ADVERTISEMENT

തൃശൂർ ∙ പകൽച്ചൂടും വൻതിരക്കും അവഗണിച്ചു സ്വരാജ് റൗണ്ടിന്റെ ഇരുഭാഗത്തും തിങ്ങിനിറഞ്ഞ ജനങ്ങളെ ഹരം കൊള്ളിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒന്നര കിലോമീറ്റർ റോഡ് ഷോ. പ്രധാനമന്ത്രിയെ കാണാൻ മണിക്കൂറുകൾക്കു മുൻപേ സ്വരാജ് റൗണ്ടിലേക്ക് ഒഴുകിയെത്തിയവർക്കു റോഡ് ഷോ അടിമുടി മോദിമയമായി. ബിജെപി പതാകകൾ വീശിയും മോദിയുടെ ചെറു കട്ടൗട്ടുകൾ ഉയർത്തിയും പൂക്കൾ വിതറിയും ആർപ്പുവിളിയോടെ കാവിത്തൊപ്പിയണിഞ്ഞെത്തിയ ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റു. ഇരുഭാഗത്തേക്കും കൈകൾ വീശി പ്രധാനമന്ത്രിയും ജനങ്ങളെ അഭിവാദ്യം ചെയ്തു. ഇന്നലെ വൈകിട്ടു റോഡ് ഷോ ആരംഭിക്കുന്നതിനു 4 മണിക്കൂർ മുൻപേ സ്വരാജ് റൗണ്ടിലേക്കു ജനപ്രവാഹം തുടങ്ങിയിരുന്നു. 

സ്വരാജ് റൗണ്ടിൽ നടന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സുരേഷ് ഗോപി, മഹിള മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ എന്നിവർ ഒപ്പം വാഹനത്തിൽ.
സ്വരാജ് റൗണ്ടിൽ നടന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സുരേഷ് ഗോപി, മഹിള മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ എന്നിവർ ഒപ്പം വാഹനത്തിൽ.

12 മണിയോടെ തെക്കേഗോപുര നടയ്ക്കു മുന്നിൽ സുരക്ഷാ പരിശോധനയ്ക്കു ശേഷം മെറ്റൽ ഡിറ്റക്ടറുകൾ വഴി സ്ത്രീകളെ സമ്മേളന നഗരിയിലേക്കു കടത്തിവിട്ടു തുടങ്ങി. പുരുഷന്മാരെ സുരക്ഷാ പരിശോധനയ്ക്കു ശേഷം തേക്കിൻകാട് മൈതാനത്തോടു ചേർന്നുള്ള നടപ്പാതകളിലേക്കും കടത്തിവിട്ടു. വിവിധയിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ റൗണ്ടിലെത്തി ബിജെപി പ്രവർത്തകരെ ഇറക്കി മടങ്ങി. ഒരു മണിയോടെ തെക്കേഗോപുര നടയ്ക്കു സമീപം റോഡിൽ വൻജനത്തിരക്കായി. തുടർന്ന് ഇരുവശവും നടപ്പാതകളിൽ പുരുഷന്മാരെ ബാരിക്കേഡിനുള്ളിൽ നിർത്താൻ തുടങ്ങി.  ശക്തൻ നഗറിലെത്തിയ ഒട്ടേറെ പ്രവർത്തകർ എംഒ റോഡ് വഴി കൂട്ടമായാണു സ്വരാജ് റൗണ്ടിലേക്ക് എത്തിയത്. ഉച്ചയ്ക്കു രണ്ടോടെ എംഒ റോഡും പരിസരവും ജനങ്ങളാൽ നിറഞ്ഞു.

