മുച്ചക്ര വാഹന വിവാദം: പഞ്ചായത്ത് പ്രസിഡന്റിനെയടക്കം പൂട്ടിയിട്ടു

Mail This Article
പാവറട്ടി ∙ പഞ്ചായത്തിൽ ജനകീയാസൂത്ര പദ്ധതി പ്രകാരം അംഗപരിമിതനു നൽകിയ മുച്ചക്ര വാഹനം മറ്റൊരാൾക്കു കൈമാറിയ വിഷയം ചർച്ച ചെയ്യാനായി ഇന്നലെ ചേർന്ന പ്രത്യേക യോഗവും വൻ ബഹളത്തിൽ കലാശിച്ചു. യോഗം അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങിയ പ്രസിഡന്റിനെയും ഭരണ പക്ഷ അംഗങ്ങളെയും സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരെയും പ്രതിപക്ഷ അംഗങ്ങൾ പൂട്ടിയിട്ടു. ഇതോടെ പ്രസിഡന്റും സെക്രട്ടറിയും പൊലീസ് സഹായം തേടി.
പൊലീസ് അഭ്യർഥിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്നുണ്ടായ ബലപ്രയോഗത്തിൽ പ്രസിഡന്റിന്റെ മുറിയുടെ ചില്ലു വാതിൽ തകർന്നു. പിന്നീട് വാതിൽ തുറന്ന ഉടൻ ബഹളമുണ്ടാക്കിയ പത്താം വാർഡ് അംഗം ഹബീബ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തു നീക്കി. ഇതോടെ എസ്ഡിപിഐ പ്രവർത്തകർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധവുമായി എത്തി. പൊതുമുതൽ നശിപ്പിപ്പിച്ചതിനും പൂട്ടിയിട്ടതിനും പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകി.
പ്രസിഡന്റിനെയും ഭരണപക്ഷ അംഗങ്ങളെയും പൂട്ടിയിട്ടതിനും വാതിൽ തകർത്തതിനും കൃത്യ നിർവഹണത്തിന് തടസം നിന്നതിനും പഞ്ചായത്ത് അംഗങ്ങളായ സൗമ്യ സുനിൽ, ഹബീബ് ഇബ്രാഹിം, സുനിത രാജു എന്നിവർക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് എം.എം. റജീന, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സിബി ജോൺസൺ , ഭരണ പക്ഷ അംഗങ്ങളായ ഷീബ തോമസ്, കെ. ദ്രൗപദി, സിൽജി ജോജു, കെ.കെ. സുധ എന്നിവരും പൊലീസിന് പരാതി നൽകി. പരാതി നൽകാനിറങ്ങിയ ഭരണ പക്ഷ അംഗങ്ങളെ പഞ്ചായത്ത് ഓഫിസിന് പുറത്ത് എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു.
വികസനകാര്യ ചെയർപഴ്സൻ സിബി ജോൺസനെതിരെ നടപടി വേണമെന്ന് യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ പരാതി നിലനിൽക്കുന്നതല്ലെന്നു പ്രസിഡന്റ് പറഞ്ഞു. തുടർന്ന് യോഗം അവസാനിപ്പിച്ചതായി പറഞ്ഞതോടെയാണ് ബഹളമുണ്ടായത്.പഞ്ചായത്ത് പ്രസിഡന്റും ഭരണ പക്ഷ അംഗങ്ങളും സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതായി സൗമ്യ സുനിലും ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചതായി സുനിത രാജുവും പൊലീസിന് പരാതി നൽകിയിട്ടുണ്ട്.