ADVERTISEMENT

കൊടുങ്ങല്ലൂർ ∙ കുറ്റിപ്പുറം – ഇടപ്പള്ളി ദേശീയപാത 66 എ ആറുവരി പാതയാക്കുന്നതിനു വേണ്ടിയുള്ള നിർമാണ പ്രവൃത്തികളുടെ ഭാഗമായി കോട്ടപ്പുറം – മൂത്തകുന്നം പുതിയ പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. കോട്ടപ്പുറത്തും മൂത്തകുന്നത്തും കരയിൽ പൈലിങ് ജോലികൾ പൂർത്തിയാക്കി. പുതിയ പാലത്തിനുള്ള തൂണുകൾ പുഴയിലും കരയിലുമായി ഉയർന്നു. നിലവിലുള്ള പാലത്തിനു പടിഞ്ഞാറു ഭാഗത്താണ് പുതിയ പാലം നിർമിക്കുന്നത്.

കോട്ടപ്പുറത്ത് നിന്നു വി.പി.തുരുത്തിലേക്കും വി.പി തുരുത്തിൽ നിന്നു മൂത്തകുന്നത്തേയും ബന്ധിപ്പിച്ചാണ് പാലം. കോട്ടപ്പുറം ഭാഗത്ത് പുഴയിൽ രണ്ടു പില്ലറുകൾ പൂർത്തിയായി. കോട്ടപ്പുറത്ത് കരയിലെ പ്രധാന തൂണുകൾ നിർമിക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്.കോട്ടപ്പുറം മുതൽ ഇടപ്പള്ളി വരെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയറിങ് കമ്പനിക്കും പൈലിങ് ജോലികൾ റിയൽ ടെക് കമ്പനിക്കുമാണ് നിർമാണ ചുമതല.

പാലത്തിന്റെ അന്തിമ രൂപരേഖ തയാറായിട്ടില്ല. വെള്ളത്തിലും കരയിലുമായി ആറു തൂണുകളിൽ മാത്രമായിരിക്കും പാലം നിർമിക്കുന്നത്. തൃശൂർ ജില്ലയിൽ കോട്ടപ്പുറം മുതൽ കാപ്പിരിക്കാട് വരെ ഡൽഹി കേന്ദ്രമായ ശിവാലയ കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് നിർമാണ ചുമതല. കോട്ടപ്പുറം - കോട്ടപ്പുറം ചന്ത റോഡിനോട് ചേർന്ന സ്ഥലത്താണ് പാലം നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വി പി തുരുത്തിൽ പാലത്തിനു താഴെയുള്ള പൊതുമരാമത്ത് വകുപ്പ് സ്ഥലത്താണ് നിർമാണ സാമഗ്രികൾ ശേഖരിച്ചിരിക്കുന്നത്.

ഓരോ ആഴ്ചയിലും പ്രവൃത്തികൾ ദേശീയപാത ഉദ്യോഗസ്ഥ സംഘം വിലയിരുത്തുന്നുണ്ട്. ജില്ലാ അതിർത്തിയായ കോട്ടപ്പുറം മുതൽ കാപ്പിരിക്കാട് വരെയുള്ള ആറുവരി പാത നിർമാണ പ്രവൃത്തികളും പുരോഗതിയിലാണ്. കടിക്കാട് വില്ലേജ് മുതൽ തളിക്കുളം വരെയുള്ള 34.165 കിലോമീറ്റർ, കൊടുങ്ങല്ലൂർ കോട്ടപ്പുറം സിഗ്‌നൽ ജംക്‌ഷൻ മുതൽ തളിക്കുളം വരെയുള്ള 28.73 കിലോമീറ്റർ ദൂരത്തിലുമാണ് ജില്ലയിൽ ആറുവരി പാത യാഥാർഥ്യമാകുന്നത്. ഡൽഹി കേന്ദ്രമായുള്ള ശിവാലയ കമ്പനിയാണ് ജില്ലയിൽ ആറുവരി പാത നിർമാണം ഏറ്റെടുത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com