ADVERTISEMENT

തൃശൂർ ∙ പൂരത്തിനു 3 ദിവസം മുൻപ് കമ്മിഷണർ അവതരിപ്പിച്ച ബ്ലൂ പ്രിന്റ് മാറ്റി പുതിയ ബ്ലൂ പ്രിന്റ് അവതരിപ്പിച്ചത് എഡിജിപിയാണെന്നും പൂരം കലക്കൽ തന്റെ ബ്ലൂ പ്രിന്റ് പ്രകാരം ശരിയായി നടക്കുന്നുണ്ടോയെന്നാണ് പൂരനാളിൽ എഡിജിപി തൃശൂരിൽ ഇരുന്നു നിരീക്ഷിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൂരം കലക്കിയതിനു പിന്നിൽ മുഖ്യമന്ത്രി– ആർഎസ്എസ്– എഡിജിപി കൂട്ടുകെട്ടാണെന്നാരോപിച്ച് ഡിസിസി സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാർ – ബിജെപി നേതാക്കളോടുള്ള ഭയമാണ് പിണറായിയെ ഭരിക്കുന്നതെന്നും ഇ.പി.ജയരാജൻ പ്രകാശ് ജാവഡേക്കറെ കണ്ടതുപോലും പിണറായിക്കു വേണ്ടിയാണെന്നും സതീശൻ ആരോപിച്ചു. ‘പൂരം ദിവസം രാവിലെ 11മുതൽ പൂരം അലങ്കോലപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവം ആരും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയില്ലേ? 2 മന്ത്രിമാർ താങ്കളെ വിളിച്ചില്ലേ? ഇന്റലിജൻസുകാർ റിപ്പോർട്ട് നൽകിയില്ലേ? എഡിജിപിയെ ‘അങ്കിൾ’ വിളിച്ചു ചോദിച്ചില്ലേ? പൂരം ദിവസം രാവിലെ മുതൽ നടന്ന പൊലീസ് ഇടപെടൽ യഥാസമയം അറിഞ്ഞില്ലെങ്കിൽ താങ്കൾ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ല’– സതീശൻ പറഞ്ഞു.

ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണെന്നു ബോധ്യപ്പെട്ടപ്പോഴാണ് ആരോപണമുയർന്ന് 21 ദിവസം കഴിഞ്ഞ് എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. വർഗീയ സംഘർഷം ഉണ്ടാക്കി യുപിയിൽ തിരഞ്ഞെടുപ്പു ജയിക്കുന്ന അതേ തന്ത്രമാണ് ഇക്കുറി ബിജെപി തൃശൂരിൽ പയറ്റിയത്. ഹിന്ദുക്കൾ ബിജെപിയെ വിചാരണ ചെയ്യും.  വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞ​ുനടക്കുന്ന ബിജെപി, പൂരം കലങ്ങിയതിന്റെ പേരിൽ ഒരു സമരം പോലും നടത്തിയില്ല. അവർക്ക് ഒരു അസ്വസ്ഥതയുമില്ല– സതീശൻ പറഞ്ഞു. 

ആടിയുലയുകയില്ല എന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞ​ കപ്പൽ ഇപ്പോൾ പാറയിൽ തട്ടി ചിന്നിച്ചിതറിയ സ്ഥിതിയിലാണെന്ന് അധ്യക്ഷത വഹിച്ച ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. കപ്പിത്താൻ കപ്പലിൽനിന്നു മുങ്ങിയിരിക്കുന്നെന്നും അദ്ദേഹം പരിഹസിച്ചു. ബെന്നി ബഹനാൻ എംപി, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ എ.പി.അനിൽ കുമാർ, ഷാനിമോൾ ഉസ്മാൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാക‍ൃഷ്ണൻ, പി.എം.നിയാസ്, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.പി.സജീന്ദ്രൻ, വി.ടി.ബൽറാം എന്നിവർ പ്രസംഗിച്ചു.

നവോന്മേഷത്തിൽ കോൺഗ്രസ്
തൃശൂർ ∙ പൂരം അട്ടിമറിച്ചതിനു പിന്നിൽ മുഖ്യമന്ത്രി–ആർഎസ്എസ്–എഡിജിപി അവിശുദ്ധ കൂട്ടുകെട്ടാണെന്നാരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) നടത്തിയ പ്രതിഷേധ സംഗമം സംഘടനയ്ക്കു പുത്തനുണർവായി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് വനിതകൾ അടക്കമുള്ള നൂറുകണക്കിനു പ്രവർത്തകരെത്തി. തെക്കേഗോപുരനടയ്ക്കു സമീപം പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു സംഗമം. ത്രിവർണ തോരണങ്ങൾ, ലൈറ്റുകൾ, പതാകകൾ എന്നിവയാൽ അലങ്കരിച്ച വേദിക്കുചുറ്റും പ്രവർത്തകർ തിങ്ങിനിറഞ്ഞു. 

സംഗമം ആരംഭിക്കുന്നതിന് ഏറെ മുൻപേ ഒട്ടേറെപ്പേർ തെക്കേനടയിൽ എത്തിയിരുന്നു. കസേരകൾ നിറഞ്ഞതോടെ പലരും വേദിക്കരികിലും മറ്റുമായി നിന്നാണു പങ്കെടുത്തത്. വേദിക്കു മുൻപിൽ വനിതകൾക്കായി പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വേദിയിൽ പ്രവേശിച്ച ഉടൻ ജില്ലാ നേതാക്കൾ ഒരുമിച്ചു പ്രവർത്തകരെ അഭിവാദ്യം ചെയ്തു. തുടർന്നാണു പ്രതിഷേധ സംഗമം ആരംഭിച്ചത്. 

തിരിച്ചടികൾ നേരിട്ടിട്ടുണ്ടെങ്കിലും ഫീനിക്സ് പക്ഷിയെപ്പോലെ കോൺഗ്രസ് തിരികെവരുമെന്നും തൃശൂരിലും വൻ തിരിച്ചുവരുവുണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എംപി അധ്യക്ഷപ്രസംഗത്തിനിടെ പറഞ്ഞപ്പോൾ കയ്യടികൾ ഉയർന്നു. ഈ സർക്കാരിന്റെ അന്ത്യം കുറിക്കുന്നതിന്റെ ആരംഭം തൃശൂരിൽ നിന്നാകുമെന്നു ഉദ്ഘാടന പ്രസംഗത്തിൽ വി.ഡി. സതീശൻ പറഞ്ഞപ്പോഴും നിറഞ്ഞ കയ്യടികളുണ്ടായി. കോൺഗ്രസിന്റെ മണ്ഡലം–ബ്ലോക്ക് പ്രസിഡന്റുമാർ, മഹിളാ കോൺഗ്രസ്–യുവജന സംഘടനാ പ്രവർത്തകർ, മറ്റു പോഷക സംഘടനകളുടെ പ്രവർത്തകരും ഭാരവാഹികളും സംഗമത്തിൽ പങ്കെടുത്തു.

English Summary:

Opposition leader VD Satheesan has accused the Kerala CM, RSS, and ADGP of conspiring to disrupt Thrissur Pooram. He alleges a last-minute change in the festival blueprint and heavy police intervention. Satheesan inaugurated a protest meet, questioning the CM's silence on the matter.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com