ADVERTISEMENT

തൃശൂർ ∙ നഗരത്തിലെ ശക്തൻ നഗറിലെത്തുന്ന കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്കു പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന ആകാശ നടപ്പാത (സ്കൈ വോക്) ഇന്നു വീണ്ടും തുറക്കും. മെട്രോ സിറ്റികൾക്കു സമാനമായി ആധുനിക രീതിയിലാണ് ഉൾഭാഗം പൂർണമായി ശീതീകരിച്ചും ലിഫ്റ്റുകൾ സ്ഥാപിച്ചും ആകാശപ്പാത നവീകരിച്ചത്. 4 പ്രവേശന കവാടങ്ങളിലും ലിഫ്റ്റുകളും പടികളും ഉണ്ട്. സുരക്ഷയ്ക്കായി 20 സിസിടിവി ക്യാമറകളും സ്ഥാപിച്ചു.

രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നവീകരിച്ച ആകാശപ്പാതയുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് 5ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. മേയർ എം.കെ.വർഗീസ് അധ്യക്ഷനാകും. സെൻട്രലൈസ്ഡ് എയർ കണ്ടിഷനിങ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ മന്ത്രി കെ.രാജൻ നിർവഹിക്കും. മന്ത്രി ആർ.ബിന്ദു ലിഫ്റ്റുകളുടെ പ്രവർത്തനോദ്ഘാടനം ചെയ്യും. സൗരോർജ പാനലുകളുടെ പ്രവർത്തനോദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിക്കും. സിസിടിവികൾ പി.ബാലചന്ദ്രൻ എംഎൽഎയും ഉദ്ഘാടനം ചെയ്യും.

ചെലവ് 11 കോടി 
തൃശൂർ കോർപറേഷന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അർബൻ ട്രാൻസ്പോർട്ട് സെക്ടറിൽ നടപ്പാക്കിയ പദ്ധതിയാണ് ആകാശപ്പാത. ശീതീകരണം, സോളർ പാനലുകൾ, ലിഫ്റ്റുകൾ, സിസിടിവികൾ എന്നിവ ഉൾപ്പെടുന്ന നവീകരണം അടക്കം ആകെ ചെലവ് 11 കോടി രൂപയാണ്. കേന്ദ്ര സർക്കാരിന്റെ അംഗീകൃത ഏജൻസിയായ കിറ്റ്കോയുടേതാണു രൂപകൽപന. കോർപറേഷൻ എൻജിനീയറിങ് വിഭാഗമാണു നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.

2019ലായിരുന്നു നിർമാണോദ്ഘാടനം. ആദ്യഘട്ടം പൂർത്തിയാക്കി 2023ൽ തുറന്നു നൽകിയെങ്കിലും നവീകരണത്തിനായി അടച്ചിടുകയായിരുന്നു. ആകാശപ്പാതയിലൂടെ നഗരഗതാഗത മേഖലയിൽ നടപ്പാക്കിയ മാതൃകാ പ്രവൃത്തിക്കു കോർപറേഷനു ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ് കോർപറേഷന്റെ (ഹഡ്കോ) 2022–23ലെ അവാർഡ് ലഭിച്ചിരുന്നു.

അരലക്ഷം ജനങ്ങൾ
ശക്തൻ പഴം–പച്ചക്കറി മാർക്കറ്റ്, മത്സ്യ–മാംസ മാർക്കറ്റ്, ശക്തൻ ബസ് സ്റ്റാൻഡ്, ശക്തൻ ഷോപ്പിങ് കോംപ്ലക്സ്, ഗോൾഡൻ ഫ്ലീ മാർക്കറ്റ് എന്നിവ ഉൾപ്പെടുന്ന ജനത്തിരക്കിലാണു പലപ്പോഴും ശക്തൻ നഗർ. ചുരുങ്ങിയത് അൻപതിനായിരത്തിലധികം ജനങ്ങൾ ദിനംപ്രതി ശക്തൻ നഗറിൽ വന്നു പോകുന്നു എന്നാണു കോർപറേഷന്റെ കണക്ക്. ഇതോടൊപ്പം പ്രധാന ജംക്‌ഷനായതിനാൽ പല സമയങ്ങളിലും വാഹനത്തിരക്കും ഗതാഗതക്കുരുക്കുമുണ്ട്. ഈ തിരക്കുകളിൽ അപകടങ്ങളും പതിവാണ്. ഇതു മനസ്സിലാക്കിയാണു ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു സുഗമമായി റോഡ് കുറുകെ കടക്കാൻ ബദൽ സംവിധാനമായി ആകാശപ്പാത നിർമിച്ചത്.

കാൽനട സംസ്കാരം
ആകാശപ്പാത വീണ്ടും തുറക്കുന്നതോടെ തിരക്കേറിയ ശക്തനിലെ തെരുവുകളിലൂടെയുള്ള കാൽനടയാത്ര അവസാനിക്കുമെന്നാണു കോർപറേഷന്റെ പ്രതീക്ഷ. ഇതോടൊപ്പം അപകടരഹിതമായി റോഡ് കുറുകെ കടക്കുന്നതിന് ആകാശപ്പാത വിനിയോഗിക്കുന്നതു വഴി പുതിയ യാത്രാ സംസ്കാരം രൂപപ്പെടുത്തുന്നതിനും കോർപറേഷൻ ലക്ഷ്യമിടുന്നു. കാൽനടയാത്രക്കാർ ഫലപ്രദമായി ഉപയോഗിച്ചാൽ ശക്തൻ നഗറിലെ കാൽനടയാത്രാ അപകടങ്ങൾ കുറയുമെന്നാണു ട്രാഫിക് പൊലീസിന്റെയും കോർപറേഷന്റെയും കണക്കുകൂട്ടൽ.

English Summary:

The newly renovated Sky Walk in Thrissur is set to reopen, offering pedestrians a comfortable and modern way to navigate the bustling city. Featuring air conditioning, lifts at all entry points, and enhanced security measures, the revamped Sky Walk promises a safe and enjoyable experience for all visitors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com