രണ്ടരയോടെ റോഡിൽ തിരക്കു നിയന്ത്രണാതീതമായി. തുടർന്നു മെറ്റൽ ഡിറ്റക്ടറുകൾ ഒഴിവാക്കി സ്ത്രീകളെയും പുരുഷന്മാരെയും കൂട്ടത്തോടെ മൈതാനത്തേക്കു പൊലീസ് കടത്തിവിട്ടു.  3 മണിയോടെ റോഡിൽ നിന്നു ജനങ്ങളെ പൂർണമായി ഒഴിപ്പിച്ച്, എംഒ റോഡിനു മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. മൈതാനത്തേക്കുള്ള പ്രവേശനം വടം കെട്ടിയും നിയന്ത്രിച്ചു. ഇതിനു ശേഷമെത്തിയ സ്ത്രീകളടക്കമുള്ള ഒട്ടേറെപ്പേർക്കു മൈതാനത്തേക്കും സമ്മേളന നഗരിയിലേക്കും കടക്കാൻ കഴിഞ്ഞില്ല. ഇതോടെ നടപ്പാതകളിൽ നിന്നു പ്രധാനമന്ത്രിയെ കാണാൻ വൻ തിരക്ക് അനുഭവപ്പെട്ടു.  മൂന്നരയോടെ റോഡ് ഷോയുടെ ഭാഗമായുള്ള ആദ്യ പൊലീസ് പൈലറ്റ് വാഹനം റൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ ജനങ്ങൾ ആവേശത്തിലായി.

 തൃശൂരിൽ സ്ത്രീശക്തി മോദിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം.
തൃശൂരിൽ സ്ത്രീശക്തി മോദിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം.

 അലങ്കരിച്ച തുറന്ന കാവിനിറത്തിലുള്ള വാഹനത്തിൽ പ്രധാനമന്ത്രി കൈവീശി എത്തിയതോടെ ബാരിക്കേഡിനുള്ളിൽ തിങ്ങിനിറഞ്ഞ ജനം ആവേശത്തോടെ ആർപ്പുവിളിച്ചു. തുടർന്ന് അഭിവാദ്യമർപ്പിക്കാൻ തിങ്ങിനിറഞ്ഞ ജനങ്ങളുടെ നേർക്കു കൈവീശി പ്രധാനമന്ത്രി നരേന്ദ്ര മോദി നീങ്ങിയപ്പോൾ കരഘോഷവും പുഷ്പവൃഷ്ടിയും മുദ്രാവാക്യങ്ങളും അകമ്പടിയായി. മോദിജി വിളികൾക്കും ആരവത്തിനും പൂമഴയ്ക്കും നടുവിലൂടെ ഇരുപതിലേറെ വാഹനങ്ങളുടെ നിര കടന്നുപോയ ശേഷവും ഒട്ടേറെ പ്രവർത്തകർ ആവേശം ചോരാതെ കാത്തുനിന്നു. തുടർന്നു നാലോടെ പൊലീസ് ബാരിക്കേഡുകൾ മാറ്റുകയും ജനങ്ങളെ റൗണ്ടിലേക്കും തേക്കിൻകാട് മൈതാനത്തേക്കും കടത്തിവിടുകയും ചെയ്തു. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു, പ്രധാനമന്ത്രി വേദി വിട്ടശേഷമാണ് ഒട്ടേറെ പ്രവർത്തകർ മടങ്ങിയത്.

കാശി വിശ്വനാഥനെയോർത്ത് വടക്കുന്നാഥനു മുന്നിൽ മോദി
തൃശൂർ ∙ പാർലമെന്റിൽ താൻ പ്രതിനിധാനം ചെയ്യുന്ന കാശിയിൽ എന്നതുപോലെ തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തിലും മഹാദേവനാണു പ്രതിഷ്ഠ എന്ന് മോദി പറഞ്ഞപ്പോൾ സദസ്സിൽ കയ്യടി നിറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെ, തൃശൂർ പൂരത്തെ അനുസ്മരിപ്പിക്കുന്ന ഈ ആവേശം കേരളം മുഴുവനായും നിറയട്ടെ എന്നു കൂടിയായപ്പോൾ കയ്യടികൾക്ക് കനം വച്ചു. 

4.25ന് തുടങ്ങിയ പ്രസംഗം 5.07ന് ആണ് അവസാനിച്ചത്. അയോധ്യയിലെ ശ്രീരാമപ്രഭുവിന്റെ രൂപമാണ്  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.  സംഘാടക സമിതി അദ്ദേഹത്തെ കൂറ്റൻ പുഷ്പഹാരം അണിയിച്ചു. രാമഭക്തൻ ഹനുമാന്റെ രൂപം ജില്ലാ ബിജെപി ജില്ലാ അധ്യക്ഷൻ കെ.കെ.‌അനീഷ് കുമാർ സമ്മാനിച്ചു. 

