ജീവനെടുത്ത് ബസിന്റെ അമിതവേഗം; ഇറ്റലിയിൽ നഴ്സായ നിജോ നാട്ടിലെത്തിയത് വീടുനിർമാണത്തിന്
Mail This Article
ഇരിങ്ങാലക്കുട ∙ അമിതവേഗത്തിലെത്തിയ ബസ് കാറിലിടിച്ചു കാർ യാത്രികൻ മരിച്ചു. തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി നിജോ (51) ആണ് മരിച്ചത്. കരുവന്നൂർ ചെറിയ പാലത്തിൽ ഇന്നലെ രാവിലെ 10ന് ആണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നു വന്നിരുന്ന ദേവമാതാ ബസ് മുൻപിൽ പോയ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് എതിർദിശയിൽ മറ്റൊരു ഓട്ടോ ടാക്സിയെ മറികടന്നെത്തിയ കാറിൽ ഇടിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ കുടുങ്ങിയ കാർ അഞ്ച് മീറ്ററോളം മുൻപിലേക്ക് വലിച്ചു നീക്കിയാണ് ബസ് നിന്നത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണു നിജോയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തും മുൻപേ നിജോ മരിച്ചിരുന്നു. അപകടം നടന്ന ചെറിയ പാലത്തിൽ നിന്ന് ഏകദേശം ഇരുപത് മീറ്റർ അപ്പുറത്തുള്ള സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കാനുള്ള ബസാണ് അമിത വേഗത്തിൽ എത്തി അപകടം ഉണ്ടാക്കിയതെന്നു നാട്ടുകാർ പറഞ്ഞു.
രക്ഷാ പ്രവർത്തനങ്ങൾക്കിടയിൽ ഡ്രൈവറും കണ്ടക്ടറും കടന്നുകളഞ്ഞു. ജെസിബി ഉപയോഗിച്ച് നാട്ടുകാരുടെ സഹകരണത്തോടെയാണ് വാഹനങ്ങൾ റോഡിന് നടുവിൽ നിന്ന് നീക്കിയത്. ചേർപ്പ് പൊലീസും ഇരിങ്ങാലക്കുട ഫയർഫോഴ്‌സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇറ്റലിയിൽ നഴ്സായ നിജോ വീട് നിർമാണത്തിനായാണ് നാട്ടിൽ എത്തിയത്. വീട് നിർമാണത്തിനുള്ള സാമഗ്രികൾ വാങ്ങി വരുന്നതിനിടെയാണ് അപകടം. ഭാര്യ ജിജിയും മകൻ അമലും ഇറ്റലിയിലാണ്. മകൾ അലീന ബെംഗളൂരുവിൽ പഠിക്കുകയാണ്. നിജോയുടെ സംസ്കാരം പിന്നീട്.
നാട്ടുകാർ ബസ് തടഞ്ഞു
കരുവന്നൂർ∙ തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിത വേഗം നിയന്ത്രിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ ഈ റൂട്ടിലെ സ്വകാര്യ ബസ് സർവീസ് തടഞ്ഞു. ഇതോടെ ചേർപ്പ് പൊലീസ് തൃശൂർ ഭാഗത്ത് നിന്ന് വന്ന ബസുകൾ ആറാട്ടുപുഴ വഴി തിരിച്ചു വിട്ടു. ഇതിനിടെ ഏതാനും ബസ് ജീവനക്കാർ നാട്ടുകാരോട് പ്രകോപനപരമായി പെരുമാറിയത് സംഘർഷത്തിലേക്ക് വഴിവച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ബസ് ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാമെന്നും വരും ദിവസങ്ങളിൽ റൂട്ടിലെ സ്വകാര്യ ബസുകളുടെ വേഗം പരിശോധിച്ചു കർശന നടപടി സ്വീകരിക്കും എന്ന് ചേർപ്പ് എസ്എച്ച്ഒ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.