ADVERTISEMENT

വടക്കാഞ്ചേരി ∙ നിയോജകമണ്ഡലത്തിലെ വിനോദകേന്ദ്രങ്ങളെ ബന്ധിപ്പിച്ചു നടപ്പാക്കുന്ന ഹിൽ ടൂറിസം സർക്കീറ്റിന്റെ ട്രയൽ റൺ നടന്നു. വടക്കാഞ്ചേരി മണ്ഡലത്തിലെ ടൂറിസം രംഗത്തു പുതിയ ചുവടുവയ്പാണിത്. സർക്കീറ്റ് ആവശ്യം ഉന്നയിച്ച് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മന്ത്രിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തി രൂപരേഖ തയാറാക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെ ചുമതലപ്പെടുത്തിയിരുന്നു. 

മണ്ഡലത്തിലെ പ്രധാന വിനോദകേന്ദ്രങ്ങളായ പൂമല ഡാം, മിനി ഊട്ടി, പത്താഴക്കുണ്ട് ഡാം, ചെപ്പാറ റോക്ക് ഗാർഡൻ, വട്ടായി വെള്ളച്ചാട്ടം, വാഴാനി ഡാം, തൂമാനം വെള്ളച്ചാട്ടം, ചാത്തൻചിറ ഡാം, പേരേപ്പാറ ഡാം, വിലങ്ങൻകുന്ന്, കോൾ നിലങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണു സർക്കീറ്റ് തയാറാക്കിയിട്ടുള്ളത്.ട്രയൽ റൺ എംഎൽഎയുടെ നേതൃത്വത്തിൽ നടന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ടൂറിസം ഡെസ്റ്റിനേഷനുകളിൽ എത്തി. തൃശൂരിൽ നിന്നാരംഭിച്ച് മേൽപ്പറഞ്ഞ പ്രദേശങ്ങൾ സന്ദർശിച്ച് വാഴാനി ഡാമിൽ എത്തി. തുടർന്ന് എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. 

പൂമല ഇക്കോ ടൂറിസം പദ്ധതി 
3.85 കോടി രൂപയുടെ പൂമല ഇക്കോ ടൂറിസം പദ്ധതി പുരോഗമിക്കുകയാണ്. ചെപ്പാറയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. 5.6 ലക്ഷം രൂപ ചെലവഴിച്ച് വാഴാനി ഡാമിലെ തൂക്കുപാലം കേടുപാടുകൾ തീർത്ത് തുറന്നുകൊടുക്കുകയും 40.3 ലക്ഷം രൂപ ചെലവഴിച്ച് കുട്ടികളുടെ പാർക്ക് നവീകരിക്കുകയും ചെയ്തു. എ.സി.മൊയ്തീൻ എംഎൽഎയുടെ കാലത്ത് എംഎൽഎ ഫണ്ട് വിനിയോഗിച്ചു വാഴാനിയിൽ നിർമിച്ച ലൈബ്രറി കം കൾചറൽ സെന്റർ വാടകയ്ക്കു നൽകാൻ തുടങ്ങി.

മുൻ മന്ത്രി സി.എൻ.ബാലകൃഷ്ണൻ തന്റെ എംഎൽഎ ഫണ്ടിൽനിന്ന് ഒരുകോടി രൂപ അനുവദിച്ച വാഴാനി ഡാം കൺവൻഷൻ സെന്റർ യാഥാർഥ്യമാക്കാൻ തടസ്സമായിരുന്ന ഇറിഗേഷൻ വകുപ്പിന്റെ എൻഒസി അടുത്തിടെ നേടിയെടുക്കാനായിരുന്നു. 5.99 കോടി രൂപയുടെ സ്വപ്നപദ്ധതിയായ വാഴാനി മ്യൂസിക്കൽ ഫൗണ്ടന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. വാഴാനി ഡാമിലെ കുളം വിനോദസഞ്ചാരികൾക്ക് ഉപയോഗപ്രദമാക്കാൻ ലക്ഷ്യമിട്ട് ഗവ.എൻജിനീയറിങ് കോളജിന്റെ നേതൃത്വത്തിൽ 1.5 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. 

വിലങ്ങൻകുന്നിൽ വാച്ച് ടവർ ഉൾപ്പെടെയുള്ള 3.45 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതി വർക്കിങ് ഗ്രൂപ്പ് അംഗീകരിച്ചു സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു. ഇതിനെല്ലാം പുറമെ വടക്കാഞ്ചേരി ടൂറിസം സർക്കീറ്റിനായി  ബജറ്റിൽ 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സർക്കീറ്റിന്റെ ഉദ്ഘാടനം വൈകാതെ നടത്തുമെന്നും എംഎൽഎ അറിയിച്ചു.

English Summary:

Vadakkanchery constituency witnesses a promising boost to its tourism sector with the successful trial run of the new Hill Tourism Circuit. Connecting various entertainment centers, this project promises a revitalized tourism experience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com