ADVERTISEMENT

പീച്ചി ∙ തൃശൂരിൽ നിന്നു 16 കിലോമീറ്റർ അകലെ പട്ടിക്കാട്–പീച്ചി ഡാം റോഡിൽ പീച്ചി വനഗവേഷണ സ്ഥാപനത്തിലെ വന്യജീവി മ്യൂസിയം ഗവേഷകരുടെയും വിദ്യാർഥികളുടെയും ഇഷ്ടകേന്ദ്രമാണ്. വന്യജീവികളെക്കുറിച്ചുള്ള സംശയനിവാരണത്തിനും ഗവേഷണത്തിനും കൗതുകം നിറഞ്ഞ കഥകളറിയുന്നതിനുമായി ഒട്ടേറെ പേരാണ് കെഎഫ്ആർഐയിലെ വന്യജീവി മ്യൂസിയം സന്ദർശിക്കുന്നത്. ഉരഗങ്ങൾ, ഉഭയജീവികൾ, സസ്തനികൾ, മത്സ്യങ്ങൾ എന്നിവയുടെ പ്രദർശനവും സചിത്ര വിവരണങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത.

വ്യത്യസ്ത വിഭാഗങ്ങളിൽപെട്ട എണ്ണൂറിലധികം ജീവികളുടെ മാതൃകകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫോർമാലിൻ, എഥനോൾ എന്നിവയിൽ സൂക്ഷിച്ച ജീവികളുടെ ശരീരങ്ങളും ഡ്രൈ, സ്റ്റഫ് മുതലായ രീതിയിൽ കേടുകൂടാതെ സംരക്ഷിക്കപ്പെട്ടവയാണ് ഇതെല്ലാം. 125 ശുദ്ധജല മത്സ്യങ്ങൾ, 25 വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങൾ, 15 തവള വിഭാഗങ്ങൾ, വിഷം ഉള്ളതും ഇല്ലാത്തതും ആയ പാമ്പുകൾ എന്നിവ പ്രത്യേക ആകർഷണമാണ്. കേരളത്തിലെ പ്രധാനപ്പെട്ട പാമ്പുകളെല്ലാം ഇവിടെയുണ്ടെന്ന് കെഎഫ്ആർഐ വന്യജീവി വിഭാഗം മേധാവി ഡോ. ബാലകൃഷ്ണൻ പേരോത്ത് പറഞ്ഞു.

കാൽപാദങ്ങൾ
പ്ലാസ്റ്റർ ഓഫ് പാരിസിൽ പകർത്തിയെടുത്ത മൃഗങ്ങളുടെ കാൽപാദങ്ങൾ പ്രത്യേക ആകർഷണമാണ്. പുള്ളിമാൻ, കാട്ടുപന്നി, കാട്ടുനായ തുടങ്ങിയവയുടെ കാൽപാദങ്ങളിവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മുള്ളൻപന്നിയുടെ മുള്ള്, നക്ഷത്ര ആമയുടെ തോട് മുതലായവയും സൂക്ഷിച്ചിട്ടുണ്ട്. ആനയുടെ പല്ലും വിവിധ മാൻ വിഭാഗങ്ങളുടെ കൊമ്പുകളുമുണ്ട്. 

പ്രവേശനം
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി മ്യൂസിയം സന്ദർശിക്കാം. വലിയ സംഘമായിട്ട് വരുമ്പോൾ പരിശീലന വ്യാപന വിഭാഗം ചെറിയ തുക പ്രവേശനത്തിന് ഈടാക്കും.

100 സ്കൂൾ വിദ്യാർഥികൾക്ക് 200 രൂപയാണ് ചെലവ്. ഒപ്പം രണ്ട് ജീവനക്കാർ മുഴുവൻ സമയവും ആവശ്യമായ വിശദീകരണങ്ങളുമായി സന്ദർശകരോടൊപ്പം ഉണ്ടായിരിക്കും. പ്രതിവർഷം നാലായിരത്തിലധികം സന്ദർശകർ എത്തുന്നതിൽ ബഹുഭൂരിപക്ഷവും വിദ്യാർഥികളാണ്.

English Summary:

Located near Thrissur, the Peechi Wildlife Museum at the Peechi Forest Research Institute offers a captivating glimpse into Kerala's diverse fauna. With exhibits showcasing reptiles, amphibians, mammals, and fishes, the museum provides an engaging and educational experience for visitors of all ages.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com