത്ത് കാവിൽ നാട്ടുകാരുടെ വകയായി താലപ്പൊലി സംഘം നടത്തുന്ന പിള്ളേര് താലപ്പൊലി നാളെ .ഉച്ചയ്ക്ക് 12ന് ഭഗവതിയെ വാൽക്കണ്ണാടി രൂപത്തിൽ തിരുവുടയാട ചാർത്തി കൊമ്പൻ ഇന്ദ്രസെൻ കോലമേറ്റി കിഴക്കേ നടപ്പുരയിലേക്ക് എഴുന്നള്ളിക്കും. കോമരം സുരേന്ദ്രൻ നായർ പള്ളിവാളുമായി മുന്നിൽ നടക്കും. ചോറ്റാനിക്കര വിജയൻ, ചെർപ്പുളശേരി ശിവൻ എന്നിവർ നയിക്കുന്ന പഞ്ചവാദ്യം അകമ്പടിയാകും.
തിരിച്ചെഴുന്നള്ളിപ്പിന് പെരുവനം കുട്ടൻമാരാർ നയിക്കുന്ന പാണ്ടിമേളം അകമ്പടിയാകും.കാവിലമ്മയെ വരവേൽക്കാൻ നൂറു കണക്കിന് നിറപറകൾ ഒരുക്കുമെന്ന് ഭാരവാഹികളായ എൻ.പ്രഭാകരൻ നായർ, ഇ.കൃഷ്ണാനന്ദ്, ജി.ജി.കൃഷ്ണൻ എന്നിവർ അറിയിച്ചു. കോമരം നിറപറകൾ ചൊരിയും. തുടർന്ന് നാഗസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണം. രാത്രിയിൽ എഴുന്നള്ളിപ്പ്, താലം കളംപാട്ട് എന്നിവയുണ്ടാകും.
മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 7 മുതൽ കലാപരിപാടികൾ. വൈകിട്ട് 6ന് കലാക്ഷേത്ര മീരസുധന്റെ ഭരതനാട്യം, 7ന് സാൻസ്കൃതി പെർഫോമിങ് ആർട് അഹമ്മദാബാദിന്റെ ഗുജറാത്തി ഫോക് ഡാൻസ്, 8ന് മധുലിത മൊഹപുത്രയുടെ ഒഡീസി.
നാളെ ക്ഷേത്രം നേരത്തെ അടയ്ക്കും
പിള്ളേര് താലപ്പൊലി ആയതിനാൽ നാളെ രാവിലെ 11.30ന് ഗുരുവായൂർ ക്ഷേത്ര നട അടച്ചാൽ വൈകിട്ട് 4.30ന് മാത്രമേ തുറക്കുകയുള്ളു.