കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയ ഗ്രാഫിക് ഡിസൈനർ അറസ്റ്റിൽ
Mail This Article
കയ്പമംഗലം ∙ മൂന്നുപീടികയിലെ മെഡിക്കൽ ഷോപ്പിൽ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയ കേസിൽ ഗ്രാഫിക് ഡിസൈനർ പാവറട്ടി നവോദയ നഗർ കൊല്ലന്നൂർ വീട്ടിൽ ജസ്‌റ്റിനെ (39) കയ്പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസമാണ് മരുന്നു വാങ്ങിയത്. അഞ്ഞൂറ് രൂപയുടെ നോട്ടാണ് കൊടുത്തത്. സംശയം തോന്നിയ കടയുടമ ചോദ്യം ചെയ്തപ്പോൾ നോട്ട് മാറിയില്ലങ്കിൽ വിളിച്ചാൽ മതിയെന്നു പറഞ്ഞ് നമ്പർ നൽകി കടന്നു കളയുകയായിരുന്നു.
പിന്നീട് കള്ളനോട്ടാണെന്നു മനസിലാക്കി വിളിച്ചെങ്കിലും നമ്പർ നിലവില്ലായിരുന്നു. കാറിന്റെ നമ്പറും സിസിടിവിയിൽ പതിഞ്ഞ ചിത്രവും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.പാവറട്ടിയിലെ ഇയാളുടെ സ്ഥാപനത്തിൽ നിന്ന് അഞ്ഞൂറിന്റെ 12 കള്ളനോട്ടും മുദ്രപ്പത്രത്തിൽ പ്രിന്റ് ചെയ്ത് 500ന്റെ നോട്ടുകളും കണ്ടെടുത്തു. ആറു മാസത്തിനുള്ളിൽ ഇയാൾ ജില്ലയിലെ വിവിധ കടകളിൽ കള്ളനോട്ടുകൾ നൽകിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
റൂറൽ എസ്പി നവനീത് ശർമയുടെ നിർദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ കയ്പമംഗലം ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്ഐമാരായ കെ.എസ്.സൂരജ്, സജിബാൽ, ബിജു, എഎസ്ഐ നിഷി, സീനിയർ സിപിഒ മുഹമ്മദ് റാഫി, ജ്യോതിഷ്, സിപിഒ മാരായ ജോസഫ്, ഗിൽബർട്ട് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.