‌മണലിൽ തീർത്ത മോദിയുടെ ശിൽപം ബാബു എടക്കുന്നി അദ്ദേഹത്തിനു കൈമാറി. വെള്ളിനൂലിൽ തീർത്ത ഷാൾ ആണ് ബീനാ കണ്ണൻ പ്രധാനമന്ത്രിയെ അണിയിച്ചത്. വൈക്കം വിജയലക്ഷ്മി സ്വാഗത ഗാനം ആലപിച്ചു.  ശോഭന, പിടി.ഉഷ എംപി, ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭാ സുരേന്ദ്രൻ, ജെ.പ്രമീളാദേവി, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നവ്യ ഹരിദാസ്, സിനി മനോജ് എന്നിവർ പ്രസംഗിച്ചു. 

തെക്കേഗോപുരം വണങ്ങി മോദി
തൃശൂർ ∙ റോഡ് ഷോ സ്വരാജ് റൗണ്ടിൽ തെക്കേഗോപുര നടയ്ക്കു സമീപമെത്തിയപ്പോൾ ഗോപുരത്തെ നോക്കി, കൈയുയർത്തി വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണു റോഡ് ഷോ തെക്കേഗോപുര നടയ്ക്കു മുന്നിലെത്തിയപ്പോൾ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ഗോപുരം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് ഒരു നിമിഷം അദ്ദേഹം ഗോപുരത്തെ നോക്കി കൈകൾ ഉയർത്തി, വണങ്ങുകയായിരുന്നു.

1)തൃശൂരിൽ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിനിടെ  പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ആശീർവാദം വാങ്ങുന്ന
ഗായിക വൈക്കം വിജയലക്ഷ്മി.

2) തൃശൂരിൽ ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ എത്തിയ പെൻഷൻ സമരനായിക മറിയക്കുട്ടിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, സംരംഭക ബീനാ കണ്ണൻ എന്നിവർ സമീപം.
1)തൃശൂരിൽ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ആശീർവാദം വാങ്ങുന്ന ഗായിക വൈക്കം വിജയലക്ഷ്മി. 2) തൃശൂരിൽ ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ എത്തിയ പെൻഷൻ സമരനായിക മറിയക്കുട്ടിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, സംരംഭക ബീനാ കണ്ണൻ എന്നിവർ സമീപം.

കേരളം ആഗ്രഹിക്കുന്നു,മോദിയുടെ നേതൃത്വം: കെ.സുരേന്ദ്രൻ
തൃശൂർ ∙ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്നതു കേരളത്തിലാണെന്നും ഇതിനെല്ലാം അറുതി വരുത്താൻ മോദിയുടെ നേതൃത്വം കേരളം ആഗ്രഹിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

സ്ത്രീകൾക്കു വേണ്ടി ഇത്രയും ഇടപെടൽ നടത്തിയ മറ്റൊരു പ്രധാനമന്ത്രി ഇല്ല. ആരും അംഗീകരിക്കാൻ തയാറാകാത്തവരുടെ കൈപിടിച്ചു നടത്തുകയാണ് അദ്ദേഹം ചെയ്തത്. കഴിഞ്ഞ 10 വർഷം പത്മ അവാ‍ർഡു‍കൾ നേടിയത് ആരൊക്കെയെന്നു പരിശോധിച്ചാൽ അതറിയാം. 

മോദി ക്രൈസ്തവ സമുദായ നേതാക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചപ്പോൾ‌ ആ സമൂഹത്തെ അവഹേളിക്കുന്ന നിലപാടാണു കേരളത്തിലെ മന്ത്രിമാർ അടക്കമുള്ളവർ ചെയ്യുന്നത്. കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പു കഴിഞ്ഞ് മോദി ആദ്യമെത്തിയത് ഗുരുവായൂരിലേക്കാണെന്നും ഇക്കുറി സുരേഷ് ഗോപിയെപ്പോലുള്ളവരെ ആശിർവദിക്കാനാണ് അദ്ദേഹം എത്തിയിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com